14 July Tuesday

ഓർമ്മയിലെ ഒന്നാം ക്ലാസിൽ...കെ എ ബീന എഴുതുന്നു

കെ എ ബീനUpdated: Monday Jun 1, 2020

കെ എ ബീന

കെ എ ബീന

ആരവവും ആൾബഹളവും കണ്ണീരും ചൂരലും പ്രവേശനോത്സവവും ഇല്ലാതെ സംസ്ഥാനത്ത്‌ സ്‌കൂൾവർഷത്തിന്‌ തിങ്കളാഴ്‌ച്ച തുടക്കമാകുമ്പോൾ അരനൂറ്റാണ്ട്‌ മുമ്പത്തെ സ്‌കൂൾ തുടക്കം ഓർത്തെടുക്കുകയാണ് കഥാകൃത്തും മാധ്യമപ്രവർത്തകയുമായ കെ എ ബീന

ച്ഛന്റെ കൈപിടിച്ച് ഒന്നാം ക്ലാസ്സില്‍ ചേരാനെത്തിയതാണ്. സ്വാതന്ത്ര്യസമരസേനാനിയായ അപ്പൂപ്പനും ഭാഷാപ്രേമിയായ അച്ഛനും ഒരുമിച്ച് തീരുമാനിച്ചിരുന്നു കുട്ടി സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ മലയാളം മീഡിയത്തില്‍ പഠിച്ചാല്‍ മതിയെന്ന്.

ഒരു കൊച്ചു പള്ളിക്കൂടം.  ഏഴാംതരംവരെ ക്ലാസ്സുകളുണ്ട്.  വിശാലമായ മുറ്റത്ത് നിന്ന് ഇടതുവശത്തുള്ള കെട്ടിടത്തിലേക്ക് അച്ഛന്‍ കൈപിടിച്ച് നടന്നു.  മുന്നിലൂടെയും പിന്നിലൂടെയും ലക്ഷ്യമില്ലാതെ ഓടുന്ന കുട്ടികള്‍.  ചിലര്‍ തട്ടിമുട്ടി കടന്നുപോയി.  പേടി തോന്നി.  ഒപ്പം കൗതുകവും.  എന്നാലും മനസ്സില്‍ അഭിമാനം.  അച്ഛനൊപ്പമാണ്.അച്ഛന്‍ വല്ലപ്പോഴും കിട്ടുന്ന ആര്‍ഭാടമാണ്. വര്‍ഷത്തില്‍ 9 മാസവും കപ്പലില്‍ ജോലിയായി ലോകം ചുറ്റും.  മൂന്നു മാസമേ നാട്ടിലുള്ളൂ.  അച്ഛനൊപ്പം പുറത്തു പോകുന്നത് ഒരുപാട് ഇഷ്ടമാണ്.  സ്‌കൂളില്‍ ചേരാന്‍ മടിയില്ലാത്തതും അച്ഛനൊപ്പമായതിനാലാണ്.

ക്ലാസ്സിന് മുന്നിലെത്തിയപ്പോള്‍ അച്ഛന്‍ ഒരു കുഞ്ഞ് ബാഗ് കൈയ്യില്‍ പിടിപ്പിച്ചു.  നെറ്റിയില്‍ ഉമ്മവച്ചു പറഞ്ഞു:

''മോള് ക്ലാസ്സില്‍ പോയി കുട്ടികളുടെ കൂടെ ഇരുന്നോളൂ.  അച്ഛന്‍ ഉച്ചയ്ക്ക് വരാം.''

അച്ഛന്‍ സ്‌കൂളില്‍ ചേരുന്നില്ല എന്ന മഹാസത്യം വെളിവായ നിമിഷത്തില്‍ സ്‌കൂള്‍ മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ കുട്ടി നിലവിളിക്കാന്‍ തുടങ്ങി. ക്ലാസ്സിന് പുറത്ത് നിന്ന് കരയുന്ന കുട്ടിയെ ക്ലാസ്സിനുള്ളില്‍ നിന്ന് ചിലര്‍ വലിഞ്ഞു നോക്കി. കര്‍ക്കശക്കാരിയായ, കറുത്ത ചില്ലുള്ള കണ്ണട വച്ച ടീച്ചര്‍ പുറത്തേക്ക് വന്ന് വലിച്ചുപിടിച്ചു അകത്തേക്ക് കൊണ്ടു പോകാന്‍ നോക്കി.

