ബാറ്റുമായൊരു സൂര്യൻ


Sports Desk
Published on Apr 30, 2025, 03:21 AM | 3 min read
ജയ്‌പുർ : പതിനാലാം വയസ്സിൽ നിങ്ങളെന്ത് ചെയ്യുകയായിരുന്നു? വൈഭവ് സൂര്യവംശിയുടെ അവിസ്‌മരണീയ ബാറ്റിങ് പ്രകടനത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം യുവരാജ് സിങ് കുറിച്ച ചോദ്യമായിരുന്നു ഇത്.
‘ഇവിടെ നോക്കൂ, ഈ ബാലൻ ഒരു ലോകോത്തര ബൗളിങ് നിരയെ തച്ചുതകർക്കുകയാണ്. പേടിയുടെ ഒരു നേർത്ത കണികപോലുമില്ലാതെ. വൈഭവ് സൂര്യവംശിയെന്നാണ് അവന്റെ പേര്. ഓർമയിൽ കുറിച്ചോളൂ. ഭയരഹിതമായ ഈ ക്രിക്കറ്റിനെ. അഭിമാനമാണ് പുതുതലമുറയിൽ–-യുവരാജ് തുടർന്നു.
എങ്ങനെയാണ് ഒരു പതിനാലുകാരൻ പന്തിനെ ഈ രീതിയിൽ ബാറ്റുകൊണ്ട് പ്രഹരിക്കുന്നതെന്ന് ലോകം അത്ഭുതപ്പെട്ടു. ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർപോലും വാചാലനായി.
‘വൈഭവിന്റെ ധൈര്യം, ബാറ്റിന്റെ വേഗം, പന്തിന്റെ ലെങ്‌ത് വേഗത്തിൽ കണ്ടുപിടിക്കാനുള്ള മികവ്, പന്ത് അടിച്ചകറ്റുമ്പോൾ ബാറ്റിലേക്ക് പ്രവഹിപ്പിക്കുന്ന കരുത്ത്. ഒരു മനോഹര ഇന്നിങ്‌സിന്റെ രസക്കൂട്ടുകളായിരുന്നു ഇവ സച്ചിൻ പറഞ്ഞു.
ഇടംകൈയിൽ കരുത്ത് നിറച്ച് മനോഹരമായ ഷോട്ടുകൾ തൊടുത്ത വലിയൊരു പാരമ്പര്യത്തിന്റെ പിൻമുറക്കാരനാകുകയാണ് സൂര്യവംശി. ഗാരി സോബേഴ്‌സ്, ബ്രയാൻ ലാറ, വിനോദ് കാംബ്ലി, യുവരാജ് സിങ് എന്നിവർ അവശേഷിപ്പിച്ചുപോയ ആവേശക്കാഴ്‌ചയുടെ തുടർച്ചപോലെയായിരുന്നു ജയ്‌പുരിലെ സവായ് മാൻ സിങ് സ്‌റ്റേഡിയത്തിലെ ബാറ്റിങ് വിരുന്ന്.
ഐപിഎല്ലിൽ പ്രതീക്ഷ നഷ്ടപ്പെട്ട രാജസ്ഥാൻ റോയൽസിന് ഇതുപോലൊരു പ്രകടനം അനിവാര്യമായിരുന്നു. ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 210 റൺ ലക്ഷ്യം പിന്തുടരുക എളുപ്പായിരുന്നില്ല. 694 രാജ്യാന്തര മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള ബൗളിങ് നിരയായിരുന്നു ഗുജറാത്തിന്റേത്. ഇശാന്ത് ശർമ, മുഹമ്മദ് സിറാജ്, റഷീദ് ഖാൻ, പ്രസിദ്ധ് കൃഷ്‌ണ, വാഷിങ്‌ടൺ സുന്ദർ, കരിം ജാനത്, ആർ സായ് കിഷോർ എന്നിവർ ഉൾപ്പെട്ട നിര.
പത്തൊമ്പതാം വയസ്സിൽ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ്ങിനെ വിറപ്പിച്ച ഇശാന്ത്. സൂര്യവംശിയുടെ ജനനത്തിനും മൂന്നുവർഷം മുമ്പായിരുന്നു ആ സംഭവം. ആ ഇശാന്തിനെ സിക്‌സറുകൾകൊണ്ടാണ് പതിനാലുകാരൻ എതിരേറ്റത്. ഇന്ത്യയുടെ മികച്ച പേസർമാരിലൊരാളായ സിറാജിനെയും നിലംതൊടീച്ചില്ല. ഈ തലമുറയിലെ ഏറ്റവും മികച്ച ലെഗ്‌സ്‌പിന്നറായ റഷീദിനെ സൂര്യവംശി സിക്‌സർ പറത്തിയപ്പോൾ 1989ൽ അബ്‌ദുൾ ഖാദിറിനെ നേരിട്ട പതിനാറുകാരൻ സച്ചിൻ ടെൻഡുൽക്കർ പലരുടെയും ഓർമയിൽ തെളിഞ്ഞു. പാകിസ്ഥാൻ വിഖ്യാത സ്‌പിന്നർ ഖാദിറിനെ ഒരോവറിൽ 27 റണ്ണിനാണ് അന്ന് സച്ചിൻ ശിക്ഷിച്ചത്. അന്നത്തെ സച്ചിനേക്കാൾ രണ്ടുവയസ്സ് കുറവാണ് സൂര്യവംശിക്ക്.
