26 March Sunday

ഭാഷകവിഞ്ഞും ഒഴുകുന്ന പഞ്ചാബ്

അഡ്വ ടി കെ സുജിത്Updated: Thursday Jul 28, 2016

അഞ്ചു നദികളുടെ നാടായ പഞ്ചാബിലെ വിശേഷങ്ങള്‍ വിക്കിപീഡിയയിലൂടെ ഇന്ത്യയൊട്ടാകെ എത്തുന്നു. ഇനി പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ പഞ്ചാബ് വിശേഷങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാം. 2016 ആഗസ്റ്റ് 5 മുതല്‍ 7 വരെ പഞ്ചാബിലെ ചണ്ഡീഗഡില്‍ നടക്കുന്ന ഇന്ത്യയിലെ വിക്കീമീഡിയരുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് സവിശേഷമായ ഈ പദ്ധതി ഇന്ത്യയിലെ വിക്കിമീഡിയര്‍ നടപ്പാക്കുന്നത്. ഇംഗ്ലീഷിലും വിവിധ ഇന്ത്യന്‍ ഭാഷകളിലും ലഭ്യമായ വിക്കിപീഡിയ സൈറ്റുകളില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നവരെയാണ് വിക്കിമീഡിയര്‍ എന്ന് വിളിക്കുന്നത്. ഇവരുടെ ത്രിദിന സമ്മേളനത്തിന്റെ അനുബന്ധമായി നടക്കുന്ന വിക്കിപീഡിയ – പഞ്ചാബ് തിരുത്തല്‍ യജ്ഞത്തിന്റെ ഭാഗമായാണ് വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പഞ്ചാബ് വിശേഷങ്ങള്‍ എഴുതിച്ചേര്‍ക്കുന്നത്. പഞ്ചാബ് സംബന്ധിയായി ഇംഗ്ലീഷ് വിക്കിയില്‍ എഴുതിയിട്ടുള്ള വിവിധ ലേഖനങ്ങളാണ് ഇത്തരത്തില്‍ ഓരോ ഭാഷകളിലുമുള്ള വിക്കിപീഡിയ ലേഖകര്‍ അവരവരുടെ ഭാഷകളിലുള്ള വിക്കിപീഡിയകളിലേക്ക് വിവര്‍ത്തനം ചെയ്ത് ചേര്‍ക്കുന്നത്.

ലോകത്തെ വിക്കിമീഡിയാ സംരംഭങ്ങളില്‍ ഇദംപ്രഥമമായാണ് ഇത്തരത്തില്‍ ബഹുഭാഷാ തിരുത്തല്‍ യജ്ഞം നടത്തുന്നത്. വിക്കിപീഡിയയില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സംഘടിത ശ്രമങ്ങളെ അഥവാ പദ്ധതികളെയാണ് വിക്കി എഡിറ്റത്തോണ്‍ അഥവാ തിരുത്തല്‍ യജ്ഞം എന്നു വിളിക്കുന്നത്. സാധാരണയായി ഒരു ഭാഷയില്‍ തന്നെ പ്രത്യേക വിഷയത്തിലെ പരമാവധി വിവരങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള തിരുത്തല്‍ യജ്ഞങ്ങളാണ് നടന്നിട്ടുള്ളത്. കുറച്ച് വര്‍ഷങ്ങളായി നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട വനിതാദിന തിരുത്തല്‍ യജ്ഞം ഇതിനുദാഹരണമാണ്. എന്നാല്‍ ഒരു ഭാഷയിലെ ലേഖനം പരമാവധി ഭാഷകളിലേക്ക് സംഘടിതമായി വിവര്‍ത്തനം ചെയ്ത് ചേര്‍ക്കുക എന്ന ആശയം ആദ്യമായാണ് പ്രാവര്‍ത്തികമാകുന്നത്. പഞ്ചാബിന്റെ ചരിത്രം, ഭൂമിശാസ്ത്രം, പ്രമുഖ വ്യക്തികള്‍, പ്രധാന സ്ഥലങ്ങള്‍, സംഭവങ്ങള്‍, ഭക്ഷണവിശേഷങ്ങള്‍, കലാരൂപങ്ങള്‍, നൃത്ത – സംഗീത വിശേഷങ്ങള്‍, തുടങ്ങി പഞ്ചാബി സിനിമാതാരങ്ങളും സിനിമകളും വരെ ഈ ബഹുഭാഷാ തിരുത്തല്‍ പരിപാടിയിലൂടെ മലയാള മടക്കമുള്ള ഭാഷകളില്‍ ഇനി ലഭ്യമാകും.