കുട്ടി കുതറി.
ടീച്ചര്‍ അച്ഛനോടാജ്ഞാപിച്ചു:

''പോയിട്ട് ഉച്ചയ്ക്ക് വന്നാല്‍ മതി. ഞാന്‍ ഒതുക്കിക്കോളാം.''

ഒതുക്കുന്നത് ടീച്ചര്‍മാരുടെ കലയാണെന്ന് തിരിച്ചറിഞ്ഞത് അപ്പോള്‍ മുതലാവണം. കുട്ടികള്‍ ഒതുക്കപ്പെടാനുള്ളവരാണ് എന്ന ബോധം സൂക്ഷിക്കുന്ന ഒരുപാട് അധ്യാപകരെ പിന്നീട് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മനസ്സില്‍ പൊടിക്കുന്ന ഓരോ മുളയും നുള്ളിക്കളയാന്‍ വൈദഗ്ധ്യമുള്ളവര്‍.

ടീച്ചര്‍ വലിച്ചെടുത്ത് ക്ലാസ്സിനകത്തേക്ക് കൊണ്ടു വരുമ്പോഴും കുട്ടി നിലവിളി നിര്‍ത്തിയില്ല. രണ്ടാം നിരയിലെ ബെഞ്ചിലിരുന്ന ഒരു കുട്ടി എണീറ്റ് വന്ന് ടീച്ചറോട് പറഞ്ഞു:

''ഈ കുട്ടി എന്റടുത്ത് ഇരുന്നോട്ടെ.''

ടീച്ചര്‍ സമ്മതിച്ചു. ശല്യമൊഴിഞ്ഞു കിട്ടട്ടെ എന്ന് ഓര്‍ത്താകും.

കോലന്‍ മുടിയും ഉരുണ്ട മുഖവും കൊച്ചു കണ്ണുകളുമുള്ള ആ പെണ്‍കുട്ടി മഞ്ഞനിറമുള്ള ഒരു ഫ്രോക്കാണിട്ടിരുന്നത്. നിറയെ ചുവന്ന പൂക്കളുള്ള ആ ഫ്രോക്ക് കുട്ടിക്കിഷ്ടമായി, മഞ്ഞ ഉടുപ്പിട്ട കുട്ടി കെട്ടിപ്പിടിച്ച് ഉമ്മ വച്ച് പറഞ്ഞു:

''കരയണ്ട കേട്ടോ.ഞാനില്ലേ കൂട്ടിന് ..വരൂ,  എന്റടുത്ത് ഇരുന്നോളൂ.''

ബഞ്ചില്‍ ഒപ്പമിരുത്തി കുട്ടിയുടെ കണ്ണുനീര് തുടച്ചു കളഞ്ഞു മഞ്ഞയുടുപ്പുകാരി പറഞ്ഞു:

''ഞാന്‍ ലത,  നമുക്ക് സ്‌കൂളില്‍ ഒരുപാട് കളിക്കാം. നല്ല രസമാണ് സ്‌കൂളെന്ന് എന്റെ ചേച്ചി പറഞ്ഞിട്ടുണ്ട്. ''

കണ്ണുനീര് തുടച്ച് ബീന എന്ന കുട്ടിയെ ലത കൂട്ടുകാരിയാക്കി.

ആദ്യത്തെ കൂട്ടുകാരി. അന്നത്തെയും ഇന്നത്തെയും നല്ല കൂട്ടുകാരി.അങ്ങനെയാണ് തുടക്കം.

ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർആദ്യത്തെ സ്‌കൂള്‍ ദിനം, ആദ്യത്തെ സ്‌കൂള്‍ ഓര്‍മ്മ.

തിരുവനന്തപുരത്തെ കുടപ്പനക്കുന്ന് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍.

