18 February Tuesday

ആനകൾക്കായ്‌ ഒരുദിനം

മാർഷൽ സി രാധാകൃഷ്‌ണൻUpdated: Thursday Aug 15, 2019

അന്തർദേശീയ ഗജദിനമായിരുന്നു ആഗസ്‌ത്‌ 12. ഇന്ത്യയിൽ ഇന്നു കാണപ്പെടുന്ന 420 തരം സസ്തനികളിൽ വലുപ്പം കൊണ്ടും കായബലം കൊണ്ടും ആകാരഭംഗികൊണ്ടും മുന്നിട്ട് നിൽക്കുന്ന ആനയെക്കുറിച്ചു ഈ വിശേഷ ദിനത്തിൽ ചിന്തിക്കാം.

ആനകൾ ഭാരതത്തിന്റെ പൈതൃക മൃഗം. ലോകത്താകമാനമുള്ള 40000 ത്തോളം ഏഷ്യൻ ആനകളിൽ ഭൂരിഭാഗവും ഇന്ത്യ, ശ്രീലങ്ക, തായ്ലാന്റ് , മ്യാൻമാർ എന്നീ രാജ്യങ്ങളിലാണുള്ളത്. അവയിൽ 50 ശതമാനത്തോളവും ഇന്ത്യയിലാണ് കാണപ്പെടുന്നത്. നാട്ടാനകളിലും കാട്ടാനകളിലും ഇന്ത്യ തന്നെയാണ് മുൻപന്തിയിൽ. കേരളത്തിന്റെ ഔദ്യോഗിക മൃഗം കൂടിയായ ആനകൾ നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്‌. എന്നാൽ വംശനാശ ഭീഷണി നേരിടുകയാണ്‌ ഏഷ്യൻ, ആഫ്രിക്കൻ ആനകൾ.

ആനയെ അറിയാം
ലോകത്തിൽ ഇന്ന് 3 തരം ആനകളാണുള്ളത് . ഏഷ്യൻ ആനയും (Elephas maximus) രണ്ടു തരം ആഫ്രിക്കൻ ആനയും (1.Loxodanta africana africana 2. Loxodanta Africana cyclotis). ആഫ്രിക്കൻ ആനകൾ പല കാര്യങ്ങളിലും ഏഷ്യൻ ആനകളിൽ നിന്ന് വ്യത്യസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ആനകൾ ആഫ്രിക്കൻ സാവന്നയിൽ കാണുന്ന ആനകളും ഏറ്റവും വലുപ്പം കുറഞ്ഞ ആനകൾ ഏഷ്യൻ ആനകളിൽപ്പെട്ട സുമാടൻ ആനകളുമാണ്.

മനുഷ്യരെപ്പോലെതന്നെ ആനകൾക്കും സങ്കീർണ്ണമായ വികാരങ്ങളും ബുദ്ധിയും ലക്ഷ്യവും ഉണ്ട്. മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദതരംഗങ്ങൾ ഇവർക്ക്‌ കേൾക്കാൻ കഴിയും.  ആനയ്ക്ക് പൊതുവെ കാഴ്ചശക്തി കുറവാണ്.  നല്ല ശ്രവണശേഷിയുണ്ട്‌. മണം പിടിക്കാൻ കഴിവു കൂടുതലാണ്. ആനകൾ ഒരു പ്രത്യേക മണം വർഷങ്ങളോളം ഓർത്തു വയ്ക്കും.

കാട്ടാനക്കൂട്ടത്തെ നയിക്കുന്നത് മുതിർന്ന പിടിയാനയായിരിക്കും. കാട്ടാനക്കൂട്ടത്തിൽ ആനകൾ കുട്ടികളെ അച്ചടക്കത്തോടെ വളർത്തിയെടുക്കുന്നു. ആനക്കൂട്ടത്തിലെ കൊമ്പന്മാർ കൂട്ടത്തിൽ നിന്ന് പൊതുവെ അൽപം വിട്ടുനിൽക്കാറുണ്ടെങ്കില്ലും കാട്ടാനക്കൂട്ടത്തിന്റെ സുരക്ഷാചുമതല കൊമ്പന്മാരിൽ നിക്ഷിപ്തമായിരിക്കും.

കാട്ടാനകൾ നാട്ടാനകളാക്കപ്പെടുമ്പോൾ...
വന്യജീവിയായ ആന തനിക്കു മുന്നിൽ ഒന്നുമല്ലാത്ത മനുഷ്യന്റെ ആജ്ഞകൾ അനുസരിക്കുന്നത് പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് ഭയം, രണ്ട് വിശ്വാസം അല്ലെങ്കിൽ ബഹുമാനം, മൂന്ന് സ്നേഹം.

