സൂര്യവംശി വിസ്‌മയിപ്പിക്കുന്നു; വീണ്ടും റെക്കോഡ് നേട്ടം

ഓവൽ: വൈഭവ് സൂര്യവംശി വിസ്‌മയിപ്പിക്കുന്നു. യൂത്ത് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി പതിനാലുകാരൻ പേരിലാക്കി. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യൻ അണ്ടർ 19നായി 52 പന്തിലാണ് ഇടംകൈയൻ മൂന്നക്കം കണ്ടത്. പാകിസ്ഥാന്റെ കമ്രാം ഗുലാമിന്റെ 53 പന്തിലുള്ള റെക്കോഡ് തിരുത്തി. കളിയിലാകെ 78 പന്തിൽ പത്ത് സിക്‌സറും 13 ഫോറും ഉൾപ്പെടെ 143 റണ്ണാണ് വൈഭവ് അടിച്ചെടുത്തത്.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി 35 പന്തിൽ സെഞ്ചുറി നേടി അമ്പരപ്പിച്ചിരുന്നു ബിഹാറുകാരൻ. ഇംഗ്ലണ്ടിനെതിരായ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 363 റണ്ണടിച്ചു. വിഹാൻ മൽഹോത്രയും (129) സെഞ്ചുറി കണ്ടെത്തി. അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 2–-1ന് മുന്നിലാണ്. ടൂർണമെന്റിൽ നാല് കളിയിൽ 322 റണ്ണാണ് വൈഭവ് നേടിയത്.
0 comments