സിമന്റിടാത്ത, മണല്‍ വിരിച്ച നിലവും ഓല കെട്ടിയ മേല്‍ക്കൂരയും പനമ്പായ കൊണ്ടുണ്ടാക്കിയ ചുവരുകളുമുള്ള ഒരു കൊച്ചു സ്‌കൂള്‍.  ഇരിക്കാന്‍ ബെഞ്ചുണ്ട്.  ചെറിയ ക്ലാസ്സുകളില്‍ ഡെസ്‌കുകളില്ല, മടിയില്‍ വച്ചാണെഴുതേണ്ടത്.  വലിയ ഹാളിനുള്ളില്‍ 4, 5 ക്ലാസ്സുകള്‍.   കുട്ടികള്‍ ഓടിപ്പാഞ്ഞും തലകുത്തി മറിഞ്ഞും ഉച്ചത്തില്‍ ബഹളമുണ്ടാക്കുന്ന ക്ലാസ്സ് മുറികള്‍, വള്ളി നിക്കറും ഷര്‍ട്ടുമിട്ട ആണ്‍കുട്ടികള്‍, ഫ്രോക്കുകളും പാവാടകളും ബ്ലൗസുമിട്ട പെണ്‍കുട്ടികള്‍.  കട്ടിക്കണ്ണടകളും കുപ്പിക്കണ്ണടകളും വച്ച് ചൂരലുമായി വരുന്ന അദ്ധ്യാപകര്‍.  എപ്പോഴും ദേഷ്യപ്പെടുന്ന ഭാര്‍ഗ്ഗവിയമ്മ സാര്‍, ചിരിച്ചു മാത്രം കണ്ടിട്ടുള്ള രാജമ്മ ടീച്ചര്‍, സ്‌കൂളിന് വെളിയിൽ കുപ്പികളില്‍ വില്‍ക്കാന്‍ വച്ചിട്ടുള്ള ഉപ്പിലിട്ട കാരയ്ക്കകളും നെല്ലിക്കകളും.  ഒരുപാട് മുടിയുള്ള അമ്മൂമ്മയുടെ കാരയ്ക്കകള്‍ക്ക് ഇന്നും രുചി ബാക്കി.  തൊട്ടപ്പുറത്ത് ഒരു പെട്ടിക്ക് പുറത്ത് കുപ്പികളില്‍ മിഠായി വില്‍ക്കുന്ന നാറാണപിള്ള ചേട്ടന്‍.

ആദ്യ ദിവസം തന്നെ കിട്ടിയ കൂട്ടുകാരി ക്ലാസ്സില്‍ മാത്രമല്ല കുസൃതിക്കും കൂട്ടായിരുന്നു.  അടിപിടി, അക്രമം, ഒളിച്ചോട്ടം അങ്ങനെ സജീവമായ ഒരു സ്‌കൂള്‍ ജീവിതം.

ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.  ക്ലാസ്സിലെ മിനിയുമായി ലത ഉടക്കി.  മിനിയെ ഇടിച്ചു പഞ്ചറാക്കാന്‍ ലതയ്‌ക്കൊപ്പം ഞാനും കൂടി.  ഇടിയേറ്റ് കരഞ്ഞ് തളര്‍ന്ന മിനി ക്ലാസ്സ് ടീച്ചറിന് മുന്നിലെത്തി.  ടീച്ചര്‍ വഴക്കും ഭീഷണിയും തന്ന് വിട്ടു.  ''വീട്ടിലറിയിക്കും'' എന്ന് മുന്നറിയിപ്പും.

ആ മുന്നറിയിപ്പിന് മുന്നില്‍ മര്യാദ പരിശീലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മിനിയെ ഇനി ഉപദ്രവിക്കേണ്ടാ എന്നും ഉറപ്പിച്ചു.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ ആദ്യമെത്തുന്നത് ലതയുടെ വീട്ടിലാണ്. പിന്നീട് മിനിയുടെ വീട്.  ഏറ്റവും ഒടുവിലാണ് എന്റെ വീട്.  അന്ന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ എന്നത്തെയും പോലെ മിനി ഒപ്പം വന്നില്ല.  അവള്‍ ഓടി മുന്നില്‍ പോയി.

