19 April Friday

സിദാനും സംഘവും സൃഷ്ടിച്ച രണ്ടാം 'ഫ്രഞ്ച് വിപ്ലവം'

വെബ് ഡെസ്‌ക്‌Updated: Thursday May 31, 20181994ലെ 15‐ാമത് ലോകകപ്പ് വേദി അമേരിക്കൻ ഐക്യനാടുകളാണെന്ന് ഫിഫ തീരുമാനിച്ചപ്പോൾ അമേരിക്കൻ ചേരിയിലുള്ളവർക്കുപോലും അതത്ര സ്വീകാര്യമായിരുന്നില്ല. അമേരിക്കൻ ഫുട്ബോളിനും ബേസ്ബോളിനും ബാസകറ്റ്ബോളിനും മാത്രം ഇടമുള്ള അമേരിക്കൻ മനസ്സുകളിൽ കാൽപ്പന്തുകളിക്ക് സ്ഥാനം ലഭിക്കുമോയെന്ന് അവർ സന്ദേഹിച്ചു. എന്നാൽ ആ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു തെളിയിച്ചുതന്നെ അമേരിക്കയുടെ മണ്ണിൽ അരങ്ങേറിയ ലോകകപ്പ് മറ്റുള്ളവർക്ക് മാതൃകയായി.

യുഎസ് ലോകകപ്പിന്റെ യോഗ്യതാമത്സരങ്ങൾക്ക് മുമ്പൊരിക്കലുമില്ലാത്ത പിരിമുറക്കം ഉണ്ടായിരുന്നു. നിലവിലെ ജേതാക്കളും ആതിഥേയരും ഒഴിച്ചുള്ള 22 സ്ഥാനങ്ങൾക്കായി 130 ദേശീയ ടീമുകൾ 490 മത്സരങ്ങൾ കളിച്ചു. 1492 ഗോൾ സ്കോർചെയ്യപ്പെട്ടു. ഒടുവിൽ ടൂർണമെന്റ് കൊടിയിറങ്ങിയപ്പോൾ 1970നുശേഷമുള്ള ബ്രസീലുകാരുടെ നൊമ്പരങ്ങൾക്ക് അവിടെ പരിഹാരമായി. 24 വർഷത്തിനുശേഷം ആദ്യമായി ഫൈനലിൽ കയറിയ ബ്രസീൽ ഷൂട്ടൗട്ട് വിധിനിർണയത്തിൽ ഇറ്റലിയെ കീഴടക്കി നാലാമതും ലോകമേധാവിത്വത്തെ പുൽകി.

അതേസമയം ഫുട്ബോളിന് ദുരന്തമായ കാഴ്ചകൾ യുഎസ് ലോകകപ്പിലുടനീളം ദൃശ്യമായി. പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ പിടിച്ചുകെട്ടിയ അമേരിക്ക തുടർന്ന് കൊളംബിയക്കെതിരെ 2‐1ന് ജയിച്ചു. വിജയം സമ്മാനിച്ച ഗോളുകളിലൊന്ന് കൊളംബിയയുടെ പ്രതിരോധക്കാരൻ ആന്ദ്രെ എസ്കോബാറിന്റെ ദാനമായിരുന്നു. പക്ഷേ, ആ പിഴവിന് എസ്കോബാറിന് സ്വന്തം ജീവൻതന്നെ വിലനൽകേണ്ടിവന്നു. നാട്ടിൽ തിരിച്ചെത്തിയ എസ്കോബാർ 1994 ജൂലൈ രണ്ടിന് മെഡ്ലിനിലെ ഒരു നിശാക്ലബിൽ വാതുവയ്പുകാരുടെ വെടിയുണ്ടയ്ക്കിരയായി.

സെമിഫൈനലിൽ റോബർട്ടോ ബാജിയോയുടെ മാന്ത്രികബൂട്ടുകൾ സമ്മാനിച്ച ഇരട്ടഗോളിലൂടെ ബൾഗേറിയയെ കീഴടക്കി ഇറ്റലി (2‐1) െെഫനലിലേക്ക് മാർച്ച്ചെയ്തു. ഇതര സെമിയിൽ റൊമാരിയോയുടെ ഏക ഗോളിന് സ്വീഡനെ മറികടന്ന് ബ്രസീലും എത്തി. ഇവർ തമ്മിൽ ഗ്രൂപ്പ് ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ 2‐1ന് ജയിച്ചിരുന്നു.

