ബുമ്രയ്ക്കും സിറാജിനും നാല് വിക്കറ്റ്: ഓസീസ് 337ന് പുറത്ത്, ലീഡ് 157

അഡ്‍ലെയ്ഡ്> ബോർഡർ- ഗാവസ്‌കർ ട്രോഫി പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസീസിന് 157 റൺസ് ലീഡ്. ഒന്നിന് 86 എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഓസ്ട്രേലിയ 337 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിന്റെ (137 പന്തിൽ 130) പ്രകടനത്തിലാണ് ഓസീസിന് കരുത്തായത്. നാല് വിക്കറ്റുകളുമായി തിളങ്ങിയ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജുമാണ് ഓസീസ് മുന്നേറ്റം തടഞ്ഞത്.
രണ്ടാം ദിനം തുടക്കത്തിൽ തന്നെ നതാൻ മക്‌സ്വീനി (39), സ്‌റ്റീവൻ സ്‌മിത്ത് (2)എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് നഷ്ടമായി. ജസ്പ്രീത് ബുമ്രയുടെ പന്തിലാണു ഇരുവരും പുറത്തായത്. അർധസെഞ്ചുറിയുമായി മുന്നേറിയ മാർണസ് ലബുഷെയ്‌നെ (64) നിതീഷ് കുമാർ റെഡ്ഡിക്ക് മുന്നിൽ കീഴടങ്ങി. മിച്ചെൽ മാർഷിന്റെ (9) വിക്കറ്റ് അശ്വൻ നേടി. ഓസിട്രേലിയൻ സ്കോർ ഉയർത്തിയ അലെക്‌സ് കാരിയുടെയും (15) ട്രാവിസ് ഹെഡിന്റെയും (130) വിക്കറ്റ് നേടി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. ഡിന്നറിന് പിരിയുന്ന അവസാന ബോളിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ (12) ബുമ്ര പുറത്താക്കി. തുടർന്ന് മിച്ചെൽ സ്‌റ്റാർകും (18) സ്‌കോട് ബോളൻഡും (0) സിറാജിന് വിക്കറ്റ് നൽകി മടങ്ങി.
പിങ്ക് പന്തിൽ മിച്ചെൽ സ്‌റ്റാർക് നിറഞ്ഞാടിയപ്പോൾ അഡ്‌ലെയ്‌ഡിലെ ആദ്യദിനം ഇന്ത്യ 180ന് കൂടാരം കയറി. ഞെട്ടിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക്. ഇന്നിങ്‌സിലെ ആദ്യപന്തിൽ തന്നെ യശസ്വി ജയ്‌സ്വാൾ പുറത്തായി. കെ എൽ രാഹുലും ശുഭ്‌മാൻ ഗില്ലും ചേർന്നുള്ള സഖ്യം പ്രതീക്ഷ നൽകി. എന്നാൽ 69/1 എന്ന നിലയിൽനിന്ന് 87/5ലേക്ക് ഇന്ത്യ കൂപ്പുകുത്തി. രാഹുലിനെ (37) മടക്കി സ്‌റ്റാർക്കാണ് തകർച്ചയ്‌ക്ക് വഴിയൊരുക്കിയത്. ഗിൽ (31) ബോളണ്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. വിരാട് കോഹ്‌ലി (7) നിരാശപ്പെടുത്തി. സ്‌റ്റാർക്കിന് വിക്കറ്റ്. ഋഷഭ് പന്ത് (21) ക്യാപ്‌റ്റൻ പാറ്റ് കമ്മിൻസിന്റെ ഇരയായി. ആറാംനമ്പറിൽ ഇറങ്ങിയിട്ടും രോഹിത് (3) റൺവരൾച്ച മറികടന്നില്ല.
ആർ അശ്വിനും നിതീഷും ചേർന്നാണ് സ്‌കോർ ഉയർത്തിയത്. 22 പന്തിൽ 22 റണ്ണെടുത്ത അശ്വിനെ തകർപ്പൻ യോർക്കറിൽ കുരുക്കി സ്‌റ്റാർക് വീണ്ടും രംഗത്തെത്തി. തുടർന്ന് നിതീഷിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. 54 പന്തിൽ മൂന്നുവീതം സിക്‌സറും ഫോറുമായിരുന്നു ഓൾ റൗണ്ടറുടെ ഇന്നിങ്‌സിൽ. ഒടുവിൽ നിതീഷിനെ മടക്കി സ്‌റ്റാർക് തന്നെ ഇന്ത്യൻ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.
Related News

0 comments