03 February Friday

പ്രസവം പോലും വില്ലൻ

എം ജഷീനUpdated: Sunday Nov 6, 2022
സ്‌ത്രീകൾ  വീട്ടിനുള്ളിലും പുറത്തും തൊഴിലെടുക്കുന്നു. ആദ്യത്തേത്‌  അടയാളപ്പെടുത്താതെ പോകുമ്പോൾ  പുറത്തുള്ള തൊഴിലിനെങ്കിലും മൂല്യവും ആദരവും അവൾ അർഹിക്കുന്നു.  തൊഴിലിടങ്ങളിൽ  ലിംഗസമത്വവും സുരക്ഷിതത്വവും  ഉറപ്പാക്കുമെന്നാണ്‌ 2018ലെ സംസ്ഥാന സമഗ്ര തൊഴിൽ നയം.  പക്ഷേ  ലക്ഷ്യത്തിൽ എത്താൻ  ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്‌. 
 
ആശാസ്യമല്ലാത്ത കാര്യങ്ങളാണ്‌ ചില തൊഴിലിടങ്ങളിൽ നിന്നെങ്കിലും ഉയരുന്നത്‌.  അത്‌ കേൾക്കാതെ  പോയാൽ സ്‌ത്രീശാക്തീകരണ ഉദ്യമം  പാളും.  പുതിയ കാലത്ത്‌ തൊഴിലിടങ്ങളിൽ സ്‌ത്രീകൾക്ക്‌ നേരെ ഉയർന്നുവരുന്ന പ്രശ്‌നങ്ങളിലേക്കുള്ള അന്വേഷണമാണ്‌  ദേശാഭിമാനി കോഴിക്കോട്‌ യൂണിറ്റിലെ സീനിയർ റിപ്പോർട്ടർ എം ജഷീന തയ്യാറാക്കിയ ‘തൊഴിലിടങ്ങൾ അവളിടങ്ങൾ’ 
വാർത്താ പരമ്പര.
 
‘‘കുഞ്ഞുങ്ങളുണ്ടോ,  അടുത്ത കാലത്തെങ്ങാനും പ്രസവിക്കാൻ ഉദ്ദേശ്യമുണ്ടോ’’– ഇന്റർവ്യൂ ബോർഡിന്‌ മുന്നിലെത്തിയ അധ്യാപികയെ  ചോദ്യം ശരിയ്‌ക്കും  ‘ഒന്നിരുത്തി’.   കുടുംബം പുലർത്താനുള്ള പിടിവള്ളിയാകുമെന്ന പ്രതീക്ഷയോടെ ഇടുക്കിയിലെ അൺഎയ്‌ഡഡ്‌ സ്‌കൂളിലേക്ക്‌ എത്തിയതാണ്‌ അവർ. ആ ഒറ്റച്ചോദ്യത്തിൽ അഭിമുഖത്തിനായി കാത്തുവെച്ച സകല ധൈര്യവും ആവിയായി.   
 
 ജീവിതത്തിനും  അതിജീവനത്തിനും ഇടയിലുള്ള ഏക പിടിവള്ളിയായിരുന്നു ആ ജോലി.  നാല്‌ വർഷമേ തുടരാനായുള്ളൂ. ആറ്‌ മാസം മുമ്പ്‌ ജോലി തെറിച്ചു. മാനേജ്‌മെന്റിന്റെ കണ്ണിൽ വലിയ പാതകമായ ‘പ്രസവ’മാണ്‌ പുറത്തേക്കുള്ള വഴി കാണിച്ചത്‌.  കടുത്ത സമ്മർദമായിരുന്നു ജോലിയിൽ. 10ാം ക്ലാസിൽ ഏതെങ്കിലുമൊരു കുട്ടിയ്ക്ക്‌ മാർക്ക്‌ കുറഞ്ഞാൽ മാനേജ്‌മെന്റിന്റെ  കണ്ണുരുട്ടൽ.   രക്ഷിതാക്കളുടേയും  വായിലുള്ളത്‌ മുഴുവൻ കേൾക്കണം.  ഇതൊക്കെ സഹിച്ചു ലഭിക്കുന്നതാകട്ടെ തുച്ഛമായ ശമ്പളം. അക്കൗണ്ടിൽ ഹൈക്കോടതി നിർദേശാനുസരണമുള്ള ശമ്പളം  വരും. പത്തായിരം രൂപ മാത്രം  നിലനിർത്തി ബാക്കി  മാനേജ്‌മെന്റ്‌ തിരിച്ചെടുക്കും. പരാതിപ്പെട്ടതോടെ കണ്ണിലെ കരടായി.  ഏപ്രിൽ, മെയ്‌ മാസം കണക്കാക്കി വേണം പ്രസവമൊക്കെ പ്ലാൻ ചെയ്യാനെന്ന  മാമൂലുണ്ട്‌ സ്‌കൂളിൽ. ഇത്‌ തെറ്റിച്ച്‌ ഒരു പരീക്ഷാ കാലത്ത്‌  ഗർഭിണി ആയത്‌ മുഷിച്ചിലുണ്ടാക്കി.  പ്രസവാവധി  ആനുകൂല്യങ്ങളൊന്നും  നൽകിയില്ല.  പരാതിപ്പെട്ടതോടെ തർക്കമായി, കുറ്റമായി. ഒടുവിൽ  പല കാരണങ്ങൾ പറഞ്ഞ്‌  ജോലിയിൽ നിന്ന്‌ ഒഴിവാക്കി.
 
