ചെന്നൈ, രാജസ്ഥാൻ, ഹൈദരാബാദ് പുറത്ത്
നാലിൽ ഏഴിലാര് ; ഐപിഎൽ പ്ലേഓഫിന് ഏഴ് ടീമുകൾ

മുംബൈ
ഐപിഎൽ ക്രിക്കറ്റ് സീസൺ അവസാനഘട്ടത്തോട് അടുക്കുന്നു. 57 മത്സരങ്ങൾ പൂർത്തിയായെങ്കിലും ഒറ്റ ടീമും പ്ലേഓഫിലെത്തിയിട്ടില്ല. നാല് ടീമുകൾക്കാണ് അവസരം. 13 മത്സരങ്ങൾ ബാക്കിയുണ്ട്. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾ പുറത്തായി. അവശേഷിക്കുന്നത് ഏഴ് ടീമുകൾ.
ഗുജറാത്ത് ടൈറ്റൻസ് (16 പോയിന്റ‍്)
ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായ ടീമിന് 11 കളിയിൽ എട്ടും ജയിച്ച് 16 പോയിന്റുണ്ട്. മൂന്ന് കളി ശേഷിക്കെ പ്ലേഓഫിന്റെ പടിവാതിൽക്കലാണ്. മുന്നേറാൻ ഒറ്റ ജയം മതി. റൺ ശരാശരി 0.793 ആണ്. ഡൽഹി, ലഖ്‌നൗ, ചെന്നൈ ടീമുകളെയാണ് നേരിടാനുള്ളത്.
റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (16)
രജത് പാട്ടീദാർ ക്യാപ്‌റ്റനും വിരാട് കോഹ്‌ലി ഓപ്പണറുമായ ടീം പ്ലേഓഫ് ഉറപ്പിച്ചു. 11 കളിയിൽ എട്ട് ജയത്തോടെ 16 പോയിന്റ്. റൺ നിരക്ക് 0.482. മൂന്ന് കളി ബാക്കിയുണ്ട്. പൊതുവെ ദുർബലരായ ലഖ്‌നൗ, ഹൈദരാബാദ്, കൊൽക്കത്ത ടീമുകളാണ് എതിരാളികൾ. ഇന്ന് ലഖ്‌നൗവിനെ തോൽപ്പിച്ചാൽ ബംഗളൂരു കടക്കും.
പഞ്ചാബ് കിങ്സ് (15)
ശ്രേയസ് അയ്യർ ക്യാപ്‌റ്റനായ പഞ്ചാബ് കിങ്സും അവസാന നാലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിലാണ്. 11 കളിയിൽ ഏഴ് ജയവും 15 പോയിന്റുമുണ്ട്. ഒരു കളി മഴയായതിനാൽ ഫലമില്ലാതെ പോയത് തിരിച്ചടിയായി. റൺനിരക്ക് 0.376. മൂന്ന് കളിയാണുള്ളത്. ഡൽഹി, മുംബൈ, രാജസ്ഥാൻ ടീമുകളിലൊന്നിനെ തോൽപ്പിച്ചാൽ പ്ലേഓഫിലെത്താം.
മുംബൈ ഇന്ത്യൻസ് (14)
അഞ്ചുവട്ടം ചാമ്പ്യൻമാരായ ഹാർദിക്‌പാണ്ഡ്യ നയിക്കുന്ന ടീമിന് 12 കളിയിൽ 14 പോയിന്റുണ്ട്. മികച്ച റൺനിരക്ക് 1.156. പഞ്ചാബിനും ഡൽഹിക്കുമെതിരെയുള്ള കളിയിൽ ജയം അനിവാര്യം.
ഡൽഹി ക്യാപിറ്റൽസ് (13)
11 കളിയിൽ ആറ് ജയത്തോടെ 13 പോയിന്റ്. ഒരു കളി മഴമൂലം ഫലമില്ലാതെയായി. റൺനിരക്ക് 0.362. പഞ്ചാബ്, ഗുജറാത്ത്, മുംബൈ തുടങ്ങിയ വമ്പൻ ടീമുകളെയാണ് നേരിടാനുള്ളത്. മുന്നോട്ടുപോവാൻ ഓരോ കളിയും നിർണായകം.
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (11)
ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ രണ്ട് വിക്കറ്റ് തോൽവി ചാമ്പ്യൻമാരായ കൊൽക്കത്തയുടെ സാധ്യതകളെ തകിടംമറിച്ചു. 12 കളിയിൽ 11 പോയിന്റാണുള്ളത്. റൺനിരക്ക് 0.193. രണ്ട് കളി ബാക്കിയുണ്ട്. ഹൈദരാബാദിനെയും ബംഗളൂരുവിനെയും തോൽപ്പിച്ചാലും പരമാവധി 15 മാത്രം. അതിനാൽ മറ്റ് കളികളെക്കൂടി ആശ്രയിച്ചാവും സാധ്യത.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (10)
ഋഷഭ്‌പന്ത് ക്യാപ്‌റ്റനായ ടീം വലിയ പ്രതിസന്ധിയിലാണ്. 11 കളിയിൽ ആറെണ്ണം തോറ്റതോടെ പ്ലേഓഫ് പ്രതിസന്ധിയിലായി. 10 പോയിന്റാണ് സമ്പാദ്യം. മോശം റൺനിരക്കും തിരിച്ചടിയാണ്. – -0.469 റൺനിരക്കുമായി മുന്നേറുക എളുപ്പമല്ല. മൂന്ന് കളി ബാക്കിയുണ്ട്. ബംഗളൂരു, ഗുജറാത്ത്, ഹൈദരാബാദ് ടീമുകളാണ് എതിരാളികൾ.
0 comments