നിലവില്‍ വിവിധ ഭാഷാവിക്കിപീഡിയകളില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള പഞ്ചാബ് സംബന്ധിയായ ലേഖനങ്ങള്‍ മെച്ചപ്പെടുത്തുവാനും ഇതില്‍ പദ്ധതിയുണ്ട്. ആയിരക്കണക്കിന് ബൈറ്റുകള്‍ വരുന്ന വിവരമാണ് ഇതുവഴി ഓണ്‍ലൈനായി ശേഖരിക്കപ്പെടുക. പഞ്ചാബ് സംബന്ധിയായ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് ഇംഗ്ലീഷ് വിക്കിപീഡിയയില്‍ തന്നെയാണ്. ആ വിവരങ്ങള്‍ തര്‍ജ്ജമചെയ്ത് ചേര്‍ക്കുന്ന പ്രക്രിയയില്‍ മുന്നില്‍ നില്‍ക്കുന്നത് തമിഴ് വിക്കിപീഡിയയാണ്. തികച്ചും സന്നദ്ധപ്രവര്‍ത്തനമായാണ് ഭാഷകള്‍ക്കുള്ള മഹത്തായ ഈ സംഭാവന വിക്കിമീഡിയര്‍ നല്‍കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിക്കിമീഡിയരുടെ ഈ സംഭാവനയെ ആദരിക്കുന്നതിനായി ഈ വിക്കിപദ്ധതി ഒരു മത്സരമായി സംഘടിപ്പിക്കാന്‍ വിക്കി ഇന്ത്യാ കോണ്‍ഫറന്‍സിന്റെ സംഘാടകര്‍ തീരുമാനിച്ചിരിക്കുകയാണ്. പഞ്ചാബിനെ കുറിച്ച് ഏറ്റവും കൂടുതല്‍ ലേഖനങ്ങളും എറ്റവും വലിപ്പലുള്ള കൂടുതല്‍ ബൈറ്റുകളിലുള്ള വിവരവും ചേര്‍ക്കുന്ന ഭാഷാ വിക്കിപീഡിയയെ ഈ മത്സരത്തില്‍ വിജയിയായി പ്രഖ്യാപിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന10 ഭാഷകളില്‍ താരതമ്യേന ചെറിയ ഭാഷയായ മലയാളം തമിഴിന് തൊട്ടുപിറകിലായി ഒന്നാം സ്ഥാനത്തിനായി മത്സരിച്ചുകൊണ്ടിരിക്കുകയാണ്. കന്നട, ഒഡിയ, ബംഗാളി, തെലുങ്ക്, ഉറുദു, സിന്ധി, ഹിന്ദി എന്നീ ഭാഷകളിലും പഞ്ചാബ് തിരുത്തല്‍ യജ്ഞം നടന്നുവരുന്നു.


