29 October Friday

ഭീഷണിയായി ‘വിദേശി’ മീനുകൾ ; മെയിൻ വില്ലൻ തിലാപിയ

നിമിഷ ജോസഫ്‌Updated: Saturday Sep 25, 2021

തിലാപിയ, സക്കർ ഫിഷ്‌

തിരുവനന്തപുരം> തദ്ദേശീയ മീനുകൾക്ക്‌ ഭീഷണിയായി അധിനിവേശ മത്സ്യങ്ങൾ. കൂട്ടത്തിൽ പ്രധാന വില്ലൻ തിലാപിയ. തെക്കു പടിഞ്ഞാറൻ പശ്ചിമഘട്ടത്തിൽനിന്ന്‌ 32 പുതിയ വിദേശ ജീവവർഗത്തെ കണ്ടെത്തിയ റിപ്പോർട്ടിലാണ്‌ ആശങ്കാജനകമായ വസ്‌തുതകൾ. വിദേശികളായ ഏഴ്‌ മത്സ്യങ്ങളാണ്‌ ‘നാടന്‌’ വെല്ലുവിളി ഉയർത്തുന്നത്‌.

മൊസാംബിക്‌ തിലാപിയ, നൈൽ തിലാപിയ, ഗപ്പി, മൊസ്‌കിറ്റോ ഫിഷ്‌, ആമസോൺ സൈൽഫിൻ ക്യാറ്റ്‌ ഫിഷ്‌ (സക്കർ ഫിഷ്‌), കോമൺ കാർപ്‌, ക്ലാരിയസ്‌ ഗരിയേപിനസ്‌ എന്നിവയാണ് വിദേശ മത്സ്യങ്ങൾ. കൊടും വില്ലൻ സാംബിക്‌ തിലാപിയ (സിലോപ്പി) ആണ്‌. കരിമീനും അവയുടെ മുട്ടയുമാണ്‌ ഇഷ്ട ആഹാരം. മൂന്നുമാസം കൂടുമ്പോഴാണ്‌ ഇവയുടെ പ്രജനനം. സംസ്ഥാനത്ത്‌ മിക്ക ജലാശയങ്ങളിലും ഇതുണ്ട്‌. ഇവയുടെ വർധന കരിമീനുകളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണെന്ന്‌ ഗവേഷകർ പറയുന്നു.

ജലകൃഷി, അക്വേറിയം വ്യവസായം, കൊതുകുനിയന്ത്രണം എന്നിവയ്ക്കായി എത്തിക്കുന്ന സാംബിക്‌ തിലാപിയ ഉൾപ്പെടെയുള്ള അധിനിവേശ മത്സ്യങ്ങൾ ജലാശയങ്ങളിൽ എത്തിയത്‌ പ്രളയം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാലാണ്‌.
മലിനജലത്തിലും ജീവിക്കാൻ കഴിവുള്ള ശ്വസന സംവിധാനമുള്ളതിനാൽ സക്കർ ക്യാറ്റ്‌ ഫിഷുകളുടെ എണ്ണവും സംസ്ഥാനത്ത്‌ വർധിക്കുന്നു. ഡാമുകളിൽ വളർത്തുന്ന കോമൺ കാർപ്‌ വിഭാഗത്തിലെ മീനുകൾ, ആഫ്രിക്കൻ കാറ്റ്‌ഫിഷ്‌ എന്നീ മത്സ്യങ്ങളും തദ്ദേശ മത്സ്യങ്ങളെയും അവയുടെ മുട്ടകളെയും ഭക്ഷിക്കുന്നവയാണ്‌. കൊതുനിയന്ത്രണത്തിനായി വളർത്തുന്ന ഗപ്പി, കൊതുകുവിഴുങ്ങി മത്സ്യം തുടങ്ങിയവയും തദ്ദേശ മത്സ്യങ്ങൾക്ക്‌ ഭീഷണിയാണ്‌. മത്സ്യങ്ങളുടെ വ്യാപനം തടയുകയും കച്ചവടം നിയന്ത്രിക്കുകയുമാണ്‌ പ്രധാന പ്രതിവിധി.

പോള, റെഡ്‌ കബോംബ, ആഫ്രിക്കൻ പായൽ, വാട്ടർ ലെറ്റ്യൂസ്‌ എന്നീ അധിനിവേശ ജലസസ്യങ്ങളും തദ്ദേശീയ സസ്യങ്ങളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്നും മനുഷ്യരിലും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള സർവകലാശാലയിലെ അക്വാട്ടിക്‌ ബയോളജി ആൻഡ്‌ ഫിഷറീസ്‌ വകുപ്പ്‌ മേധാവി ഡോ. എ ബിജുകുമാർ, ഗവേഷകരായ സ്മൃതി രാജ്‌, പ്രണവ്‌ പ്രകാശ്‌, രാജേഷ്‌ രഘുനാഥ്‌, അഞ്ചൽ സെന്റ്‌ ജോൺസ്‌ കോളേജിലെ ജോസിൻ സി തരിയൻ, കുഫോസിലെ രാജീവ്‌ രാഘവൻ എന്നിവർ നടത്തിയ പഠനം ഡ്യൂക്‌ യൂണിവേഴ്‌സിറ്റി പ്രസിൽ പ്രസിദ്ധീകരിച്ചു. 44 നദിയിലും 53 റിസർവോയറിലുമാണ്‌ പഠനം നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top