വെള്ളത്തിന്റെ വഴി തേടി കേരള ടു അർജന്റീന


ബിജോ ടോമി
Published on Feb 15, 2025, 10:06 PM | 5 min read
ഒരു കാസർകോട്ടുകാരൻ അർജന്റീനയ്‌ക്ക് വിമാനം കയറി. അവിടെനിന്ന് കുറച്ചു മണ്ണുമായി തിരിച്ചു പറന്നു. ഇനി ചില രഹസ്യങ്ങളുടെ ചുരുളഴിയും. അതിന് ഒരു ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ളത്ര കരുത്തുണ്ട്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂഗർഭ ജലസംഭരണിയായ ഗ്വാറാനി അക്വിഫറിനെക്കുറിച്ചും എസ്‌ട്രോസ് ഡെൽ ഇബേര എന്ന തണ്ണീർത്തടത്തെക്കുറിച്ചുമുള്ള അതീവ പ്രാധാന്യമുള്ള ഗവേഷണത്തിന്റെ ഭാഗമാണ് കാസർകോട് കോളിയടക്കം വടക്കേ വീട്ടിൽ ശരത് കുഞ്ഞിരാമൻ. അർജന്റീന, ബ്രസീൽ, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളുടെ ഉപരിതലത്തിനടിയിലാണ് ഗ്വാറാനി അക്വിഫർ സ്ഥിതി ചെയ്യുന്നത്. ഈ രാജ്യങ്ങളുടെ പ്രധാന ശുദ്ധജല സ്രോതസ്സ്.
200 വർഷത്തേക്ക് ലോകത്തിന് നൽകാൻ കഴിയുന്നത്ര വെള്ളത്തിന്റെ സംഭരണം ഇവിടെയുള്ളതായി കണക്കാക്കുന്നു. ഈ ഭൂഗർഭ സംഭരണിയിലെ ജലം ഉപരിതലത്തിൽ എത്തി (ഡിസ്‌ചാർജ് ഏരിയ) രൂപംകൊണ്ടതാണ് നോർത്ത് അർജന്റീനയിലെ കോറിയന്റസ് പ്രവിശ്യയിലെ എസ്‌ട്രോസ് ഡെൽ ഇബേര തണ്ണീർത്തടം. നദികളും തടാകങ്ങളും ചതുപ്പുകളും എല്ലാമായി 20,000 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ പരന്നുകിടക്കുന്ന ഭൂപ്രദേശം. ഈ തണ്ണീർത്തടത്തെ ജലസമൃദ്ധമാക്കുന്ന വെള്ളത്തിന്റെ ഉത്ഭവം സംബന്ധിച്ച വിവരങ്ങളും ഉപരിതലത്തിലേക്കുള്ള സഞ്ചാരപഥവും ഇനിയും അവ്യക്തം. ഇബേരയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ (ഐഎഇഎ) ധനസഹായത്തോടെയുള്ള ഗവേഷത്തിലാണ് അർജന്റീനയിലെ സർക്കാർ. ഇതിനുള്ള പതിനൊന്നംഗ സംഘത്തിലെ മലയാളി സാന്നിധ്യമാണ് ശരത് കുഞ്ഞിരാമൻ. തീർന്നില്ല, കേരള ടച്ച്. ഈ പ്രദേശത്തുനിന്ന് ശേഖരിച്ച മണ്ണ് പരിശോധിക്കുന്നത് കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിലും കേരള കേന്ദ്ര സർവകലാശാലയിലുമാണ്. ശരത് കുഞ്ഞിരാമന്റെ നോർത്ത് അർജന്റീനവരെയുള്ള യാത്രയ്‌ക്ക് ഒരു ഭൗമശാസ്‌ത്രജ്ഞൻ ആകണമെന്ന അടങ്ങാത്ത ആഗ്രഹമാണ് കൂട്ടായത്. നിലവിൽ കേരള സർവകലാശാലയിൽ ഹൈഡ്രോജിയോ കെമിസ്‌ട്രിയിൽ ഗവേഷണം ചെയ്യുന്ന ശരത് പ്രബന്ധം സമർപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. ഒപ്പം വലിയൊരു പ്രോജക്ടിന്റെ ഭാഗമായതിന്റെ സന്തോഷത്തിലും.