ലതയുടെ വീട്ടിലേക്കുള്ള തിരിവ് കഴിഞ്ഞ് ഞാനൊറ്റയ്ക്ക് നടക്കുകയാണ്. മിനിയുടെ വീടിനും മുന്നില്‍ അവളുടെ അമ്മ, അമ്മായി ഒക്കെ നില്‍ക്കുന്നു.  മിനി കൂടെ നില്‍ക്കുന്നു.  വിജയഭാവത്തില്‍.
ഫോട്ടോൂ കെ എസ്‌ പ്രവീൺകുമാർ

ഫോട്ടോൂ കെ എസ്‌ പ്രവീൺകുമാർ


ഞാനടുത്തെത്തുന്തോറും അവളുടെ മുഖത്തെ ഭാവത്തിന് തീവ്രത കൂടി. ഒപ്പം അവളുടെ അമ്മ ഉച്ചത്തില്‍ എന്നെ തെറി പറയാനും തുടങ്ങി.

''നില്‍ക്കെടീ അവിടെ. എന്റെ കൊച്ചിനെ തൊട്ടുകളിക്കാന്‍ നീയാരാ, എവിടുത്തെയാ?''

അവരെന്റെ മുന്നില്‍ വന്ന് നിന്ന് അലറി ചോദിച്ചു. പേടിച്ച് കരഞ്ഞ് വിളിച്ച് ഞാനോടി, വീട്ടിലെത്തുന്നതു വരെ.

പിറ്റേന്ന് രാവിലെ സ്‌കൂളില്‍ പോയത് ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന അമ്മാവനൊപ്പമായിരുന്നു. മിനിയുടെ വീട്ടിന് മുന്നില്‍ ആരുമില്ല എന്ന് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.

ക്ലാസ്സില്‍ ചെന്ന് ലതയോട് കാര്യങ്ങളുടെ ''ഗൗരവം'' പറഞ്ഞു.  ലതയ്ക്കും പേടിയായി. വീടുകളിലറിഞ്ഞാല്‍ അടി ഉറപ്പ്.

ഞാന്‍ കട്ടായം പറഞ്ഞു:

''ഞാന്‍ ഇന്ന് വീട്ടില്‍ പോവില്ല. എനിക്ക് പേടിയാവുന്നു മിനിയുടെ വീടിന് മുന്നില്‍ക്കൂടി പോകാന്‍.  ഞാന്‍ പോവില്ല.''

ക്ലാസ്സ് സമയം മുഴുവന്‍ പോംവഴികള്‍ ആലോചിച്ചു. ഒടുവില്‍ ലത പറഞ്ഞു:

''അവളുടെ വീട് കഴിയുംവരെ ഞാന്‍ കൊണ്ടുവിടാം.''

പിന്നീട് എത്രയോ കാലം ലത സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ എന്നെ മിനിയുടെ വീട് കടത്തിവിടുമായിരുന്നു.

കാലം മാറ്റുന്ന കോലങ്ങള്‍ഇപ്പോള്‍ ലത താമസിക്കുന്നത് മിനിയുടെ വീട്ടിന്‌റെ തൊട്ടടുത്താണ്, അവര്‍ വലിയ കൂട്ടുകാരികളും.

ആദ്യത്തെ ഒളിച്ചോട്ടവും ഒന്നാം ക്ലാസ്സില്‍ തന്നെയായിരുന്നു. കണക്ക് പരീക്ഷയ്ക്ക് കിട്ടിയ മാര്‍ക്കുകള്‍ അനേ്യാന്യം കാണിക്കാതെ സ്ലേറ്റുകള്‍ മറച്ച് പിടിച്ച് കളിക്കുന്നതിനിടയില്‍ ലതയുടെ സ്ലേറ്റ് താഴെ വീണു പൊട്ടി.  ദേഷ്യം വന്ന് അവള്‍ എന്റെ തലയിലെ പൂമ്പാറ്റ ക്ലിപ്പ് പൊട്ടിച്ചു.  ഞാന്‍ വലിയ വായില്‍ കരയില്‍ തുടങ്ങി.  ലതയ്ക്ക് പേടിയായി.  പൊട്ടിയ സ്ലേറ്റും പൂമ്പാറ്റ ക്ലിപ്പും രണ്ട് പേര്‍ക്കും ശകാരം വാങ്ങിത്തരുമെന്ന് ഉറപ്പ്.  പോംവഴി കണ്ടു പിടിച്ചത് ഞാനാണ്.