ആനയ്ക്ക് പാപ്പാനോടും പാപ്പാന് ആനയോടും പരസ്പരം വിശ്വാസം വേണം. മികച്ച ഒരു ഗജപാലകന് ആനയുടെ മനഃശാസ്ത്രവും - അതുപോലെതന്നെ ശരീരശാസ്ത്രവും അറിഞ്ഞിരിക്കണം. ആനയുടെ നോട്ടം, ചലനം, പെരുമാറ്റം എന്നിവയിലൂടെ ആനയുടെ മനസ്സറിയാനും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും ആനക്കാരൻ പ്രാപ്തനായിരിക്കണം. “ആനയെ അറിഞ്ഞു കയറണം ” എന്നാണ് ആനക്കാർക്കിടയിലെ ചൊല്ല്.

ശരീരവലുപ്പത്തിന് ആനുപാതികമായി നോക്കിയാൽ മനുഷ്യന്റേതിനേക്കാൾ വലുപ്പം കുറവാണ് ആനയുടെ തലച്ചോറിന്. എന്നാൽ ബുദ്ധിശക്ടിയുടെ കാര്യത്തിൽ ഈ വർഗ്ഗം വളരെ മുന്നിലാണ്. പല ശാസ്ത്രീയ പഠനങ്ങളും അതു തെളിയിക്കുകയും ചെയ്യുന്നു. (ആനകളിൽ തലച്ചോറിന്റെ ഭാഗമായ ഹിപ്പോകാമ്പസ് ഏറെ വികസിച്ചതാണ്). ഈ സവിശേഷതകളായിരിക്കാം ആനയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിലേയ്ക്ക് വഴി തെളിച്ചത്.

വർധിച്ചു വരുന്ന ആന ഇടച്ചിലുകൾ
ആനപ്രേമികളുടെ നാടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ എന്തുകൊണ്ട് ആനയിടച്ചിലുകൾ വർധിക്കുന്നു എന്നത് ചിന്തിക്കേണ്ടൊരു വസ്തുതയാണ്.
ആന ഇടച്ചിലുകളൂടെ എല്ലാ ഉത്തരവാദിത്വങ്ങളും ആനക്കാരുടെ മേൽ ചുമത്തുന്ന പതിവുണ്ട്‌. ഈ പ്രവണത ശരിയല്ല. ആനകൾ അക്രമാസക്തമാകുന്നതിനു പല കാരണങ്ങളുണ്ട്. ഉത്സവകാലത്തെ വിശ്രമരഹിതമായ ജോലിയും ഭക്ഷണമില്ലായ്മയും നാട്ടാനകൾ ഇടയാൻ കാരണമാകുന്നു.  അടിക്കടി ചട്ടക്കാരൻ മാറുന്നത്, പരിചയസമ്പന്നരല്ലാത്ത പാപ്പാനും ഉടമകളും  പൊതുജനങ്ങളുടെ അശ്രദ്ധയും പീഡനങ്ങളും മദക്കാലവും എല്ലാം ആനകളെ കടുത്ത മാനസിക സമ്മർദ്ദത്തിലാഴ്ത്തുന്നു.

എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഉണ്ടായ ആന ഇടച്ചിലുകളിൽ അപകടം കൂടുതലും വഴിയൊരുക്കിയതു പൊതുജനങ്ങളിൽ നിന്നുള്ള പ്രകോപനം അഥവാ ജനങ്ങളുടെ അതിരു കവിഞ്ഞുള്ള ആനപ്രേമമാണെന്നു പഠനത്തിൽ വ്യക്തമാകുന്നു. ഉത്സവങ്ങളും ആന എഴുന്നള്ളിപ്പുകളും നിർത്തലാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആനകളെ മനഃപൂർവ്വം ഓടിക്കാൻ ശ്രമം നടത്തുന്ന സാമൂഹ്യവിരുദ്ധരും ഉണ്ടെന്ന വാർത്ത ഞെട്ടലുളവാക്കുന്നതാണ്.

കാടിന്റെയും ആവാസ വ്യവസ്ഥയുടെയും സംരക്ഷണം, ആനത്താരകളുടെ പുനരുദ്ധാരണം, വന്യജീവി സംരക്ഷണ നിയമത്തിന്റെ കർശനമായ നടപ്പാക്കൽ, ആനയും മനുഷ്യനുമായുള്ള സംഘർഷത്തിന്റെ ദുരീകരണം,ആനക്കൊമ്പ് വേട്ടക്കെതിരെയുള്ള ജാഗ്രത എന്നിവയെല്ലാമാണ് ഗജസംരക്ഷണത്തിന് അനിവാര്യമായിട്ടുള്ളത്.

ആന എന്ന അമൂല്യ സമ്പത്തിനെ ഇനിയും സൂക്ഷിച്ചു സംരക്ഷിക്കുന്നില്ലെങ്കിൽ ഇന്നു നാം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈ അപൂർവ്വ മൃഗവംശം നാമാവശേഷമാകാൻ സാധ്യത ഏറെയാണെന്ന യാഥാർത്ഥ്യം ഗൗനിക്കേണ്ടതാണ്.

 


പ്രധാന വാർത്തകൾ
 Top