Deshabhimani

ഇന്ത്യക്ക്‌ 6 വിക്കറ്റ്‌ ജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:21 AM | 0 min read

കാൻബെറ > ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിനുമുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യക്ക്‌ ജയം. പ്രൈം മിനിസ്‌റ്റേഴ്‌സ്‌ ഇലവനെ ആറ്‌ വിക്കറ്റിനാണ്‌ തോൽപ്പിച്ചത്‌. അഡ്‌ലെയ്‌ഡിൽ വെള്ളിയാഴ്‌ച പകൽ രാത്രി ടെസ്‌റ്റാണ്‌ നടക്കുക. പിങ്ക്‌ പന്തിലാണ്‌ കളി. ഈ സാഹചര്യത്തിലാണ്‌ പിങ്ക്‌ പന്തിൽ സന്നാഹം കളിച്ചത്‌. ക്യാപ്‌റ്റൻ രോഹിത്‌ ശർമയും ശുഭ്‌മാൻ ഗില്ലും കളിക്കാനിറങ്ങി.

ദ്വിദിനമത്സരത്തിന്റെ ആദ്യദിനം മഴകാരണം ഒറ്റപ്പന്തുപോലും എറിയാനായില്ല. രണ്ടാംദിനം കളി 43 ഓവറാക്കി ചുരുക്കി. ആദ്യം ബാറ്റ്‌ ചെയ്‌ത പ്രൈം മിനിസ്‌റ്റേഴ്‌സ്‌ ഇലവൻ 240ന്‌ പുറത്തായി. ഓപ്പണർ സാം കോൺസ്‌റ്റാസ്‌ 97 പന്തിൽ 107 റണ്ണെടുത്തു. ഇന്ത്യക്കുവേണ്ടി ഹർഷിത്‌ റാണ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി. ആകാശ്‌ ദീപ്‌ രണ്ട്‌ വിക്കറ്റ്‌ നേടി.

മറുപടിക്കെത്തിയ ഇന്ത്യക്കുവേണ്ടി യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലുമാണ്‌ ഇന്നിങ്‌സ്‌ ആരംഭിച്ചത്‌. ജയ്‌സ്വാൾ 59 പന്തിൽ 45ഉം രാഹുൽ 44 പന്തിൽ 27ഉം റണ്ണെടുത്തു. ഗിൽ 62 പന്തിൽ 50. നാലാമനായെത്തിയ ക്യാപ്‌റ്റൻ രോഹിതിന്‌ 11 പന്തിൽ മൂന്നു റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ. നിതീഷ്‌ കുമാർ റെഡ്ഡി (32 പന്തിൽ 42), വാഷിങ്‌ടൺ സുന്ദർ (36 പന്തിൽ 42), രവീന്ദ്ര ജഡേജ (31 പന്തിൽ 27) എന്നിവർ തിളങ്ങി. സർഫറാസ്‌ ഖാൻ ഒരു റണ്ണെടുത്ത്‌ പുറത്തായി. വിരാട് കോഹ്-ലി ബാറ്റിങ്ങിന് ഇറങ്ങിയില്ല.  46 ഓവറിൽ 257 റണ്ണാണ്‌ ഇന്ത്യ നേടിയത്‌.
അഞ്ച് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലാണ്.



deshabhimani section

Related News

0 comments
Sort by

Home