Deshabhimani

രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെ എറിഞ്ഞിട്ട് കേരളം; ജലജ് സക്‌സേനയ്ക്ക് അഞ്ച് വിക്കറ്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 07:03 PM | 0 min read

തിരുവനന്തപുരം> രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് മേധാവിത്വം. ഒന്നാം ഇന്നിങ്‌സിൽ യുപിയെ 162 റണ്ണിന്‌ പുറത്താക്കി. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് യുപിയെ തകർത്തത്. 16 ഓവറിൽ 56 റൺസ് വഴങ്ങിയാണ് സക്സേന അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

മറുപടിയിൽ ആദ്യദിനം കളി നിർത്തുമ്പോൾ കേരളം രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 82 റണ്ണെന്ന നിലയിലാണ്‌. ബാബ അപരാജിതും (21) ആദിത്യ സാർവതെയുമാണ്‌ (4) ക്രീസിൽ. രോഹൻ കുന്നുമ്മലിന്റെയും വത്സൽ ഗോവിന്ദിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

തിരുവനന്തപുരം തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ മൈതാനത്ത്‌ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കേരളം ഉത്തർ പ്രദേശിനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. കേരളത്തിനായി ബേസിൽ തമ്പി രണ്ടും ആസിഫ് കെ എം, അപരാജിത്, സർവതെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നേടിയതോടെ രഞ്ജി ട്രോഫിയിൽ ആറായിരം റൺസും 400 വിക്കറ്റും നേടുന്ന  ആദ്യതാരമായി ജലജ് സക്‌സേന മാറി. 120 മാച്ചിൽ നിന്നാണ് സക്സേന ഈ അപൂർവ നേട്ടം കൈവരിച്ചത്. രഞ്ജി ട്രോഫിയിൽ മാത്രമായി 13 സെഞ്ചുറിയും 30 അർദ്ധ സെഞ്ച്വറിയും നേടിയ ജലജ് 29 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശുകാരനായ ഓൾറൗണ്ടർ 2016 മുതൽ കേരളത്തിനായാണ്‌ കളിക്കുന്നത്‌. രഞ്ജി ട്രോഫി ചരിത്രത്തിൽ 400 വിക്കറ്റ് തികയ്ക്കുന്ന 13-ാമത്തെ ബൗളറാണ് സക്‌സേന.
 



deshabhimani section

Related News

0 comments
Sort by

Home