കാസർകോട് നിന്ന്
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ സെന്റർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ് (സിഎൽഎഎസ്) സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് ഫെലോഷിപ്പിന്റെ ഭാഗമായാണ് ശരത് അർജന്റീനയിൽ എത്തിയത്. പദ്ധതി ഡയറക്ടർ ഡോ. ഗിരീഷ് കുമാറിന്റെയും റിസർച്ച് ഗൈഡ് ഡോ. ഇ ഷാജിയുടെയും പിന്തുണ കരുത്തായി. മൂന്നു വർഷംമുമ്പാണ് ഇതിനായി ശരത് രജിസ്റ്റർ ചെയ്‌തത്. ജിയോളജിസ്റ്റ് ആയതിനാൽ അർജന്റീനയിലെ യൂണിസെൻ (Universidad Nacional del Centro de la Provincia de Buenos Aires) സർവകലാശാല ശരത്തിനെ തങ്ങളുടെ പദ്ധതിയിലേക്ക് ക്ഷണിച്ചു. പ്രോജക്ട് ഗൈഡായ ചീഫ് സയന്റിസ്റ്റ് മറിയ എമിലിയ സബാല ഇതു സംബന്ധിച്ച വിവരങ്ങൾ കൈമാറി. ഇതോടെ വലിയ ആവേശമായി. എങ്കിലും യാത്രയ്‌ക്ക് സമയം എടുത്തു. ഒടുവിൽ ജൂലൈ 20ന് ഗവേഷക സംഘം തണ്ണീർത്തടം സന്ദർശിക്കുമെന്ന് അറിയിപ്പ് ലഭിച്ചു. ചുരുക്കം ദിവസങ്ങൾ മാത്രമേ മുന്നിൽ ഉണ്ടായിരുന്നുള്ളൂ. വേഗത്തിൽ വിസ നടപടികൾ പൂർത്തിയാക്കി.
18ന് വൈകിട്ട് നോർത്ത് അർജന്റീനയിലെ ഗ്രേറ്റർ ബ്യൂണസ് ഐറിസിലെ ‘എസീസയിലെ’ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. ശരത് കുഞ്ഞിരാമൻ എന്ന ബോർഡുമായി ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന പ്രായംചെന്ന ഒരാളാണ് സ്വീകരിച്ചത്. കാറുമായി എത്തുന്ന ആൾക്ക് സ്‌പാനിഷ് മാത്രമേ അറിയൂ എന്ന് പ്രോജക്ട് ഗൈഡ് പറഞ്ഞിരുന്നു. അത് ചില്ലറ പണിയല്ല തന്നതെന്ന് ശരത് പറഞ്ഞു. നന്നായി ദാഹിക്കുന്നുണ്ടായിരുന്നു. വെള്ളം ചോദിച്ചെങ്കിലും ഡ്രൈവർക്ക് മനസ്സിലായില്ല. വാട്ടർ എന്നു പറഞ്ഞാൽപോലും അറിയില്ലെന്ന് അപ്പോഴാണ് മനസ്സിലായത്. വെള്ളത്തിനായി ആംഗ്യം കാണിച്ചെങ്കിലും ഡ്രൈവർ കരുതിയത് ബിയറാണ് ചോദിക്കുന്നതെന്നാണ്. ഒടുവിൽ ആൾക്ക് എങ്ങനെയോ കാര്യം മനസ്സിലായി. രാത്രിയോടെയാണ് സർവകലാശാല ക്യാമ്പസിൽ എത്തിയത്. അവധി സമയം ആയിരുന്നതിനാൽ വിദ്യാർഥികളൊന്നും ഇല്ലായിരുന്നു. ആദ്യമായാണ് ഇവിടെ ഒരു ഇന്ത്യക്കാരൻ എത്തുന്നത് എന്നാണ് സർവകലാശാല അധികൃതർ അറിയിച്ചത്. ഏറെക്കുറെ വിജനമായ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിലായിരുന്നു ശരതിന്റെ അർജന്റീനയിലെ ആദ്യരാത്രി.
