സിറിയ സങ്കീർണം... ഇൽഹാം അഹമ്മദുമായുള്ള അഭിമുഖം

ഇൽഹാം അഹമദ്
ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുർദുകൾക്ക് ഭൂരിപക്ഷമുള്ള വടക്കു കിഴക്കൻ സിറിയയിൽ ഉയർന്നുവന്ന ഭരണസമിതിയാണ് ഡെമോക്രാറ്റിക് ഓട്ടോണമസ് അഡ്മിനിസ്ട്രേഷൻ ഓഫ് നോർത്ത് ആൻഡ് ഈസ്റ്റ് സിറിയ (DAANES). വികേന്ദ്രീകൃത ഭരണം, ലിംഗസമത്വം, പാരിസ്ഥിതിക സുസ്ഥിരത, ഡെമോക്രാറ്റിക് കോൺഫെഡറലിസം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന തത്വങ്ങളിൽ അധിഷ്ഠിതമായാണ് DAANES പ്രവർത്തിക്കുന്നത്. നിരന്തരമായി ആക്രമിക്കുന്ന ഐസിസിൽനിന്നും മറ്റു തീവ്രവാദ ഗ്രൂപ്പുകളിൽനിന്നും തുർക്കിയപോലുള്ള ബാഹ്യശക്തികളിൽനിന്നും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) എന്ന സായുധ സംഘം DAANES ന് കീഴിലുള്ള ഭൂവിഭാഗത്തെ പരിരക്ഷിക്കുന്നു. ഐസിസിനോട് പൊരുതാനായി അമേരിക്ക ഇവർക്ക് സൈനിക സഹായം നൽകുന്നുണ്ട്. അബുബക്കർ അൽ ബാഗ്ദാദി തുടങ്ങിയ നിരവധി തീവ്രവാദിനേതാക്കൾ ഇവരുടെ സംഘടിത ഓപ്പറേഷനുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
എസ്ഡിഎഫിന്റെ രാഷ്ട്രീയ ശാഖയായ സിറിയൻ ഡെമോക്രാറ്റിക് കൗൺസിലിന്റെ (എസ്ഡിസി) എക്സിക്യൂട്ടീവ് പ്രസിഡന്റായിരുന്നു ഇൽഹാം അഹമ്മദ്. DAANESന്റെ ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ കോ–ചെയർ ആയ ഇൽഹാം തൊണ്ണൂറുകൾമുതൽ കുർദ് ജനതയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. ജനാധിപത്യം, സ്ത്രീസ്വാതന്ത്ര്യം എന്നിവയിൽ പ്രത്യേക ശ്രദ്ധയൂന്നിയുള്ള പ്രവർത്തനശൈലിയുടെ ഉടമയായ ഇൽഹാം അഹമ്മദുമായി എഴുത്തുകാരി ഹരിത സാവിത്രി നടത്തിയ ഓൺലൈൻ അഭിമുഖം.
രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും സിറിയ കൂടുതൽ ശിഥിലമാകാനുള്ള സാധ്യതയെക്കുറിച്ചുമുള്ള ആശങ്കകൾ എന്തൊക്കെയാണ്
ബാത്ത് പാർടിയുടെ ഭരണം അവസാനിച്ച് താൽക്കാലിക സർക്കാർ നിയന്ത്രണം ഏറ്റെടുത്തെങ്കിലും സിറിയ ഇതുവരെ ഒന്നായിട്ടില്ല. DAANES, ടർക്കിഷ് നിയന്ത്രിത ഗ്രൂപ്പുകളുടെ കീഴിലുള്ള പ്രദേശങ്ങൾ, അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും നിയന്ത്രണത്തിലുള്ള തെക്കൻ സിറിയയിലെ സായുധ ഗ്രൂപ്പുകൾ, മെഡിറ്ററേനിയൻ കടലിന്റെ തീരത്തുള്ള അലവി ഭൂരിപക്ഷപ്രദേശങ്ങൾ എന്നിവ വേറിട്ട് നിൽക്കുകയാണ്. ഇപ്പോഴുള്ള സർക്കാർ മൂന്നു മാസമേ അധികാരത്തിൽ നിലനിൽക്കൂ. തുടർന്ന്, സിറിയൻ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി പുതിയ താൽക്കാലിക സർക്കാർ മാർച്ചിൽ സ്ഥാപിക്കേണ്ടതുണ്ട്. ഏകീകൃത സൈന്യം, പുതിയ ഭരണഘടനാരൂപീകരണത്തിനായി കമ്മിറ്റി, ഇലക്‌ഷൻ എന്നിവ ഈ താൽക്കാലിക സർക്കാരിന്റെ ഒഴിവാക്കാനാകാത്ത കടമകളാണ്. നിലവിലെ ഗവൺമെന്റ് അതുവരെ സർക്കാർ സ്ഥാപനങ്ങൾ പുനഃസംഘടിപ്പിക്കാൻ ശ്രമിക്കും. ജൂലാനി സർക്കാരിലെ ആളുകൾ യഥാർഥത്തിൽ ആരാണെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ ഇപ്പോൾ സിറിയയിലെ അന്തരീക്ഷം പിരിമുറുക്കം നിറഞ്ഞതും പ്രക്ഷുബ്ധവുമാണ്. DAANES-ലെ ജനങ്ങളെപ്പോലെ അലവി, ഡ്രൂസ് വിഭാഗങ്ങളും ഭയപ്പെട്ടിരിക്കുന്നു. സിറിയയുടെ ഐക്യം സംരക്ഷിക്കുന്നതിന് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കേണ്ടത് പ്രധാനമാണ്. ഭാവി ഗവൺമെന്റ് മൗലികവാദത്തിനും മതത്തിനും പ്രാധാന്യം കൊടുത്ത് അധികാരകേന്ദ്രീകരണം നടത്തിയാൽ സിറിയയുടെ ഐക്യം അപകടത്തിലാകും.
എച്ച്ടിഎസിനും എസ്എൻഎക്കും തുർക്കിയ നൽകുന്ന പിന്തുണ ഓട്ടോമൻ സാമ്രാജ്യാഭിലാഷങ്ങളുമായി ഏത് വിധത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്
സിറിയൻ നാഷണൽ ആർമി (എസ്എൻഎ) എന്ന് വിളിക്കുന്ന ഇസ്ലാമിസ്റ്റ് സേനയെ തുർക്കിയ തുടർച്ചയായി പിന്തുണയ്ക്കുകയും സിറിയയിലെ മറ്റ് ഗ്രൂപ്പുകളെ, പ്രത്യേകിച്ച് കുർദുകളെ ആക്രമിക്കാൻ ഉപയോഗിക്കുകയും ചെയ്തു. എച്ച്ടിഎസിന് തുർക്കിയയുമായി നേരിട്ട് ബന്ധമുണ്ട്. ഈ സർക്കാർ നിയന്ത്രണം ഏറ്റെടുത്തശേഷം തുർക്കിയ സിറിയയുടെ മുഴുവൻ നിയന്ത്രണം നേടാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ, നിരവധി ടർക്കിഷ് ഉദ്യോഗസ്ഥർ ഡമാസ്കസിലെ പുതിയ സർക്കാരിനെ സന്ദർശിക്കുകയും അവരുടെ ആവശ്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സിറിയയിലെ സ്വന്തം ലക്ഷ്യങ്ങൾ കൈവരിക്കാൻ താൽക്കാലിക എച്ച്ടിഎസ് സർക്കാരിനെ ഉപയോഗിക്കുക എന്നതാണ് തുർക്കിയയുടെ ഉദ്ദേശ്യം. കുർദുകൾ, DAANES, സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്‌ഡിഎഫ്) എന്നിവയെ സിറിയയിലെ രാഷ്ട്രീയമാറ്റത്തിൽ പങ്കാളികളാകുന്നതിൽനിന്ന് തടയുക എന്നതാണ് തുർക്കിയയുടെ പ്രാഥമിക ലക്ഷ്യം. തങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതും തീവ്ര മതവാദത്തിൽ അധിഷ്ഠിതമായതുമായ ഒരു സുന്നി ഭരണകൂടം സിറിയയിൽ കെട്ടിപ്പടുക്കാൻ തുർക്കിയ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.
