മണ്ണിൽ നക്ഷത്രങ്ങൾ

കൊൽക്കത്ത : ഫോറും സിക്‌സറും നിറച്ച പേടകവുമായി താരങ്ങൾ ഇന്നുമുതൽ മൈതാനത്തിറങ്ങുന്നു. രണ്ടു മാസം നീളുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്റെ 18–-ാംസീസണാണ്. കളിയും പണവും കച്ചവടവും പൊടിപൊടിക്കുന്ന ഐപിഎൽ ആഘോഷമാണ്. ഉദ്‌ഘാടന മത്സരത്തിൽ രാത്രി ഏഴരയ്‌ക്ക് ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. കൊൽക്കത്ത ഈഡൻ ഗാർഡനാണ് വേദി.
വിരാട് കോഹ്‌ലിയുടെ ബംഗളൂരുവിന് ഇതുവരെയും കപ്പ് നേടാനായിട്ടില്ല. 2009, 2011, 2016 ലും റണ്ണറപ്പായി. ഇക്കുറി രജത് പാടീദറിനെ ക്യാപ്‌റ്റനാക്കിയാണ് വരവ്. കോഹ്‌ലിയാണ് ശ്രദ്ധാകേന്ദ്രം. മുപ്പത്താറുകാരൻ കിരീടം ആഗ്രഹിക്കുന്നുണ്ട്. ലിയാം ലിവിങ്‌സ്‌റ്റൺ, ക്രുണാൾ പാണ്ഡ്യ, ജേക്കബ് ബെതെൽ തുടങ്ങിയവരാണ് പ്രമുഖർ. ഫിൽ സാൾട്ട്, ജിതേഷ് ശർമ, ടിം ഡേവിഡ് എന്നിവരുമുണ്ട്. ഭുവനേശ്വർ കുമാറും ജോഷ് ഹാസെൽവുഡും നയിക്കുന്ന പേസ് നിര പ്രതീക്ഷ നൽകുന്നതാണ്.
കൊൽക്കത്ത നിലവിലെ ചാമ്പ്യൻമാരാണ്. അജിൻക്യ രഹാനെയെ ക്യാപ്‌റ്റനാക്കിയാണ് വരവ്. ദക്ഷിണാഫ്രിക്കക്കാരൻ ക്വിന്റൺ ഡി കോക്ക്, റഹ്‌മാനുള്ള ഗുർബാസ്, മൊയീൻ അലി, റോവ്‌മാൻ പവൽ എന്നിവരുണ്ട്. വെസ്‌റ്റിൻഡീസ് താരങ്ങളായ ആന്ദ്രേ റസെൽ, സുനിൽ നരെയ്‌ൻ എന്നിവരുടെ പ്രകടനങ്ങൾ നിർണായകമാകും. വെങ്കടേഷ് അയ്യർ, സ്‌പിന്നർ വരുൺ ചക്രവർത്തി, പേസർ ഹർഷിത് റാണ, റിങ്കു സിങ് എന്നിവരും സീസണിൽ കൊൽക്കത്തയ്‌ക്ക് കരുത്തേകും.
സാധ്യതാ ടീം കൊൽക്കത്ത: നരെയ്‌ൻ, ഡി കോക്ക്, രഹാനെ, അങ്ക്‌കൃഷ് രഘുവൻഷി, വെങ്കടേഷ് അയ്യർ, റിങ്കു, റസെൽ, രമൺദീപ് സിങ്, ഹർഷിത്, സ്‌പെൻസർ ജോൺസൺ/ നോർത്യെ, വരുൺ ചക്രവർത്തി, വൈഭവ് അറോറ.
സാധ്യതാ ടീം ബംഗളൂരു: വിരാട് കോഹ്‌ലി, പടിദാർ, ലിവിങ്‌സ്‌റ്റൺ, ജിതേഷ് ശർമ, ബെതൽ/ ടിം ഡേവിഡ്, ക്രുണാൾ പാണ്ഡ്യ, ഭുവനേശ്വർ, യാഷ് ദയാൽ, ഹാസെൽവുഡ്, സുയാഷ് ശർമ, റാസിക് സലാം/ദേവ്‌ദത്ത് പടിക്കൽ.