ആയിരം കിലോമീറ്റർ
പിറ്റേന്ന് പുലർച്ചയോടെ ഇബേര തണ്ണീർത്തട പ്രദേശത്തേക്കുള്ള യാത്ര ആരംഭിച്ചു. തന്റെ സംഘാംഗങ്ങളെ ശരത് പരിചയപ്പെടുന്നത് അപ്പോഴാണ്. രണ്ടു പേർ ഫ്രാൻസിൽനിന്നുള്ളവർ, സെബാസ്റ്റിനും ഫെഡറികയും. അർജന്റീനയിലെ മുതിർന്ന ശാസ്‌ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരുമായിരുന്നു ബാക്കിയുള്ളവർ. 1000 കിലോമീറ്റർ ദൂരമുണ്ട് ക്യാമ്പസിൽനിന്ന് ഇബേരയിലേക്ക്. ട്രക്കുകളിലായായിരുന്നു യാത്ര. ഒരു പകൽ നീണ്ട യാത്രയ്‌ക്കുശേഷം വൈകിട്ടോടെ സ്ഥലത്തെത്തി. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന ഭൂപ്രകൃതിയാണ് അർജന്റീനയിലേത്. നേർരേഖയിൽ കിലോമീറ്ററുകളോം ദൂരത്തിലുള്ള റോഡുകൾ. പിന്നിട്ട വഴികളെല്ലാം പുതിയൊരു സംസ്‌കാരത്തെ അറിയുകയായിരുന്നു ശരത്. സമീപത്തുതന്നെ ഒരു വീട് താമസത്തിന് സജ്ജമാക്കിയിരുന്നു. പിറ്റേന്ന് രാവിലെതന്നെ പര്യവേക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുന്നും മലകളും നിറഞ്ഞ സ്വന്തം നാടിന്റെ ഭൂപ്രകൃതിയിൽ തികച്ചും വ്യത്യസ്‌തമായ പ്രദേശത്തെ ഓരോ കാഴ്‌ചയും കൗതുകം ജനിപ്പിച്ചു. വിവിധ ഇടങ്ങളിൽനിന്ന് മണ്ണും വെള്ളവും പരിശോധനയ്‌ക്കായി ശേഖരിക്കാൻ പത്തു ദിവസത്തോളം എടുത്തു. ഈ തണ്ണീർത്തടവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഗ്വാറാനി അക്വിഫർ തെക്കേ അമേരിക്കയിലെ തദ്ദേശീയ ജനവിഭാഗമായ ഗ്വാറാനി ജനതയുടെ പേരിലാണുള്ളത്.
