15 January Friday

ജീവിതശൈലി ആരോഗ്യപ്രദമാക്കാം കുടുംബത്തിന്റെ കരുതലോടെ

ഡോ. ഷീജ ശ്രീനിവാസ‌് ഇടമനUpdated: Thursday Nov 14, 2019


ലോക പ്രമേഹദിന സന്ദേശം ഈ വർഷവും  ‘പ്രമേഹവും കുടുംബവും’  തന്നെ. പ്രമേഹചികിൽസയിലും പ്രതിരോധത്തിലും കുടുംബത്തിന്റെ പ്രാധാന്യം  വ്യക്തമാക്കാനാണിത‌്. പ്രമേഹത്തെ സംബന്ധിച്ചിടത്തോളം കുടുംബത്തിന്റെ പ്രാധാന്യം മൂന്നുതലങ്ങളിലായി പ്രതിപാദിക്കാം.

പ്രമേഹം കുടുംബസ്വത്ത‌്
ടൈപ്പ്  1 പ്രമേഹത്തേക്കാളേറെ ടൈപ്പ‌് 2 പ്രമേഹത്തിനാണ‌് കുടുംബപാരമ്പര്യത്തിന‌് കൂടുതൽ പ്രാധാന്യം. നമ്മുടെ രക്തബന്ധത്തിലുള്ളവർക്ക‌് പ്രമേഹം ഉണ്ടെങ്കിൽ വരുംതലമുറയ്‌ക്ക‌് അസുഖം വരാനുള്ള സാധ്യത കൂടുതലാണ‌്. കുടുംബപാരമ്പര്യത്തിൽ ആർക്കെങ്കിലും പ്രമേഹമുണ്ടെങ്കിൽ ചെറുപ്പകാലംമുതൽക്കേ അതിനെ പ്രതിരോധിക്കാനായി ആരോഗ്യപ്രദമായ ഭക്ഷണരീതികളും  ജീവിതശൈലികളും സ്വായത്തമാക്കി ശരീരഭാരം ഉയരത്തിനു ആനുപാതികമായി ക്രമീകരിക്കണം. കുട്ടിക്കാലം മുതൽക്കേ വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കണം.

കുടുംബത്തിന്റെ സ്വൈരക്കേട്‌
ഒരിക്കൽ ടൈപ്പ‌് 1 പ്രമേഹമുള്ള പെൺകുട്ടിയും അമ്മയും പരിശോധനക്ക‌് വന്നപ്പോൾ വളരെ വിഷമത്താടെ പറഞ്ഞു. ‘പ്രമേഹരോഗം പിടിപെട്ടതുകൊണ്ട‌് ബന്ധം ഒഴിവാക്കണമെന്നാണ‌് ഭർതൃവീട്ടുകാർ പറയുന്നത‌്. ഡോക്ടർ അവരോടൊന്ന‌് സംസാരിക്കണം’. എന്റെ സംസാരംകൊണ്ട‌് ഒരു കുടുംബബന്ധം തുടർന്നുപോകുമെങ്കിൽ അതാവട്ടെ എന്നു പറഞ്ഞ‌് പെൺകുട്ടിയുടെ ഗൾഫിലുള്ള ഭർത്താവിനോട‌് ഫോണിൽ സംസാരിച്ചു‌. സത്യത്തിൽ പ്രമേഹം എന്നത‌്  ജീവിത പങ്കാളിയിൽ ഒട്ടനവധി സംശയങ്ങൾക്കിടയാക്കും.  പ്രമേഹം ലൈംഗിക ബന്ധത്തെ ബാധിക്കുമോ, ഭാവിയിൽ കുഞ്ഞുങ്ങളുണ്ടാകാൻ ബുദ്ധിമുട്ടുണ്ടാകുമോ തുടങ്ങിയ ചിന്തകൾ പങ്കാളിക്കുണ്ടാകാം. ഇതു ഒരു പരിധിവരെ ശരിയുമാണ‌്.

പ്രമേഹം സ‌്ത്രീകളിലും പുരുഷന്മാരിലും ലൈംഗികാസക്തി കുറയ‌്ക്കുകയും പുരുഷന്മാരിൽ ഉദ്ധാരണക്കുറവിനു പോലും കാരണമാവാറുമുണ്ട‌്. തന്മൂലം കുടുംബ ബന്ധങ്ങൾ ശിഥിലമാവാനും കാരണമായേക്കാം. അതുപോലെതന്നെ പ്രമേഹമുള്ള സ‌്ത്രീകളിൽ ഗർഭം അലസാനും കുഞ്ഞിനു അംഗവൈകല്യം ഉണ്ടാവാനുള്ള സാധ്യതയുമുണ്ട‌്.