സിറിയയിൽ സുസ്ഥിര സമാധാനവും സ്ഥിരതയും സ്ഥാപിക്കാൻ പരിഹാരമാർഗങ്ങൾ എന്തൊക്കെയാണ്
വടക്കു കിഴക്കൻ സിറിയയിൽ ഇത്തരമൊരു രാഷ്ട്രീയ പരിഹാരത്തിനുള്ള മാതൃക നിങ്ങൾക്ക് കാണാൻ കഴിയും. വ്യത്യസ്ത രാഷ്ട്രങ്ങളിൽനിന്ന് വന്ന, വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളുമുള്ള മനുഷ്യർ അവിടെ ഒന്നിച്ചു താമസിക്കുന്നു. കുർദുകൾ, അറബികൾ, അർമേനിയക്കാർ, ചെചെനിയക്കാർ, തുർക്ക്മെൻസ്, യെസിദികൾ, സുന്നികൾ, അലവികൾ അങ്ങനെ എല്ലാ ഗ്രൂപ്പുകളുടെയും തുല്യ പങ്കാളിത്തത്തോടെ പന്ത്രണ്ടു വർഷത്തിലേറെയായി DAANES ഈ പ്രദേശം ഭരിക്കുന്നു. കുർദുകളും ക്രിസ്ത്യാനികളും 70 ശതമാനം അറബ് പോരാളികളും അടങ്ങുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് (എസ്‌ഡിഎഫ്) എന്ന സ്വയം പ്രതിരോധ സേനയ്ക്കും ഇത് ബാധകമാണ്. DAANES-ലും SDF-ലും സ്ത്രീകൾക്ക് മികച്ച പ്രാതിനിധ്യമുണ്ട്. ജനാധിപത്യ സിറിയ എന്ന പരിഹാരത്തിനുള്ള ഏക മാതൃകയാണ് DAANES. വിവിധ പ്രദേശങ്ങളും നഗരങ്ങളും ജനങ്ങൾ സ്വയം ഭരിക്കുന്ന ഒരു വികേന്ദ്രീകൃത സംവിധാനമാണിത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവരുടേതായ അവകാശങ്ങളുണ്ട്, എല്ലാ തീരുമാനങ്ങളെടുക്കൽ പ്രക്രിയകളിലും സ്ത്രീകൾക്ക് പ്രധാന പങ്കുണ്ട്. എല്ലാ DAANES സ്ഥാപനങ്ങളിലും 50 ശതമാനം വനിതാപ്രാതിനിധ്യമുണ്ട്.
പക്ഷേ, ഇസ്ലാമിസ്റ്റുകൾ അധികാരം ഏറ്റെടുത്തു കഴിഞ്ഞാൽ സിറിയയിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ ജീവിതം ഉറപ്പാക്കുന്ന ഒരു കമ്മിറ്റി, പുതിയ ഭരണഘടന, ഇലക്‌ഷനുകൾ, പുതിയ ഗവൺമെന്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾ ഭയക്കുന്നു.
സമാധാന പ്രക്രിയകളിലും രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിലും സ്ത്രീകളെ ഉൾപ്പെടുത്തുന്നുവെന്ന് DAANES ഏതെല്ലാം വിധത്തിലാണ് ഉറപ്പാക്കുന്നത്
തുടക്കംമുതൽ DAANES-ന്റെ നയവും ഘടനയും സ്ത്രീപ്രാതിനിധ്യത്തെ അടിസ്ഥാനമാക്കിയാണ് രൂപീകരിച്ചിരിക്കുന്നത്. ഇത് DAANES ന്റെ നിയന്ത്രണത്തിലുള്ള മേഖലകളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് കാരണമായി. വടക്കു കിഴക്കൻ സിറിയയിലെ സാമൂഹ്യ നേതാക്കൾ, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ, മത നേതാക്കൾ, അഭിഭാഷകർ, സ്ത്രീകൾ എന്നിവരുമായി നടത്തിയ സമഗ്രമായ ചർച്ചയുടെ ഫലമാണിത്. നിയമങ്ങൾ സ്ത്രീകൾക്ക് അവരുടെ സ്വന്തം ജീവിതം നയിക്കാനും സ്വയം തീരുമാനിക്കാനും വിശാലമായ തീരുമാനമെടുക്കൽ പ്രക്രിയകളിൽ പങ്കെടുക്കാനുമുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു. എല്ലാ DAANES സ്ഥാപനങ്ങളിലും കോ–ചെയർ സംവിധാനമുണ്ട്. എല്ലാ തീരുമാനങ്ങളെടുക്കൽ പ്രക്രിയകളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പങ്കാളിത്തം ഉണ്ടെന്നാണ് ഇതിനർഥം.