12,00,000 ചതുരശ്ര കിലോമീറ്ററിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. 37,000 ക്യുബിക് കിലോമീറ്റർ വെള്ളം അടങ്ങിയിരിക്കുന്നതായി കരുതുന്നു. പ്രതിവർഷം മഴയിൽനിന്ന് 166 ക്യുബിക് കിലോമീറ്റർ വെള്ളം ഇവിടെ സംഭരിക്കപ്പെടുന്നു. ഈ ഭൂഗർഭ സംഭരണിയുടെ ഡിസ്‌ചാർജിങ് ഏരിയ ആയ എസ്റ്റെറോസ് ഡെൽ ഇബേര ഉപരിതലത്തിലെ ഏറ്റവും വലിയ ശുദ്ധജല ആവാസവ്യവസ്ഥകളിലൊന്നാണ്. പ്രദേശത്തിന്റെ ജൈവസമ്പത്ത് കണക്കിലെടുത്ത് ഇബേരയെ 2002ൽ സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തി. 4000 ഇനം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം. അവയിൽ ചിലത് ഈ ആവാസവ്യവസ്ഥയിൽമാത്രം കാണപ്പെടുന്നവയും വംശനാശ ഭീഷണി നേരിടുന്നവയുമാണ്. അറുപതിലധികം തടാകങ്ങൾ ഇവിടെയുണ്ട്. ഒഴുകി നടക്കുന്ന ദ്വീപുകൾ ഇവിടത്തെ പ്രത്യേകതയാണ്. പുൽമേടുകളും പനമരങ്ങളുമെല്ലാം ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്നു. - മുന്നൂറ്റമ്പതിലധികം ഇനം പക്ഷികളുണ്ട് ഇവിടെ. നാട്ടിൽ കാണുന്ന അങ്ങാടിക്കുരുവികൾ ധാരാളം ഉണ്ടെന്ന് ശരത് പറഞ്ഞു. കൂടാതെ പ്രാവ്, തത്ത തുടങ്ങിയവയ്‌ക്ക് വലുപ്പം കൂടുതലാണ്. ഇവയുടെ കൂടും കൗതുകകരമാണ്. വലിയ കൂട്ടിൽ നൂറുകണക്കിനു തത്തകൾ ഒരുമിച്ച് കഴിയുന്നു. ചീങ്കണ്ണികളും ധാരാളമുണ്ട്. പലപ്പോഴും സാമ്പിളുകൾ ശേഖരിക്കുമ്പോൾ മീറ്ററുകൾ മാറി ചീങ്കണ്ണികൾ ഉണ്ടാകും. പക്ഷേ, ഉപദ്രവകാരികളല്ല. ഇവിടെനിന്ന് ശേഖരിച്ച മണ്ണിന്റെ പരിശോധന കേരളത്തിലും വെള്ളത്തിലെ ഐസോടോപ്പുകെളെക്കുറിച്ചുള്ള പഠനമാകട്ടെ ഫ്രാൻസിലുമാണ്. അർജന്റീനയിൽ ഈ ഗവേഷണ പ്രവർത്തനങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിലും ചെലവ് വളരെ കൂടുതലാണ്. ഇതിനു പുറമെ അർജന്റീനയിലെ നാഷണൽ സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ റിസർച്ച് കൗൺസിലിന്റെയും നാഷണൽ ഏജൻസി ഫോർ സയന്റിഫിക് ആൻഡ് ടെക്‌നോളജിക്കൽ പ്രൊമോഷന്റെയും സാമ്പത്തിക സഹായത്തോടെയുള്ള മൂന്നു പ്രോജക്ടുകളുടെകൂടി ഭാഗമായിരുന്നു ശരത്.