10 ടീമുകൾ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്.
സമ്മാനത്തുക 20 കോടി
ജേതാക്കൾക്ക് സമ്മാനമായി ട്രോഫിക്കൊപ്പം 20 കോടി ലഭിക്കും. റണ്ണറപ്പിന് 12.5 കോടിയാണ്. മികച്ച ബാറ്റർ, ബൗളർ എന്നിവർക്ക് 15 ലക്ഷം രൂപ വീതമാണ്.
സഞ്‌ജുവിനൊപ്പം മൂന്ന് മലയാളികൾ
സഞ്‌ജു സാംസണെ കൂടാതെ മൂന്ന് മലയാളികൾകൂടി ഇത്തവണ ഐപിഎൽ ടീമുകളിലുണ്ട്. സഞ്‌ജു തുടർച്ചയായി അഞ്ചാംതവണ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്‌റ്റനാകുന്നു. കേരളത്തിന്റെ രഞ്‌ജിട്രോഫി ക്യാപ്‌റ്റൻ സച്ചിൻ ബേബി സൺറൈസേഴസ് ഹൈദരാബാദിന്റെ കളിക്കാരനാണ്.
വിക്കറ്റ്‌കീപ്പർ ബാറ്ററായ വിഷ്‌ണു വിനോദ് പഞ്ചാബ് കിങ്സിനായി കളിക്കും. മുംബൈ ഇന്ത്യൻസിൽ വിഘ്‌നേഷ് പുത്തൂരിന്റെ പ്രവേശനം അപ്രതീക്ഷിതമായിരുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഇടംകൈയൻ ലെഗ് സ്‌പിന്നറാണ്. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനമാണ് വഴിത്തിരിവായത്.
പണപ്പന്ത്
ഈ സീസണിൽ ഋഷഭ് പന്താണ് വില പിടിപ്പുള്ള താരം. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടിക്കാണ് ഈ വിക്കറ്റ് കീപ്പറെ സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സ് ശ്രേയസ് അയ്യർക്കായി 26.75 കോടി മുടക്കി. വിദേശതാരങ്ങളിൽ ജോസ് ബട്‌ലർക്കാണ് കൂടുതൽ തുക. ഗുജറാത്ത് 15.75 കോടി രൂപ ചെലവിട്ടു. മഹേന്ദ്ര സിങ് ധോണി 43–-ാംവയസ്സിലും ചെന്നൈ സൂപ്പർ കിങ്‌സിനായി കളിക്കാനിറങ്ങും. ഇതുവരെ 264 മത്സരങ്ങൾ പൂർത്തിയാക്കിയത് റെക്കോഡാണ്.
കൊച്ചിയിലും പാലക്കാട്ടും ഫാൻപാർക്കുകൾ
ഐപിഎൽ ആവേശത്തിന് കേരളവും. മത്സരങ്ങൾക്ക് വേദിയാകുന്നില്ലെങ്കിലും ഇത്തവണ ഫാൻപാർക്കുകൾ കൊച്ചിയിലും പാലക്കാടുമുണ്ട്. മത്സരം വലിയ സ്‌ക്രീനിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ് ഫാൻപാർക്കുകൾ. ഡിജെ, ഭക്ഷണശാലകൾ, കുട്ടികൾക്ക് കളിക്കാനിടം, ഫോട്ടോ സ്‌പോട്ട് തുടങ്ങിയവയുണ്ടാകും. ഇന്നും നാളെയും കൊച്ചി കലൂർ സ്‌റ്റേഡിയത്തിനുസമീപമാണ് ഐപിഎൽ ഫാൻപാർക്ക്. പാലക്കാട്ട് 29നും 30നുമാണ്.
0 comments