വടക്കൻ കേരളത്തിലെ സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരിയുടെ അനുഭവം മറ്റൊന്നാണ്‌.  കഴിഞ്ഞ വർഷമാണ്‌ സംഭവം. താൽക്കാലിക നിയമനത്തിൽ ജോലിക്ക്‌ കയറിയ യുവതിക്ക്‌ എന്നും രാത്രി മേലുദ്യോഗസ്ഥന്റെ  വാട്‌സാപ്പ്‌ സന്ദേശം വരും. ആദ്യമൊക്കെ നിരുപദ്രവമായ ഫോർവേഡ്‌ മെസേജുകളായിരുന്നു. പിന്നീട്‌  അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളുമായി. ദ്വയാർഥമുള്ളതായി സംഭാഷണങ്ങൾ.  കടുത്ത ഭാഷയിൽ താക്കീത്‌ നൽകി. തുടർന്നിങ്ങോട്ട്‌ ദുരിതം ഇരട്ടിച്ചു. കടുത്ത മാനസിക പീഡനമായി. ചെയ്യാത്ത തെറ്റിന്‌ കുറ്റം പറച്ചിലും  പരസ്യമായി അപമാനിക്കലുമായി. ഒടുവിൽ ഇവർ  പുറത്തായി.
 
കൊച്ചിയിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിക്ക്‌ ജോലി പോയത്‌ ഗർഭിണി ആയതോടെയാണ്‌.  രാത്രിയിൽ ഗതാഗത  സംവിധാനം ഏർപ്പെടുത്താതിരിക്കൽ,  ഉയർന്ന തസ്‌തികകളിൽ സ്‌ത്രീകളെ മാറ്റി നിർത്തൽ തുടങ്ങിയ വിവേചനം ഐടി മേഖലയിലും സർവസാധാരണം.  
കഥകളിങ്ങനെ  തുടരുകയാണ്‌. കഥാപാത്രങ്ങളും തൊഴിലിടങ്ങളും മാത്രം മാറുന്നു.  സൗഹൃദവും സഹവർത്തിത്വവും പുലരേണ്ടിടത്ത്‌  ചൂഷണവും  വിവേചനവും നടമാടിയപ്പോൾ  തകർന്നുപോയ അനേകം ജീവിതങ്ങളുണ്ട്‌.  ഇടയിൽ വീണുപോകുന്നവരുണ്ട്‌,  വീഴ്‌ത്താൻ ശ്രമിക്കുമ്പോൾ പിടിച്ചുനിൽക്കുന്നവരുണ്ട്‌.  മറ്റ്‌ സംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷമാണ്‌ കേരളത്തിൽ. സ്‌ത്രീസൗഹൃദ നിലപാടുകളുമായി സർക്കാർ മുന്നോട്ട്‌ പോവുമ്പോഴും അതിന്‌ കളങ്കമാകുന്ന പലതും ഇവിടെയുണ്ട്‌. മോശം പെരുമാറ്റം, പദപ്രയോഗം, വിവേചനം, മാനസികവും -ശാരീരികവുമായ പീഡനം, ജോലിയിലും കൂലിയിലും വിവേചനം  തുടങ്ങി ആൺ–-പെൺ വിവേചനത്തിന്‌ പല രീതികളാണ്‌.
 
