റൂട്ടിന്‌ ഡബിൾ; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന്‌ ലീഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 11:31 AM | 0 min read

മുൾട്ടാൻ > പാകിസ്ഥാനെതിരായ ഒന്നാംക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ നാലാം ദിനത്തിൽ ഡബിൾ സെഞ്ച്വറി തികച്ച് ഇംഗ്ലണ്ട് ബാറ്റർ ജോ റൂട്ട്‌. ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച റൺ വേട്ടക്കാരനായതിന്‌ പിന്നാലെയാണ്‌ റൂട്ട്‌ 200 തികച്ചത്‌. 147-ാംമത്സരം കളിക്കുന്ന മുൻ ക്യാപ്‌റ്റന്‌ 12,578+ റണ്ണാണ്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ സമ്പാദ്യം. അലസ്‌റ്റയർ കുക്കിനെയാണ്‌ റൂട്ട്‌ മറികടന്നത്‌.

ടെസ്‌റ്റിലെ 35-ാംസെഞ്ചുറിയും കുറിച്ച്‌ 176 റണ്ണുമായാണ്‌ റൂട്ട്‌ മൂന്നാംദിനം കളിനിർത്തിയത്‌. പാകിസ്ഥാന്റെ 556 റണ്ണിനെതിരെ മൂന്നിന്‌ 492 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്‌ അപ്പോൾ. സെഞ്ചുറിയുമായി ഹാരി ബ്രൂക്കായിരുന്നു (141) റൂട്ടിന്‌ കൂട്ടായി ഉണ്ടായിരുന്നത്‌. നിലവിൽ ഇരുവരും തന്നെയാണ്‌ ക്രീസിൽ. ജോ റൂട്ട്‌ 318 പന്തിൽ നിന്ന്‌ 211 റൺസെടുത്തപ്പോൾ ഹാരി ബ്രുക്ക്‌ 212 പന്തിൽ നിന്ന്‌ 174 റൺസെടുത്തു. സ്‌കോർ- പാകിസ്ഥാൻ: 556/10, ഇംഗ്ലണ്ട്: 560/3. (അപ്‌ഡേറ്റഡ്‌ ടൈം: 11.26 എഎം, ഒക്‌ടോബർ 10)

ഇംഗ്ലണ്ടിലെ റൺവേട്ടക്കാരിൽ ഒന്നാമനായ റൂട്ട്‌ ആകെ റൺവേട്ടക്കാരിൽ നാലാമനാണ്‌. ടെസ്‌റ്റിലെ ആകെ റൺവേട്ടക്കാരിൽ സച്ചിൻ ടെൻഡുൽക്കർക്കാണ്‌ (15,921) ഒന്നാംസ്ഥാനം. റിക്കി പോണ്ടിങ്‌ (13,378), ജാക്വസ്‌ കാലിസ്‌ (13,289), രാഹുൽ ദ്രാവിഡ്‌ (13,288) എന്നിവരാണ്‌ റൂട്ടിന്‌ മുന്നിലുള്ള മറ്റു താരങ്ങൾ.
 



deshabhimani section

Related News

0 comments
Sort by

Home