വൻ വീഴ്‌ച ; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലും അർജന്റീനയും തോറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 11, 2024, 11:34 PM | 0 min read

അസൻകിയോൺ (പരാഗ്വേ)
ലാറ്റിനമേരിക്കയിൽ വമ്പൻമാർക്ക് കാലിടറി. അർജന്റീനയും ബ്രസീലും ഒരേദിനം തോറ്റു. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ പരാഗ്വേ ഒരു ഗോളിന്‌ തീർത്തപ്പോൾ ചാമ്പ്യൻമാരായ അർജന്റീന കൊളംബിയക്ക്‌ മുന്നിൽ വീണു (1–-2). ഉറുഗ്വേയെ വെനസ്വേല പിടിച്ചുകെട്ടി (0–-0). മുൻ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ചിലിയെ ബൊളീവിയ മുക്കി (1–-2). ഇക്വഡോർ പെറുവിനെ ഒരുഗോളിന്‌ തോൽപ്പിച്ചു.

പതിനാറ്‌ വർഷത്തിനുശേഷമാണ്‌ ബ്രസീൽ പരാഗ്വേയോട്‌ തോൽക്കുന്നത്‌. കളിയുടെ ഇരുപതാംമിനിറ്റിൽ ഇന്റർ മയാമി താരം ദ്യേഗോ ഗോമസ്‌ പരാഗ്വേയുടെ വിജയഗോൾ തൊടുത്തു. ആദ്യപകുതിയിൽ ഒരിക്കൽപ്പോലും ബ്രസീലിന്‌ ലക്ഷ്യത്തിലേക്ക്‌ പന്തടിക്കാനായില്ല. റയൽ മാഡ്രിഡ്‌ ത്രയം വിനീഷ്യസ്‌ ജൂനിയർ–-റോഡ്രിഗോ–-എൻഡ്രിക്‌ സഖ്യം മങ്ങി.

യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ അഞ്ച്‌ കളിയിൽ നാലാംതോൽവിയാണ്‌ ഡൊറിവാൾ ജൂനിയറിന്റെ സംഘത്തിന്‌. ഇക്വഡോറിനോട്‌ മാത്രമാണ്‌ ജയിക്കാനായത്‌. അതും പ്രകടനം മെച്ചമായിരുന്നില്ല. എട്ട്‌ കളിയിൽ മൂന്ന്‌ ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ അഞ്ചാമതാണ്‌ ബ്രസീൽ. ആദ്യ ആറ് സ്ഥാനക്കാർക്കാണ്‌ നേരിട്ട്‌ യോഗ്യത.

പത്ത്‌ പോയിന്റുളള വെനസ്വേല ഗോൾ വ്യത്യാസത്തിൽ മാത്രം പിന്നിൽനിൽക്കുന്നു. ഏഴാമതുള്ള പരാഗ്വേയ്‌ക്ക്‌ ഒമ്പത്‌ പോയിന്റാണ്‌. ചിലിയുമായാണ്‌ അടുത്ത കളി. ഒക്‌ടോബർ 11നാണ്‌ മത്സരം. കൊളംബിയയുടെ തട്ടകത്തിൽ അർജന്റീനയ്‌ക്ക്‌ പിടിച്ചുനിൽക്കാനായില്ല. ഹമേഷ്‌ റോഡ്രിഗസിന്റെ പെനൽറ്റി ഗോളിൽ കൊളംബിയ ജയംകുറിച്ചു. അർജന്റീനയ്‌ക്കായി ലയണൽ മെസി കളിച്ചിരുന്നില്ല.

പതിനെട്ട്‌ പോയിന്റുമായി അർജന്റീന ഒന്നാമത്‌ തുടരുകയാണ്‌. ലോകകപ്പിനുശേഷമുള്ള 12 കളിയിൽ രണ്ടാമത്തെ മാത്രം തോൽവി. 16 പോയിന്റുമായി കൊളംബിയ രണ്ടാമതായി. യോഗ്യതാ റൗണ്ടിൽ ഒരു കളിയുംതോറ്റില്ല. നാലുവീതം ജയവും സമനിലയും. യെഴ്‌സൺ മൊസ്‌ക്വേരയുടെ ഗോളിൽ തുടക്കത്തിൽത്തന്നെ കൊളംബിയ മുന്നിലെത്തി. റോഡ്രിഗസ്‌ അവസരമൊരുക്കുകയായിരുന്നു. രണ്ടാംപകുതിയുടെ ആദ്യഘട്ടത്തിൽ നിക്കോളാസ്‌ ഗൊൺസാലസ്‌ അർജന്റീനയ്‌ക്കായി ഒന്നുമടക്കി. പിന്നാലെ റോഡ്രിഗസ്‌ പെനൽറ്റിയിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചു. കോപ അമേരിക്കയിൽ കൊളംബിയയെ തോൽപ്പിച്ചാണ് അർജന്റീന ജേതാക്കളായത്.  വെനസ്വേലയുമായാണ്‌ അർജന്റീനയുടെ അടുത്ത കളി.



deshabhimani section

Related News

0 comments
Sort by

Home