അടിയുടെ പൊടിപൂരത്തിന് ഇനി 45 നാൾ; ദിവസം രണ്ട് മത്സരങ്ങൾ, പ്രവേശനം സൗജന്യം

File Image: KCL 2024
തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് എന്ന അടിയുടെ പൊടിപൂരത്തിന് ഇനി 45 നാൾ മാത്രം. ആഗസ്ത് 21 ന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ രണ്ടാം സീസൺ. ഓരോ ദിവസവും രണ്ട് മത്സരം വീതം ഉണ്ടായിരിക്കും. ഒന്ന് പകൽ 2.30നും മറ്റൊന്ന് വൈകിട്ട് 6.45നും. എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യം. തിരക്ക് നിയന്ത്രിക്കാൻ സൗജന്യ കൂപ്പണുകൾ ഓൺലൈനായി വിതരണം ചെയ്യും.
കേരള ക്രിക്കറ്റ് അസോസിയേഷ(കെസിഎ) ന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാത്തിൽ ശനിയാഴ്ച നടന്ന താരലേലത്തിലും ആവേശം പ്രകടമായിരുന്നു. ഗ്രീൻഫീൽഡിൽ പുതുതായി സ്ഥാപിച്ച എൽഇഡി ഫ്‌ളഡ്‌ലൈറ്റുകൾക്ക് കീഴിലാണ് ലീഗ് മത്സരങ്ങൾ. ഈ സീസണിൽ കേരള ടൂറിസവുമായി സഹകരിച്ച് ക്രിക്കറ്റ് ടൂറിസം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാനും കെസിഎ ആലോചിക്കുന്നതായി സെക്രട്ടറി വിനോദ് എസ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി ഓണാഘോഷത്തോട് അനുബന്ധിച്ചും കെസിഎ ടൂറിസം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും. ലീഗിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്യാമ്പയിനുകളും സംഘടിപ്പിക്കും. എല്ലാ ഗെയിമുകളും സ്റ്റാർ സ്പോർട്സ് 3ലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം സംപ്രേഷണം ചെയ്യും. സീസൺ 1ൽ ലീഗ് എഴുന്നൂറിലധികം പേർക്ക് പ്രത്യക്ഷമായും 2,500 പേർക്ക് പരോക്ഷമായും തൊഴിൽ നൽകിയിരുന്നു.
സപ്പോർട്ട് സ്റ്റാഫുകളിൽ 40 ശതമാനവും സ്ത്രീകളായിരുന്നു. ഈ വർഷം, സ്റ്റേഡിയത്തിനുള്ളിൽ ഫുഡ് കോർട്ടുകൾക്കായി കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തി.
0 comments