print edition കണ്ണുകൾ രോ–കോയിൽ ; ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിന ക്രിക്കറ്റ് ഇന്ന് റായ്പുരിൽ

രോഹിത് ശർമയും (ഇടത്ത്) വിരാട് കോഹ്--ലിയും ആദ്യ ഏകദിന മത്സരത്തിനിടയിൽ
റായ്‌പുർ
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഛത്തീസ്‌ഗഢിലെ റായ്‌പുർ സ്‌റ്റേഡിയത്തിലാണ് രണ്ടാമത്തെ മത്സരം. പകൽ 1.30ന് കളി തുടങ്ങും. മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലാണ്. ആദ്യ കളി 17 റണ്ണിനാണ് ജയിച്ചത്.
വിരാട് കോഹ്‌ലിയും രോഹിത് ശർമയും ഏകദിനത്തിൽ തുടരുന്നത് സംബന്ധിച്ച ചർച്ചകൾക്കിടെയാണ് പരമ്പര. 2027ൽ ലോകകപ്പ് കളിക്കാൻ ഇരുവരും ആഗ്രഹിക്കുന്നു. എന്നാൽ കോച്ച് ഗൗതം ഗംഭീറും മുതിർന്ന കളിക്കാരും തമ്മിലുള്ള ബന്ധം ഉൗഷ്‌മളമല്ലെന്ന തരത്തിലുള്ള അഭ്യൂഹം പ്രചരിക്കുന്നു. ബിസിസിഐ ഇടപെട്ട് ചർച്ച നടത്തുമെന്നും വാർത്തകളുണ്ട്. ഒന്നാം ഏകദിനത്തിൽ ഇരുവരുടെയും പ്രകടനം വിമർശകരെ നിശബ്‌ദരാക്കുന്നതായിരുന്നു. 52–ാം സെഞ്ചുറി നേടിയ കോഹ്‌ലി 120 പന്തിൽ 135 റണ്ണടിച്ചു. സിക്‌സറിൽ ലോക റെക്കോഡിട്ട രോഹിത് 51 പന്തിൽ 57 റണ്ണെടുത്തു. രോ–കോ സഖ്യമായിരിക്കും ഇന്നും ശ്രദ്ധാകേന്ദ്രം.
ടെസ്‌റ്റ് പരമ്പര നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ ഉൗർജം. 681 റൺ പിറന്ന ആദ്യ കളിയിൽ പൊരുതിയാണ് കീഴടങ്ങിയത്. അഞ്ചാം ഓവറിൽ 11 റണ്ണിന് മൂന്ന് വിക്കറ്റ് നഷ്‌ടപ്പെട്ട ആഫ്രിക്ക 22–ാം ഓവറിൽ സ്‌കോർ 130/5 ആയിരുന്നു. മാത്യു ബ്രീറ്റ്‌സ്‌കി(72), മാർകോ യാൻസെൺ(70), കോർബിൻ ബോഷ്(67) എന്നിവർ പൊരുതിക്കയറിയപ്പോൾ ഇന്ത്യ വിറച്ചു. പ്രസിദ്ധ്‌കൃഷ്‌ണ എറിഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 18 റൺ വേണ്ടിയിരുന്നു. ബോഷ് ക്രീസിലുള്ളത് പ്രതീക്ഷ നൽകി. എന്നാൽ രണ്ടാമത്തെ പന്ത് രോഹിതിന്റെ കൈയിലെത്തിച്ച് പ്രസിദ്ധ് ജയമൊരുക്കി.
സ്‌പിന്നർ കുൽദീപ് യാദവ് നാല് വിക്കറ്റുമായി തിളങ്ങിയതും ഹർഷിദ് റാണ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയതും ഇന്ത്യക്ക് നേട്ടമായി. ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകാനിടയില്ല. തുടർച്ചയായി 19 തവണയാണ് ടോസ് നഷ്‌ടപ്പെട്ടത്. റായ്‌പുരിലെ പിച്ച് പേസ് ബൗളർമാരെ തുണക്കുമെന്നാണ് കരുതുന്നത്. 2023ൽ നടന്ന ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡ് 108 റണ്ണിന് പുറത്തായ ചരിത്രമുണ്ട്.
ആദ്യ ഏകദിനത്തിൽ കളിക്കാതിരുന്ന ക്യാപ്‌റ്റൻ ടെംബ ബവുമയും സ്‌പിന്നർ കേശവ് മഹാരാജും ആഫ്രിക്കൻ ടീമിൽ തിരിച്ചെത്താണ് സാധ്യത.









0 comments