മറ്റൊന്ന‌് പ്രമേഹവും അതിന്റെ സങ്കീർണതകളും കുടുംബത്തിന്റെ സമ്പദ‌് വ്യവസ്ഥയെ തകിടം മറിയ്ക്കാം എന്നതാണ്. പ്രമേഹത്തിന്റെ സങ്കീർണ്ണതകൾമൂലം ജോലിയ‌്ക്ക‌് പോകാൻ കഴിയാതെവരുമ്പോൾ വരുമാനം കുറയുകയും  ആശുപത്രിവാസം, മരുന്നുകൾ  തുടങ്ങിയവ ചെലവ‌്  വർധിപ്പിക്കുകയും ചെയ്യും. ഇതെല്ലാം കുടുംബസമാധാനം നഷ്ടപ്പെടുത്തും.

 

കുടുംബത്തിന്റെ കരുതൽ
പ്രമേഹരോഗം പിടിപെടുന്നതുതന്നെ  മിക്കവാറും  ആളുകളെ സംബന്ധിച്ചിടത്തോളം മാനസിക വിഷമമാണ‌്. ഇത‌് ഇല്ലാതാക്കാൻ ഒരു പരിധിവരെ കുടുംബത്തിനു കഴിയും. പ്രമേഹരോഗിക്ക‌്  പ്രത്യേകഭക്ഷണം എന്ന രീതിയിൽ അല്ലാതെ കുടുംബത്തിൽ എല്ലാവരും ആരോഗ്യപ്രദമായ  ഭക്ഷണരീതി  പിന്തുടരുന്നതാണ് നല്ലത‌്. ഇതു വരുംതലമുറയിൽ പ്രമേഹത്തെ പ്രതിരോധിക്കാൻ സഹായിക്കും. പ്രമേഹത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയും അതിന്റെ സങ്കീർണ്ണതകളെപ്പറ്റിയും കുടുംബത്തിൽ എല്ലാവരും അറിഞ്ഞിരിക്കണം. പ്രമേഹം കൂടിയിരിക്കുന്ന അവസ്ഥയിലെയും കുറഞ്ഞിരിക്കുന്ന സമയത്തെയും ലക്ഷണങ്ങൾ കുടുംബാഗങ്ങൾ മനസ്സിലാക്കുന്നത‌് ഉചിതസമയത്ത‌് ചികിത്സ ലഭ്യമാക്കാൻ സഹായിക്കും.  മരുന്ന‌് കൃത്യമായി കഴിക്കാനും ചിട്ടയായി വ്യായാമം ചെയ്യാനും കുടുംബം പ്രേരിപ്പിക്കണം. കുടുംബം ശ്രദ്ധ ചെലുത്തിയാൽ കുടുംബകൂട്ടായ‌്മകളിലും അനാരോഗ്യകരമായ ഭക്ഷണരീതികൾ ഒഴിവാക്കാൻ സാധിക്കും. രോഗിക്ക‌് ക്ഷീണം, തളർച്ച എന്നിവയുണ്ടെങ്കിൽ അതു മനസ്സിലാക്കി പെരുമാറാൻ കുടുംബാംഗങ്ങൾക്ക‌് കഴിയണം. അതുപോലെതന്നെ രോഗിക്ക‌് മാനസിക സമ്മർദം ഉണ്ടാകാതിരിക്കാനും  ശ്രദ്ധിക്കണം.
സമൂഹത്തിന്റെ ചെറിയ ഘടകമായ കുടുംബത്തിൽ ആരോഗ്യപ്രദമായ ശീലങ്ങൾ പ്രാവർത്തികമാക്കി കുടുംബത്തിലും സമൂഹത്തിലും പ്രമേഹത്തെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും നമുക്ക‌് സാധിക്കട്ടെ...

(സീനിയർ ഡയബറ്റോളജിസ‌്റ്റും സംസ്ഥാന ഹെൽത്ത‌് സർവീസിൽ മെഡിക്കൽ മെഡിക്കൽ ഓഫീസറുമാണ‌് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top