ഭക്ഷണം, ജീവിതം
ഭ്രാന്തമായ ഫുട്‌ബോൾ ആവേശം ഇല്ലെങ്കിലും കാൽപ്പന്തുകളിയെ ഇഷ്‌ടപ്പെടുന്ന, ലോകകപ്പ് എത്തുമ്പോൾ ഇഷ്‌ട ടീമുകൾക്കായി ഫ്ലക്‌സുകൾ വയ്‌ക്കുന്ന ഒരു ശരാശരി മലയാളിയാണ് താനെന്ന് ശരത് പറഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ നാട്ടിൽ അർജന്റീനയുടെ ഫ്ലക്‌സ് വയ്‌ക്കാൻ ക്ലബ്ബിലെ കൂട്ടുകാർക്കൊപ്പം കൂടി. അന്ന് സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല അവിടെ പോകാനാകുമെന്ന്. മെസിയുടെയും റൊണാൾഡോയുടെയും നെയ്‌മറിന്റെയും കൂറ്റൻ കട്ട്‌ഔട്ട് പുള്ളാവൂരിലെ ചെറുപുഴയിൽ ഉയർന്നതും ഫിഫ ഒഫീഷ്യൽ പേജിൽ ഇത് പങ്കുവച്ചതും ഓർക്കുന്നില്ലേ. അവിടെയുള്ളവരെ ശരത് ഇത് കാണിച്ചെങ്കിലും അവർക്ക് കേരളം അത്ര സുപരിചിതമല്ല. കൂടുതൽ പേരും ബംഗ്ലാദേശിലെ സ്ഥലമായാണ് ഇത് കരുതിയിരുന്നത്. ബംഗ്ലാദേശിൽനിന്ന് ധാരാളം തുണി ഉൽപ്പന്നങ്ങൾ അർജന്റീനയിലേക്ക് എത്തുന്നുണ്ട്. ഇന്ത്യയെ അറിയുക യോഗയിലൂടെയാണ്. വീടുകളിൽ ഗണപതിയുടെയും ബുദ്ധന്റെയും വിഗ്രഹം കണ്ടത് അതിശയിപ്പിച്ചു എന്ന് ശരത് പറഞ്ഞു. ഇന്ത്യയിൽനിന്ന് ധാരാളം ചന്ദനത്തിരികളും ഇവിടെ എത്തുന്നു. വലിയ അളവിൽ ലിഥിയം നിക്ഷേപമുള്ള രാജ്യമാണ് അർജന്റീന. ലിഥിയം ഓക്സൈഡ് ഖനനത്തിന് അർജന്റീനയുമായി ഇന്ത്യ കരാറിലെത്തിയിട്ടുണ്ട്.
ലഭിക്കുന്ന പണം ഭാവിയിലേക്കായി സൂക്ഷിച്ചു വയ്‌ക്കുന്ന രീതിയൊന്നും ഇവർക്ക് ഇല്ല. കൃഷിയും വൈൻ നിർമാണവുമാണ് പ്രധാന ഉപജീവനമാർഗം. കുടിൽ വ്യവസായംപോലെ വൈനും ബിയറും നിർമിക്കുന്നു. കൂടുതൽ ആളുകളും പാവപ്പെട്ടവരാണ്. വലിയ പശുഫാമുകൾ ഇവിടത്തെ പ്രത്യേകതയാണ്. നോക്കത്തെ ദൂരം പരന്നുകിടക്കുന്ന ഭൂമി ഒരാളുടേതാകും. പതിനായിരക്കണക്കിനു പശുക്കളാകും അവിടെ ഉണ്ടാകുക. ഇവയെ പരിപാലിക്കുന്നതാണ് വലിയൊരു വിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗം. ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അർജന്റീന. ചീസും പന്നിയിറച്ചികൊണ്ടുള്ള പ്രത്യേക വിഭവവുമാണ് ഇവരുടെ പ്രധാന ഭക്ഷണം. ചിക്കനും മീനും ഉപയോഗിക്കുന്നത് കുറവാണ്. ചെമ്മരിയാടിന്റെ മാംസവും ഭക്ഷണത്തിന് ഉപയോഗിക്കും. ഇറ്റാലിയൻ പിസ ഇഷ്ട ആഹാരമാണ്. ഭക്ഷണം പാകം ചെയ്യുന്ന രീതിയും വ്യത്യസ്‌തമാണ്. മസാലകളൊന്നും ഉപയോഗിക്കാറില്ല. നാട്ടിൽനിന്ന് ബിരിയാണിക്കുള്ള സാധനങ്ങളുമായാണ് ശരത് പുറപ്പെട്ടത്. തന്റെ പ്രോജക്ട് ടീമിലെ എല്ലാവർക്കും ഒന്നാന്തരം ബീഫ് ബിരിയാണിയും വച്ചു നൽകി. കേരളത്തിൽ തേങ്ങ സുലഭമാണെന്ന് പറഞ്ഞപ്പോൾ ഇവർക്ക് അത്ഭുതമായിരുന്നു. ബ്രസീലിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വലുപ്പംകൂടിയ തേങ്ങയാണ് ഇവർ ഉപയോഗിക്കുന്നത്. തേങ്ങയും വെളിച്ചെണ്ണയും ചെലവേറിയ സാധനങ്ങളാണ് അർജന്റീനക്കാർക്ക്.