സിറിയയിലെ നിലവിലെ സാഹചര്യം രൂപപ്പെടുത്തുന്നതിൽ അമേരിക്ക, റഷ്യ, യൂറോപ്യൻ രാജ്യങ്ങൾ, യുഎൻ, ഇന്ത്യ തുടങ്ങിയ ശക്തികൾ എന്ത് പങ്കാണ് വഹിക്കുന്നത്
മനുഷ്യാവകാശങ്ങൾ അല്ലെങ്കിൽ പ്രകൃതിയുടെ സംരക്ഷണംപോലുള്ള വിഷയങ്ങളുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായ ജനാധിപത്യ ഭരണത്തിന്റെ പശ്ചിമേഷ്യയിലെ ആദ്യത്തെ ഉദാഹരണമാണ് DAANES. മത തത്വങ്ങൾക്കനുസൃതമായി ഭരിക്കപ്പെടുന്ന ഒരു പ്രദേശമായ സിറിയയുടെ ഒരു ചെറിയ ഭാഗത്ത് ഒരു സമൂഹം അതിൽനിന്ന് വ്യത്യസ്തമായി സ്വയം ക്രമീകരിച്ചിരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. എല്ലാ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾക്കും ഭാഷാ വൈവിധ്യത്തിനും ഈ സംവിധാനം തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്നു. അതിനാൽ ഈ മാതൃകയ്ക്ക് ഇന്ത്യ ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര ശക്തികളുടെയും പിന്തുണ നിർണായകമാണ്. പക്ഷേ, ഈ സംവിധാനം വളരെ ഗുരുതരമായ ആക്രമണങ്ങൾ, പ്രധാനമായും തുർക്കിയ ഭരണകൂടത്തിൽനിന്ന് അഭിമുഖീകരിക്കുകയാണ്. DAANES പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അവിടെ സ്വന്തം രാജ്യം സ്ഥാപിക്കാനും വർഷങ്ങളായി ദാഇഷ്(isis) ശ്രമിക്കുന്നു. എന്നാൽ, അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണയോടെ എസ്ഡിഎഫ് ഇതുവരെ ഈ ആക്രമണങ്ങളെ ചെറുത്തുനിന്നു.
ഇപ്പോൾ ദാഇഷ് ഭീഷണി വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. കാരണം അവരുടെ 12,000 അംഗങ്ങൾ DAANES ജയിലുകളിലാണ്. അവരുടെ കുടുംബങ്ങളിൽ പലരും DAANESന്റെ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലാണ് കഴിയുന്നത്. തുർക്കിയയുടെ ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ദാഇഷ് സ്ലീപ്പർ സെല്ലുകൾ അടുത്തിടെ സജീവമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ അന്താരാഷ്‌ട്ര ശക്തികളും DAANES നെ പിന്തുണയ്‌ക്കേണ്ടത് നിർണായകമാണ്. ഇത് ഈ മേഖലയിലെ മതപ്രേരിതമായ അക്രമങ്ങൾ കുറയ്ക്കാനും മതതീവ്രവാദത്തിൽ അധിഷ്ഠിതമായ പ്രസ്ഥാനങ്ങളെ തടയാനും DAANES നെ സഹായിക്കും. DAANES അതിന്റെ വിജയം ലോകത്തിന് മുന്നിൽ തെളിയിച്ചു. പക്ഷേ, തുർക്കിയ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. നാറ്റോയ്ക്ക് അതിന്റെ അംഗമായ തുർക്കിയയിൽ സമ്മർദം ചെലുത്താനും കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത് തടയാനും കഴിയും. കൂടാതെ, ഈ മേഖലയിലെ മതമൗലിക ശക്തികൾക്കെതിരായ DAANESന്റെയും SDF-ന്റെയും പോരാട്ടത്തെ ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികൾ പിന്തുണയ്ക്കേണ്ടതുണ്ട്.
0 comments