ഐപിഎൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്ത്

ബംഗളൂരു: ഐപിഎൽ ക്രിക്കറ്റിൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായി. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായുള്ള മത്സരം മഴയെത്തുടർന്ന് ഒറ്റപ്പന്തുപോലും എറിയാതെ ഉപേക്ഷിച്ചതാണ് തിരിച്ചടിയായത്. ഇരുടീമുകൾക്കും ഓരോപോയിന്റ് ലഭിച്ചു. 12 പോയിന്റുള്ള കൊൽക്കത്തയ്‌ക്ക് ഒരു കളിയാണ് ബാക്കിയുള്ളത്. അത് ജയിച്ചാലും 14 പോയിന്റ്. ബംഗളൂരു 17 പോയിന്റുമായി ഒന്നാമതെത്തി. ഇന്ന് പഞ്ചാബോ ഡൽഹിയോ തോറ്റാൽ പ്ലേഓഫിൽ കടക്കും.
ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച വിരാട് കോഹ്‌ലിക്ക് ആദരവുമായി ആരാധകർ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ എത്തിയെങ്കിലും മഴ നിരാശപ്പെടുത്തി. കോഹ്‌ലിയുടെ 18–-ാം നമ്പർ വെള്ള ജേഴ്‌സിയണിഞ്ഞെത്തിയ ആരാധകരുടെ സന്തോഷം നിർത്താതെപെയ്‌ത മഴ തണുപ്പിച്ചു. ഇന്ന് രണ്ട് കളിയുണ്ട്. ജയ്‌പുരിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടും. ഡൽഹിയിൽ ഗുജറാത്ത് ടൈറ്റൻസിന് ഡൽഹി ക്യാപിറ്റൽസാണ് എതിരാളി. രാജസ്ഥാൻ പ്ലേഓഫ് കാണാതെ പുറത്തായ ടീമാണ്. ജയിച്ചാൽ പഞ്ചാബിന് മുന്നേറാം. ഗുജറാത്തിന് ജയം പ്ലേഓഫിന് വഴിയൊരുക്കും. ഡൽഹിക്ക് തോറ്റാൽ മുന്നോട്ടുള്ള പ്രയാണം തടസ്സമാവും.
പഞ്ചാബ് കിങ്സ് പ്ലേഓഫ് പ്രതീക്ഷിക്കുന്നു. 11 കളിയിൽ ഏഴ് ജയവും 15 പോയിന്റുമുണ്ട്. അവസാന അഞ്ച് കളിയിൽ മൂന്ന് ജയം, ഒരു തോൽവി. ധരംശാലയിൽ നടന്ന അവസാന മത്സരം അതിർത്തി സംഘർഷത്തെ തുടർന്ന് നിർത്തിയിരുന്നു. 24ന് ഡൽഹിയെയും 26ന് മുംബൈയെയും നേരിടാനുണ്ട്. ദയനീയ പ്രകടനം നടത്തുന്ന രാജസ്ഥാൻ അവസാന രണ്ട് മത്സരം ജയിച്ച് മാനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അവസാന അഞ്ച് കളിയിൽ നാലും തോറ്റു. ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ പരിക്കുമാറി തിരിച്ചുവരുന്നതാണ് ഏക ആശ്വാസം. സീസൺ തുടങ്ങുമ്പോൾ സ്വാധീനതാരമായി ഇറങ്ങിയ സഞ്‌ജു പിന്നീട് വാരിയെല്ലിന് പരിക്കേറ്റ് പിൻമാറുകയായിരുന്നു. ഏഴ് കളിയിൽ 224 റണ്ണാണ് സമ്പാദ്യം.
ശുഭ്‌മാൻ ഗിൽ ക്യാപ്‌റ്റനായ ഗുജറാത്ത് ടീം അവസാന നാലിൽ എത്തുമെന്നുറപ്പിച്ചതാണ്. 11 കളിയിൽ എട്ടും ജയിച്ച് 16 പോയിന്റുമായി കുതിക്കുന്നു. മൂന്ന് കളിയുണ്ടെങ്കിലും പ്ലേഓഫിന് ഒറ്റ ജയം മതി. റണ്ണടിയിൽ മുന്നിലുള്ള അഞ്ച് പേരിൽ മൂന്നും ഗുജറാത്ത് ബാറ്റർമാരാണ്. സായ്‌സുദർശൻ (509), ശുഭ്‌മാൻ ഗിൽ (508), ജോസ് ബട്‌ലർ (500) എന്നിവർ മികച്ച ഫോമിലാണ്. 22ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെയും 25ന് ചെന്നൈ സൂപ്പർ കിങ്സിനെയും നേരിടും.
ഡൽഹി ക്യാപിറ്റൽസിന് ഇനിയൊരു തോൽവി താങ്ങാനാവില്ല. 11 കളിയിൽ ആറ് ജയത്തോടെ 13 പോയിന്റാണുള്ളത്. പേസർ മിച്ചെൽ സ്‌റ്റാർക്കില്ലാത്തത് തിരിച്ചടിയാണ്. പകരക്കാരനായി ബംഗ്ലാദേശ് താരം മുസ്‌തഫിസുർ റഹ്‌മാനെത്തിയിട്ടുണ്ട്. കെ എൽ രാഹുലിന്റെ ബാറ്റിലാണ് പ്രതീക്ഷ. 21ന് മുംബൈയെയും 24ന് പഞ്ചാബിനെയും നേരിടാനുണ്ട്.
0 comments