2016 ജൂലൈ 1 ന് ആരംഭിച്ച പഞ്ചാബ് തിരുത്തല്‍ യജ്ഞം ജൂലൈ 31ന് അവസാനിക്കും. മലയാളം വിക്കിപീഡിയയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വര്‍ദ്ധിപ്പിക്കുവാന്‍ ഈ അവസരം വിനിയോഗിക്കണമെന്ന് മലയാളം വിക്കിമീഡിയര്‍ അഭ്യര്‍ത്ഥിക്കുന്നു. ഏറ്റവും കൂടുതല്‍ വലിപ്പമുള്ള ലേഖനങ്ങള്‍ മലയാളത്തില്‍ സൃഷ്ടിച്ച് ഇന്ത്യയിലെ ഭാഷകളില്‍ പഞ്ചാബ് വിവരങ്ങള്‍ അടങ്ങിയ ഒന്നാമത്തെ വിക്കിപീഡിയ എന്ന സ്ഥാനത്ത് എത്തുവാനാണ് അവരുടെ പരിശ്രമം. പഞ്ചാബ് തിരുത്തല്‍ യജ്ഞത്തിന്റെ വിവരങ്ങളും ഇതുവരെ അവിടെ സൃഷ്ടിച്ച താളുകളും ഈ കണ്ണിയില്‍ അമര്‍ത്തി കാണാം : https://goo.gl/Qm2I52. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഇംഗ്ലീഷിലുള്ള പഞ്ചാബ് സംബന്ധമായ ലേഖനം മലയാളം വിക്കിയില്‍ ഉണ്ടോ എന്ന് നോക്കുക. ഇല്ലെങ്കില്‍ അത് മലയാളം വിക്കിയില്‍ എഴുതി ചേര്‍ക്കുക. വിക്കിപീഡിയ എഡിറ്റിംഗ് പരിചയമുള്ളവര്‍ കുറഞ്ഞത് അഞ്ച് ലേഖനം വീതമെങ്കിലും സൃഷ്ടിച്ചാല്‍ മലയാളത്തെ ഈ മത്സരത്തില്‍ ഒന്നാമതെത്തിക്കാമെന്നാണ് മലയാളം വിക്കി സമൂഹം കരുതുന്നത്. ഈ യജ്ഞത്തില്‍ പങ്കുചേരുന്നതിന് മലയാളം വിക്കിപീഡിയയിലെ താഴെ കാണുന്ന പദ്ധതി താളില്‍ നിങ്ങളുടെ പേര് ചേര്‍ക്കാം.
ml.wikipedia.org/wiki/WP:WPE2016

2011 ല്‍ മുംബൈയില്‍ നടന്ന ആദ്യ സമ്മേളനത്തിന് ശേഷം ഇന്ത്യയിലെ വിക്കിമീഡിയര്‍ ഒത്തു ചേരുന്ന രണ്ടാം സമ്മേളനമാണ് ചണ്ഡിഗഡില്‍ നടക്കുന്നത്. മലയാളം വിക്കി സമൂഹത്തെ പ്രതിനിധീകരിച്ച് 20 പേരടങ്ങുന്ന സംഘമാണ് ചണ്ഡീഗഡില്‍ നടക്കുന്ന വിക്കിമീഡിയ ഇന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വിശ്വപ്രഭ, കണ്ണന്‍ ഷണ്‍മുഖം, മനോജ് കരിങ്ങാമഠത്തില്‍ എന്നിവരുമടങ്ങുന്ന വിക്കിപീഡിയ അഡ്മിനിസ്ട്രേറ്റര്‍മാരാണ് ചണ്ഡീഗഡിലേക്കുള്ള മലയാളം വിക്കി സമൂഹത്തിന് നേതൃത്വം നല്‍കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിക്കിമീഡിയര്‍ക്കു പുറമേ പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിക്കിമീഡിയരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും. വിക്കിമീഡിയ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കതറീന്‍ മാഹര്‍, ബോര്‍ഡ് അംഗം നതാലിയ ടിംകിവ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ഇവരെക്കൂടാതെ ഭാഷാ സാങ്കേതിക മേഖലയില്‍ നിന്നും അടക്കമുള്ള അനവധി വിദഗ്ദ്ധര്‍ ഒത്തു ചേരുന്ന ഈ ത്രിദിന സമ്മേളനത്തില്‍ നൂറില്‍പ്പരം പ്രബന്ധങ്ങളുടെ അവതരണവും ചര്‍ച്ചയും നടക്കും. ഇന്ത്യയിലെ വിവിധ ഭാഷകളിലെ വിക്കിപീഡിയകളുടെ ഉള്ളടക്കവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കാനുതകുന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാകുമെന്ന് വിജ്ഞാന സ്വാതന്ത്ര്യ പ്രവര്‍ത്തകര്‍ കരുതുന്നു.

(വിക്കിപീഡിയ അഡ്മിനിസ്ട്രേറ്ററാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top