രാജസ്ഥാൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡിന് ഈ പ്രകടനത്തിൽ അത്ഭുതമില്ല. മെഗാ താരലേലത്തിൽ 1.1 കോടി രൂപയ്‌ക്കാണ് ബിഹാറുകാരനെ രാജസ്ഥാൻ സ്വന്തമാക്കിയത്. റാത്തോഡിന്റെ നിരീക്ഷണത്തിലായിരുന്നു ഈ ബാലൻ. ‘കഴിഞ്ഞ കുറെ മാസങ്ങളായി ഞങ്ങൾ അവനെ നിരീക്ഷിക്കുന്നുണ്ട്. എന്താണ് കഴിവെന്നും ഏത് തരത്തിലുള്ള ഷോട്ടുകൾ കളിക്കുമെന്നും മനസ്സിലാക്കി. ഇത്രയും ആളുകൾക്ക് മുന്നിൽ, കൂറ്റൻ ലക്ഷ്യത്തെ ഭയക്കാതെ നടത്തിയ ഈ പ്രകടനം വാക്കുകൾക്ക് അപ്പുറത്താണ്. കരുത്തുറ്റ ബൗളിങ് നിരയെ നേരിട്ടാണ് ഈ പ്രകടനമെന്നതും സന്തോഷം നൽകുന്നു –- റാത്തോഡ് പറഞ്ഞു.
നാലാംവയസ്സിലാണ് കളി തുടങ്ങിയത്. 2011ൽ ബിഹാറിലെ തജ്‌പുരിലാണ് ജനനം. മകന്റെ ക്രിക്കറ്റ് പ്രേമം തിരിച്ചറിഞ്ഞ അച്ഛൻ സഞ്‌ജീവ് പ്രോത്സാഹിപ്പിച്ചു. വീട്ടുമുറ്റത്ത് കളമൊരുക്കി പരിശീലനം ആരംഭിച്ചു. ഒമ്പതാംവയസ്സിൽ അക്കാദമിയിലെത്തിയശേഷം തിരിഞ്ഞുനോക്കിയില്ല. ഈ സീസണിൽ രഞ്‌ജി കളിച്ചു. ഇന്ത്യയുടെ അണ്ടർ 19 ടീമിലും മിന്നിയതോടെ വൈഭവിന്റെ ബാറ്റ് തെളിഞ്ഞു.
‘ആദ്യ പന്തിൽ സിക്‌സർ സാധാരണ കാര്യം’
നേരിട്ട ആദ്യപന്തിൽ സിക്‌സർ അടിക്കുന്നത് സ്വാഭാവിക കാര്യമാണെന്ന് രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തിൽ 101 റണ്ണുമായി രാജസ്ഥാന് ജയമൊരുക്കിയശേഷമായിരുന്നു പതിനാലുകാരന്റെ പ്രതികരണം.
‘എന്നെ സംബന്ധിച്ചിടത്തോളം നേരിടുന്ന ആദ്യ പന്തിൽതന്നെ സിക്‌സർ പറത്തുകയെന്നത് സാധാരണ കാര്യമാണ്. ഇന്ത്യക്കായി അണ്ടർ 19 ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും ആദ്യ പന്തിൽ സിക്‌സർ നേടിയിട്ടുണ്ട്. ആദ്യ പത്ത് പന്ത് നേരിടുമ്പോൾ ഒരു തരത്തിലുള്ള സമ്മർദവും അനുഭവപ്പെടാറില്ല. എന്റെ പരിധിയിൽ പന്തെത്തിയാൽ അതിനെ അടിച്ചകറ്റുക എന്നത് മാത്രമായിരിക്കും മനസ്സിൽ. ആദ്യ കളിയെന്നോ എറിയുന്ന ബൗളർ ആരെന്നോ നോക്കാറില്ല. ഞാൻ എന്റെ കളി കളിക്കുന്നു–- സൂര്യവംശി വ്യക്തമാക്കി. അച്ഛൻ സഞ്‌ജീവിനും അമ്മ ആരതിക്കുമാണ് സൂര്യവംശി സെഞ്ചുറി സമർപ്പിച്ചത്.
റെക്കോഡ് വൈഭവം
ഐപിഎല്ലിലെ അതിവേഗ സെഞ്ചുറികൾ
ക്രിസ് ഗെയ്‌ൽ –- 30 പന്ത് (2013)
വൈഭവ് സൂര്യവംശി –- 35 പന്ത് (2025)
യൂസഫ് പഠാൻ –- 37 പന്ത് (2010)
ഡേവിഡ് മില്ലർ–- 38 പന്ത് (2013)
റെക്കൊഡുകൾ
ട്വന്റി20യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (14 വർഷവും 32 ദിവസവും)
ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചുറി
ഐപിഎല്ലിൽ ഒരു മത്സരത്തിൽ കൂടുതൽ സിക്‌സർ പറത്തിയ ഇന്ത്യൻ താരം (11 സിക്‌സർ, മുരളി വിജയിയുടെ റെക്കോഡിനൊപ്പം)









0 comments