എവർഗ്രീൻ നൊസ്റ്റുവിന്റെ പല്ലൊട്ടിക്കഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 10:42 PM | 0 min read


മൂന്നുസംസ്ഥാന അവാർഡ്‌ കരസ്ഥമാക്കിയതിലൂടെയും ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിലും റിലീസിന്‌ മുമ്പുതന്നെ ശ്രദ്ധനേടിയ ചിത്രമാണ്‌ പല്ലൊട്ടി. ജൈവികമായ സ്നേഹവും മനുഷ്യർക്കിടയിലെ ഇഴയടുപ്പവും രാഷ്ട്രീയവും അവതരിപ്പിച്ചതിനാൽ റിലീസിനു ശേഷവും മികച്ച പ്രതികരണങ്ങൾ തേടിയെത്തുന്ന പല്ലൊട്ടിയുടെ സംവിധായകനായ ജിതിൻരാജ്‌ സിനിമായാത്രയെക്കുറിച്ച്‌ സംസാരിക്കുന്നു.

പരിസരമാണ്‌ ആദ്യസിനിമ
ഓരോ സംവിധായകന്റെയും ആദ്യ സിനിമയും അതിന്റെ കഥാപരിസരവും പിന്നീടുള്ള യാത്രയിൽ നിർണായകമാണ്‌. ഒരുപാട് നാളത്തെ പരിശ്രമത്തിന്റെയും ചെറുപ്പംമുതൽ കണ്ട സ്വപ്നത്തിന്റെയും ഫലമാണത്‌. ആദ്യ സിനിമ സ്വന്തം ജീവിതത്തോടും വന്ന വഴികളോടും ചേർന്നുനിൽക്കണമെന്ന അതിയായ ആഗ്രഹത്തിൽനിന്നാണ് പല്ലൊട്ടി ഒരുക്കിയത്. ജനിച്ചുവളർന്നത് ഇരിഞ്ഞാലക്കുടക്കടുത്തുള്ള വെള്ളാങ്ങല്ലുർ ഗ്രാമത്തിലാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും മുന്നിൽവന്ന കാഴ്ചകളും നേരിട്ട അനുഭവങ്ങളുമുൾപ്പെടെയാണ്‌ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. ഗവണ്മെന്റ് സ്കൂളിൽ പഠിച്ചതുകൊണ്ട് മാത്രമാണ് പല്ലൊട്ടി ചെയ്യാനായത്‌. ഡാവിഞ്ചി സന്തോഷും നീരജ് കൃഷ്ണയും മികച്ച രീതിയിൽ സ്ക്രീനിലെത്തിച്ച കഥാപാത്രങ്ങൾ മിഠായി വായിലിട്ട് രുചിച്ച് പാടവരമ്പത്തുകൂടെ ഓടിയും ചാടിയും സ്‌കൂളിൽ പോയത് മലയാളിയുടെ കൂടി എവർ ഗ്രീൻ നൊസ്റ്റുവാണ്. ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ കാലത്തിന്റെ കാർബൺ കോപ്പിയാണ് സിനിമ.

സൗഹൃദം
സൗഹൃദങ്ങളാണ് എല്ലാകാലവും കൈമുതലായുള്ളത്. സിനിമയിലും അങ്ങനെ തന്നെയാണ്. 2017മുതൽ തിരക്കഥാകൃത്ത് ദീപക് വാസൻ, ഛായാഗ്രാഹകൻ ഷാരോൺ ശ്രീനിവാസ്, എഡിറ്റർ രോഹിത് എന്നിവർ ഒപ്പമുണ്ട്‌. ഞങ്ങൾ ക്രംഗനൂർ ടാക്കീസ് എന്നൊരു കലക്ടീവ്‌ ഉണ്ടാക്കിയശേഷം ചെയ്ത ആദ്യ ഹ്രസ്വചിത്രമായ പല്ലൊട്ടി ചർച്ച ചെയ്യപ്പെടുകയും ജനകീയമാവുകയും ചെയ്‌തു. രണ്ടുകൊല്ലം കഴിഞ്ഞ് ടോക്കിങ്‌ ടോയ്, വിരാഗ് എന്നീ പേരുകളിൽ രണ്ടു ഹ്രസ്വചിത്രങ്ങൾ കൂടി ചെയ്തു. ശേഷം ഞങ്ങൾ ഒരുമിച്ചുതന്നെയാണ് ബിഗ്‌സ്‌ക്രീൻ സിനിമ സ്വപ്നം കണ്ടതും ഇപ്പോൾ നേടിയെടുത്തതും. 2020ൽ സിനിമയുടെ കാര്യങ്ങൾ പ്രാരംഭ ആലോചനകൾ ആരംഭിക്കുകയും ആദ്യ സിനിമയായി പല്ലൊട്ടിതന്നെ ചെയ്യാമെന്ന തീരുമാനത്തിലെത്തുകയുമായിരുന്നു. 2021ൽ ആദ്യ ഷെഡ്യൂളും 2022ൽ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയാക്കി. ഞങ്ങളുടെ ടീമിൽ വിശ്വാസം അർപ്പിച്ച് എല്ലാപിന്തുണയും ഉറപ്പാക്കിയ നിർമാണം ഏറ്റെടുത്ത സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും വിജയത്തിൽ പ്രധാന പങ്ക് വഹിച്ചവരാണ്.