ഇറ്റലിയെ ഫൈനൽവരെ എത്തിച്ച ബാജിയോയും ഫ്രാങ്കോബറേസിയും ഒറ്റരാത്രികൊണ്ട് വില്ലന്മാരാകുന്നതുകണ്ടാണ് ലോസ് ഏയ്ഞ്ചൽസിൽ 97,000 കാണികളെ സാക്ഷിനിർത്തി 15‐ാമത് ലോകകപ്പിന് കൊടിയിറങ്ങിയത്. 120 മിനിറ്റ് ദീർഘിച്ച പോരാട്ടത്തിനുശേഷവും സ്കോർബോർഡ് ചലനമറ്റുനിന്നു. തുടർന്ന് ഷൂട്ടൗട്ടിൽ ബാജിയോക്കും ബറേസിക്കും പിഴച്ചു. റൊമാരിയോയും കാർലോസ് ദുംഗയും ബ്രാങ്കോയും ബ്രസീലിനുവേണ്ടി ലക്ഷ്യംകണ്ടു. അങ്ങനെ ബ്രസീൽ 3‐2ന് ലോകകപ്പ് ഉയർത്തിയപ്പോൾ മികച്ച ടീം ജയിച്ചുവെന്ന ആശ്വാസം മാത്രം. അതേസമയം ലോകത്തിലെ ഏറ്റവും പ്രതിഭാശാലിയായ പന്തുകളിക്കാരിലൊരാളായ അർജന്റീനയുടെ നായകൻ ദ്യേഗോ മാറഡോണ ലഹരിക്കുതിപ്പിൽ അപമാനത്തോടെ ശിരസ്സുകുനിക്കുന്നത് ലോകം കണ്ടു. ആറുഗോൾ നേടിയ റഷ്യയുടെ ഒലെഗ് സാലെങ്കൊ ടോപ് സ്കോററായി.

1998 ജൂൺ 10ന് പാരീസിലെ സെന്റ് ഡെനിസ് സ്റ്റേഡിയത്തിലാണ് 16‐ാമത് ലോകകപ്പിന്റെ കിക്കോഫ് നടന്നത്. അതുവരെയുള്ള 24 ടീമുകളുടെ സ്ഥാനത്ത് ്രഫാൻസ് ലോകകപ്പിൽ 32 ടീമുകളാണ് മത്സരിച്ചത്. ഏഷ്യക്കും ആഫ്രിക്കയ്ക്കുമാണ് ഫൈനൽ റൗണ്ടിലെ ടീമുകളുടെ എണ്ണം വർധിപ്പിച്ചതിലൂടെ നേട്ടമുണ്ടായത്.

ഈ ലോകകപ്പിന് കൊടിയിറങ്ങിയപ്പോൾ ബ്രസീലിനെ ഏകപക്ഷീയമായ മൂന്നു ഗോളിനു ചുരുട്ടിക്കെട്ടിയ സിനദിൻ സിദാന്റെ ഫ്രാൻസ് ലോകഫുട്ബോളിലെ മഹനീയ കീരിടം നേടുന്ന ഏഴാമത്തെ രാഷ്ട്രമായി. തങ്ങളുടെ ആദ്യ ഫൈനലിൽതന്നെ ഫ്രാൻസിന് അടുത്ത നൂറ്റാണ്ടിലേക്ക് വഴിതുറന്നുകൊടുത്ത മൂന്നിൽ രണ്ട് ഗോളും നേടിയ സിദാൻ അപൂർവമായ ലോകകപ്പ് റെക്കോഡും സ്വന്തമാക്കി. ഒരു ലോകകപ്പ് ഫൈനലിൽ രണ്ട് ഗോൾ നേടിയവരിൽ ഇതിഹാസതാരം പെലെയടക്കം മറ്റ്  ആറുപേർക്കൊപ്പമായി സിദാന്റെ സ്ഥാനം.

ഫൈനലിൽ ഫ്രാൻസിനോടു പിണഞ്ഞ മൂന്നു ഗോൾ തോൽവി ലോകകപ്പ് ചരിത്രത്തിൽ ബ്രസീലിന്റെ ഏറ്റവും ദാരുണ ഏടുകളിലൊന്നായി. ലോകകപ്പിൽ മഞ്ഞപ്പട മൂന്നോ അതിലധികമോ ഗോളുകൾക്കു തോൽക്കുന്നത് ഇത് ആറാം തവണയായിരുന്നു. ബ്രസീലിയൻ ആക്രമണത്തിന്റെ കുന്തമുനയായ റൊണാൾഡോ ഫൈനലിൽ കാഴ്ചക്കാരന്റെ റോളിലായിരുന്നു. അതേസമയം സ്വന്തം നാട്ടിൽ ലോകകപ്പ് നേടുന്ന ആറാമത്തെ രാഷ്ട്രമെന്ന ബഹുമതിയും ഫ്രാൻസിന് കൈവന്നു. ഫ്രാൻസ് ലോകഫുട്ബോളിനു സംഭാവനചെയ്ത ഏറ്റവും വലിയ കളിക്കാരനായ മിഷേൽ പ്ലറ്റീനി മൂന്നുതവണ ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ദിദിയർ ഡിഷാമിന്റെ നേതൃത്വത്തിലും സിദാന്റെ സജീവസംഭാവനയിലൂടെയും ഫ്രഞ്ചുകാർ ഇത്തവണ വെട്ടിപ്പിടിച്ചത്.

ഫ്രാൻസ്‌ കപ്പ് നേടിയെങ്കിലും ഈ ടൂർണമെന്റിലെ ഏറ്റവും വിസ്മയകരമയ കുതിപ്പ് ക്രൊയേഷ്യയുടേതായിരുന്നു. ആദ്യ വരിവിൽതന്നെ മൂന്നാം സ്ഥാനം. ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചത് ജർമനിയും (1934) പോർച്ചുഗലും (1966) മാത്രമായിരുന്നു. ഇവിടെ ടോപ് സ്കോറർക്കുള്ള സുവർണപാദുകം നേടിയതാകട്ടെ ക്രൊയേഷ്യയുടെ ഡേവർ സുകറും (ആറു ഗോൾ).

പ്രധാന വാർത്തകൾ
 Top