തലയുയർത്തി നിൽക്കണം 
 
സ്വയം പ്രയത്നിച്ചും പോരാടിയും തൊഴിൽ രംഗത്തേക്ക്‌ എത്തുന്ന സ്‌ത്രീകളുടെ എണ്ണം കൂടി വരികയാണ്‌.  2020–-21 ലെ കണക്കനുസരിച്ച്‌ പൊതുമേഖലയിലെ ജീവനക്കാരിൽ  34.9 ശതമാനം സ്‌ത്രീകളാണ്‌. ആകെയുള്ള 5,54,919 ജീവനക്കാരിൽ  1,94,080 പേർ വനിതകൾ. സംസ്ഥാന സർക്കാർ ജീവനക്കാരിൽ 54.4 ശതമാനം –-1,05,567 പേർ സ്‌ത്രീകളാണ്‌.  6.9 ലക്ഷം പേരാണ്‌ സ്വകാര്യ മേഖലയിൽ തൊഴിലാളികൾ.  ഇവിടെ സ്‌ത്രീ–-പുരുഷ അനുപാതം  തുല്യമാണ്‌. കൃത്യമായ കൂലിയോ  അവകാശങ്ങളോ ഒന്നുമില്ലാത്ത അസംഘടിത മേഖലയിലും പതിനായിരങ്ങളുണ്ട്‌. അതേ സമയം സ്‌ത്രീകളുടെ വിദ്യാഭ്യാസ നിരക്ക്‌ നോക്കുമ്പോൾ തൊഴിൽ പങ്കാളിത്തം കുറവാണ്‌.  
 
 
 

പുകയുന്നുണ്ട് 
തൊഴിലിടങ്ങൾ 

 

 പി സതീദേവി

പി സതീദേവി

‘‘സ്‌ത്രീകൾ തൊഴിലിടങ്ങളിൽ പലമട്ടിലുള്ള വിവേചനങ്ങളാണ്‌ നേരിടുന്നത്‌. പരാതിയുമായി വരുന്നവരുടെ എണ്ണം കൂടുന്നു. അതിന്റെ എട്ടിരട്ടിയോളം പുറത്തറിയാതെ പോകുകയാണ്‌’’–-  വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി പറയുന്നു.  വനിതാ കമീഷന്‌ മുന്നിൽ ഈ വർഷം ഇതുവരെ 134  പരാതികളെത്തി.   സർക്കാർ ഓഫീസിൽ നിന്നും എട്ട്‌ പരാതി. ശേഷിക്കുന്നത്‌ സ്വകാര്യ–-അസംഘടിത മേഖലകളിൽ  നിന്നാണ്‌. കഴിഞ്ഞ വർഷം 145 പരാതിയുണ്ടായിരുന്നു.  കോവിഡ്‌ കാലത്ത്‌ മാത്രമാണ്‌ പരാതി കുറഞ്ഞത്‌.  അദാലത്തിലെത്തുന്നതിൽ  20–-25 ശതമാനവും തൊഴിലിട പരാതികളാണ്‌. ലൈംഗിക അതിക്രമത്തിനെതിരായ പോഷ്‌ ആക്ട്‌ അനുസരിച്ച്‌  ജില്ലാ തല പരിഹാര സമിതിയിൽ ഈ വർഷം 36 പരാതികളെത്തി,  കഴിഞ്ഞ വർഷത്തേക്കാൾ  ഇരട്ടിയിലധികം. അതത്‌ സ്ഥാപനങ്ങളിലെ ഇന്റേണൽ കമ്മിറ്റികളിലും നിരവധി പരാതികളെത്തുന്നു.  
   പൊലീസ്‌ വനിതാ സെല്ലുകളിൽ മാത്രം 2019 മുതൽ  ഈ വർഷം വരെ  ഗൗരവ സ്വഭാവത്തിലുള്ള  70 കേസുകളുണ്ടായി. തൊഴിൽ വകുപ്പ്‌ ആറുമാസം മുമ്പ്‌ സ്‌ത്രീകൾക്കായി ആരംഭിച്ച ‘സഹജ’ കോൾസെന്ററിൽ   57 പരാതികളും  കേന്ദ്ര വനിത–-ശിശു വകുപ്പിന്റെ ‘ഷീ ബോക്സിൽ’  20 പരാതിയും ലഭിച്ചു.  
 
 പി സതീദേവി 
(വനിതാ കമീഷൻ അധ്യക്ഷ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top