''ഒളിച്ചോടാം''

മുന്നിലെ നീണ്ടു കിടക്കുന്ന പറമ്പിലേക്ക് ഒളിച്ചോടാന്‍ ലതയും സമ്മതം മൂളി. ഒളിച്ചോട്ടത്തിനിടയില്‍  12 പൂമ്പാറ്റകള്‍ , 2 തവളകള്‍ , 4 കാക്കകള്‍, 3 മൈനകള്‍ , 10 തുമ്പികള്‍, 6 പച്ചത്തുള്ളന്‍മാര്‍  എന്നിവരെയും മുക്കുറ്റി, തുമ്പ, കാശിത്തുമ്പ, കമ്മ്യൂണിസ്റ്റ് പച്ച, പലതരം മുള്‍ച്ചെടികള്‍, ഒരുപാട് നിറങ്ങളിലുള്ള പൂവുകള്‍, മാവുകള്‍, തെങ്ങുകള്‍, പ്ലാവുകള്‍, പേര മരങ്ങള്‍, ഒരു തേക്ക്, രണ്ട് താന്നി മരങ്ങള്‍, ഒരു പുന്നയ്ക്കാമരം എന്നിവയെയും ഞങ്ങള്‍ കണ്ടുുമുട്ടി.  ക്ഷേ അവയ്ക്കിടയിലൂടെ ഇഴഞ്ഞു വന്നൊരു മഞ്ഞ നിറമുള്ള ചേര സര്‍വ്വപരിപാടികളെയും അവതാളത്തിലാക്കി. പേടിച്ച് കരഞ്ഞ് വിളിച്ച് തിരിച്ചോടുമ്പോള്‍ പൊട്ടിയ സ്ലേറ്റും ക്ലിപ്പും മനസ്സില്‍ നിന്ന് മാഞ്ഞുപോയിരുന്നു.
വയനാട്ടിൽ കൽപ്പറ്റ കോളിമൂല കോളനിയിൽ നിന്ന്‌ൂ ഫോട്ടോ: എം എ ശിവപ്രസാദ്‌

വയനാട്ടിൽ കൽപ്പറ്റ കോളിമൂല കോളനിയിൽ നിന്ന്‌ൂ ഫോട്ടോ: എം എ ശിവപ്രസാദ്‌


(ഓര്‍മ്മകളുടെ മേച്ചില്‍പ്പുരങ്ങളില്‍ അലയുന്നത് ഇന്നത്തെ കുട്ടികളുടെ സ്കൂള്‍ തുറക്കല്‍ ദിനം കണ്ടപ്പോഴാണ്. ടെലിവിഷന് മുന്നില്‍ കമ്പ്യൂട്ടറിന് മുന്നില്‍, ടാബ്ലെറ്റ് സ്ക്രീനില്‍ തുടങ്ങിയ ഒന്നാം ക്ലാസ് ഏതേത് വർണ്ണങ്ങളിലാവും അവരുടെ മനസ്സുകളില്‍ തെളിഞ്ഞിട്ടുണ്ടാവുക..? 

നാളെ അവര്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതിനെകുറിച്ച് എന്താവും എഴുതുക?

ഏതു കൂട്ടുകാരി /കൂട്ടുകാരന്‍ ആവും ഓര്‍മ്മയില്‍ ആദ്യത്തേതെന്നു പറയാന്‍ ഉണ്ടാവുക?

മഹാമാരിയുടെ പെരുംവിളയാട്ടത്തില്‍  ഇതും ഒരു അനുഭവം.

കാലം മാറ്റത്തിന്റെ പതാകവാഹിയാണ്‌, ഒപ്പം ചേര്‍ന്ന് നടക്കുക അത് മാത്രമാണ് ചെയ്യാനാവുക.)


 


പ്രധാന വാർത്തകൾ
 Top