ad
Deshabhimani

വൈഭവ് സൂര്യവംശിക്ക് തുടക്കം നിരാശ; ഋതുരാജിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യ 'എ' ടീമിന് ഭേദപ്പെട്ട സ്കോർ

vaibhav

Photo Credit: Social Media

വെബ് ഡെസ്ക്

Published on Jun 09, 2026, 02:04 PM | 2 min read

ദാംബുള്ള: ശ്രീലങ്കയിൽ ആരംഭിച്ച ഇന്ത്യ ,ശ്രീലങ്ക ,അഫ്ഗാനിസ്ഥാൻ എ ടീമുകൾ തമ്മിലുള്ള ത്രിരാഷ്ട്ര 'എ' ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീമിന് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു.


ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ഉജ്ജ്വല സെഞ്ചുറിയും ക്യാപ്റ്റൻ തിലക് വർമയുടെ അർധസെഞ്ചുറിയുമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. വലിയ പ്രതീക്ഷകളോടെ ഓപ്പണറായി ഇറങ്ങിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശി കുറഞ്ഞ സ്കോറിന് പുറത്തായത് ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കത്തിൽ കനത്ത തിരിച്ചടിയായി.


മത്സരത്തിൽ കനത്ത നിരാശയോടെയായിരുന്നു വൈഭവ് സൂര്യവംശിയുടെ തുടക്കം. ലങ്കൻ മണ്ണിലെ സ്ലോ പിച്ചിൽ 50 ഓവർ ഫോർമാറ്റിലേക്ക് മാറുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ അടിവരയിടുന്നതായിരുന്നു ദാംബുള്ളയിൽ കണ്ട സൂര്യവംശിയുടെ ബാറ്റിങ്.


തുടക്കത്തിൽ മൂന്ന് ബൗണ്ടറികളുമായി തകർപ്പൻ ഫോമിലാണെന്ന സൂചന നൽകിയെങ്കിലും വെറും 14 റൺസ് മാത്രമെടുത്ത് ഈ ഇടംകയ്യൻ ഓപ്പണർ ക്രീസ് വിട്ടു. ലങ്കൻ പേസർ മുഹമ്മദ് ഷിറാസ് എറിഞ്ഞ നാലാം ഓവറിലെ ഫുള്ളർ ഡെലിവറി തല്ലിയകറ്റാനുള്ള സൂര്യവംശിയുടെ ശ്രമം പാളിയതാണ് വിക്കറ്റ് നഷ്ടത്തിന് കാരണമായത്.


ഷോട്ടിൽ ടൈമിങ് പിഴയ്ക്കുകയും ബാറ്റ് കൈകളിൽ നിന്ന് തിരിയുകയും ചെയ്തതോടെ മിഡ്-ഓഫിൽ ഫീൽഡറുടെ തകർപ്പൻ ഡൈവിങ് ക്യാച്ചിൽ താരം പുറത്താവുകയായിരുന്നു.


സൂര്യവംശിക്കൊപ്പം മറ്റൊരു ഓപ്പണറായ പ്രഭ്സിമ്രാൻ സിങ്ങും (2) പെട്ടെന്ന് പുറത്തായതോടെ ഇന്ത്യ 16 റൺസിന് 2 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്നു. പിന്നാലെ മികച്ച രീതിയിൽ ബാറ്റ് വീശിയ പ്രിയാൻഷ് ആര്യ (32) റണ്ണൗട്ടായതോടെ ഇന്ത്യ 69 റൺസിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് വീണു.


പവർപ്ലേ ഓവറുകളിൽ അനാവശ്യമായി അക്രമണത്തിന് മുതിർന്ന് വിക്കറ്റ് വലിച്ചെറിയുന്ന ശൈലി വലിയ ഇന്നിങ്സുകൾ കെട്ടിപ്പടുക്കുന്നതിന് തുടക്കത്തിൽ ഇന്ത്യൻ യുവനിരയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്.


എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ഋതുരാജ് ഗെയ്‌ക്‌വാദും തിലക് വർമയും ചേർന്ന് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായി മാറി. 114 പന്തിൽ നിന്ന് 10 ഫോറും 4 സിക്സറുമടക്കം 101 റൺസ് നേടിയ ഗെയ്‌ക്‌വാദ് സെഞ്ച്വറി തികച്ചതിന് പിന്നാലെ വനുജ സഹാന്റെ പന്തിൽ പുറത്തായി.


ഋതുരാജിന് മികച്ച പിന്തുണ നൽകിയ ക്യാപ്റ്റൻ തിലക് വർമ 97 പന്തിൽ 60 റൺസെടുത്തു. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ പടുത്തുയർത്തിയ 150 റൺസിന്റെ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് ഇന്ത്യയെ ശക്തമായി തിരികെ കൊണ്ടുവന്നത്.


അവസാന ഓവറുകളിൽ ആയുഷ് ബദോനി (18 പന്തിൽ 24), സൂര്യൻഷ് ഷെഡ്ഗെ (14 പന്തിൽ 26*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ സ്കോർ 277-ൽ എത്തിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി മുഹമ്മദ് ഷിറാസ് 9 ഓവറിൽ 67 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ചാമിക കരുണരത്നെ, ഗരുക സങ്കേത്, വനുജ സഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home