ജിയോളജിസ്റ്റ്
സ്‌കൂളിൽ പഠിക്കുമ്പോൾ പൊലീസാകണം എന്നായിരുന്നു ആഗ്രഹം. അതിനുള്ള ഉയരം തനിക്കില്ലെന്ന് മനസ്സിലായതോടെ അത് ഉപേക്ഷിച്ചു. പ്ലസ് ടു പഠനം ചെമ്മനാട് ജിഎച്ച്‌എസ്‌എസിൽ ആയിരുന്നു. ഇതിനിടെയാണ് ജിയോളജിസ്റ്റ് ആകണമെന്ന ആഗ്രഹം ഉദിച്ചത്. പ്ലസ് ടു കഴിഞ്ഞതോടെ അതിനുള്ള ശ്രമമായി. എങ്ങനെ അഡ്‌മിഷൻ നേടണമെന്നോ ഏതു കോഴ്‌സ് പഠിക്കണമെന്നോ പറഞ്ഞുതരാൻ ആരുമില്ലായിരുന്നു. എട്ടാം ക്ലാസുവരെമാത്രം വിദ്യാഭ്യാസമുള്ള അച്ഛൻ കുഞ്ഞിരാമനും അമ്മ സരോജനിക്കും ഇതൊന്നും പറഞ്ഞുകൊടുക്കാനുള്ള ലോകപരിചയം ഇല്ല. കാസർകോട് ഗവ. കോളേജിൽ ബിഎ ഹിസ്റ്ററിക്കാണ് അഡ്‌മിഷൻ ലഭിച്ചത്. ജിയോളജിക്ക് അഡ്‌മിഷന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പഠനം അവസാനിപ്പിച്ചു. വീട്ടിൽ പറയാൻ മടിയായതിനാൽ എന്നും പതിവുപോലെ വീട്ടിൽനിന്ന് ഇറങ്ങും. എന്തെങ്കിലും പണിക്ക് പോകും. അടുത്ത വർഷം അഡ്‌മിഷന്റെ സമയം ആയപ്പോൾ വീണ്ടും അപേക്ഷിച്ചു. ഇത്തവണ ശരത്തിന്റെ ആഗ്രഹം സഫലം. കാസർകോട് ഗവ. കോളേജിൽ ബിഎസ്‌സി ജിയോളജിക്ക് പ്രവേശനം ലഭിച്ചു. കേരള കേന്ദ്ര സർവകലാശാലയിൽ ആയിരുന്നു പിജി ചെയ്‌തത്. പഠനശേഷം സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ ഒരു വർഷം ജിയോളജിസ്റ്റായി ജോലി ചെയ്‌തശേഷമാണ് ശരത് ഗവേഷണത്തിലേക്ക് തിരിഞ്ഞത്. ഡോ. വി നന്ദകുമാർ, വി കുഞ്ഞമ്പു, പ്ലസ് ടുവിലെ അധ്യാപകനായ അഷ്‌റഫ് എന്നിവരുടെ പ്രോത്സാഹനവും ശരത്തിന് ഗുണകരമായി. കുടുംബത്തിലെ ആദ്യത്തെ ബിരുദാനനന്ത ബിരുദധാരിയാണ് ശരത്. സഹോദരി ശരണ്യ മംഗളൂരു സർവകലാശാലയിൽ ബിഎസ്‌സി മറൈൻ ജിയോളജി വിദ്യാർഥിയാണ്.
0 comments