 

എൽജെപി ഫാക്ടർ
ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമ അവതരിപ്പിക്കുന്നത് എന്നത് സിനിമയ്ക്ക് കൂടുതൽ ഉത്തരവാദിത്വവും വിശ്വാസ്യതയും വർധിക്കാൻ കാരണമായി. സ്വാഭാവികമായും കൂടുതൽ കാഴ്ചക്കാരിലേക്കും അത്‌ നയിച്ചു. ലിജോ ചേട്ടൻ ഒരു ബ്രാൻഡാണ്‌. കെ ജി ജോർജ് സാറിനെപ്പോലെയൊക്കെ ക്ലാസിക് ചിത്രങ്ങളെടുക്കുന്ന ക്രാഫ്ട്‌മാനാണ് അദ്ദേഹം എന്നത് ഏത് ഭാഷയിലെയും സിനിമാ ആസ്വാദകർക്ക് സംശയമില്ലാത്ത കാര്യമാണ്. സിനിമ കണ്ട ശേഷം ചേട്ടൻ പറഞ്ഞത് പല സീനുകളും നന്നായി കണക്ടായെന്നും മറക്കാനാകാത്ത നല്ല നിമിഷങ്ങൾ ഓർത്തെടുക്കാൻ കാരണമായെന്നുമായിരുന്നു. പിന്നീടാണ് ചേട്ടൻ സിനിമ അവതരിപ്പിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. ഓർമയിലേക്കുള്ള ടൈം മെഷീനെന്ന് അദ്ദേഹം സമീപദിവസം സിനിമയെ അടയാളപ്പെടുത്തിയതുൾപ്പെടെ വലിയ അംഗീകാരമായാണ് ഞങ്ങൾ കാണുന്നത്.

3 സംസ്ഥാന അവാർഡ്‌
പണിയെടുത്തതിനുള്ള അംഗീകാരം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ഞങ്ങൾ ചെയ്ത വർക്കിൽ പൂർണ വിശ്വാസം അവസാനംവരെയും തുടർന്നു. എങ്കിലും മൂന്നു അവാർഡുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ നല്ല സിനിമകൾ പരിഗണിക്കപ്പെടുന്നതിൽ പ്രതീക്ഷയുണ്ട്‌. ജൂറികളുൾപ്പടെയുള്ളവർ ലോകോത്തരനിലവാരം പുലർത്തുന്നവരാണെന്നതിന്റെയും പക്ഷപാതം ഒട്ടുംതന്നെയില്ല എന്നതിന്റെയും തെളിവാണ്‌ പല്ലൊട്ടി പോലെയൊരു ചെറിയ ചിത്രത്തിന്‌ ലഭിച്ച വലിയ അംഗീകാരം.

ഗാനങ്ങളുടെ ജനകീയത
മണികണ്ഠൻ അയ്യപ്പ സംഗീതസംവിധാനം നിർവഹിച്ചത് വിജയ തിളക്കത്തിലെ മറ്റൊരു ഘടകമാണ്. ഒരു സിനിമയെ ഉയർത്തുന്നതിലും താഴ്ത്തുന്നതിലും നിർണായക പങ്ക് സംഗീതത്തിനുണ്ട്. അത് പാട്ടുകളും പശ്ചാത്തലസംഗീതവും ആകാം. പല്ലൊട്ടി സംഗീതത്താൽകൂടി അനുഗ്രഹിക്കപ്പെട്ട സിനിമയാണെന്ന് പലയിടങ്ങളിൽ ചർച്ച കണ്ടു. അദ്ദേഹം സിനിമയുടെ ആത്മാവ് അറിഞ്ഞാണ് സംഗീതം ഒരുക്കിയിരിക്കുന്നത് എന്നത് ഓരോ പോയിന്റിലും ഞങ്ങൾക്ക് മനസ്സിലായിരുന്നു. അത് തിയറ്ററിൽ പ്രതിഫലിച്ച് കാണുമ്പോൾ ഏറെ സംതൃപ്തിയുണ്ട്. മലയാളത്തിൽ പാട്ടുകൾ എഴുതി ട്രെൻഡ് സെറ്ററായ സുഹൈൽ കോയയാണ് വരികൾ എഴുതിയിരിക്കുന്നത്. സിനിമയിൽ നാലും സിനിമയിൽ ഇല്ലാത്ത നാലുപാട്ടും ഇരുവരും ചേർന്നാണ് ഒരുക്കിയത്‌.

കുട്ടികളുടെ മാത്രം സിനിമയല്ല
കുട്ടികളുടെ ചിത്രമെന്ന ലേബലിലേക്ക് ചുരുങ്ങരുത് എന്നാണ് ആഗ്രഹം, ഇതൊരു കുടുംബ ചിത്രമാണ്. പടം കണ്ടശേഷം മെസേജ് അയക്കുന്നവരിൽ പലരും ഇപ്പോഴത്തെ കുട്ടികളാണ്. തൊണ്ണൂറുകളുടെ റീമാസ്റ്റഡ് ഫോർകെ വേർഷനാണ് സിനിമ എന്നുള്ള അഭിപ്രായങ്ങൾ  ചില മൂവി ഗ്രൂപ്പുകളിൽ കണ്ടു. 90കളിൽ വളർന്നതും ഇപ്പോൾ 25–--45 വയസ്സ്‌ പ്രായമുള്ളവർക്കുമാണ് പല്ലൊട്ടിയോട്‌ കൂടുതൽ വൈകാരിക അടുപ്പം തോന്നുക. അവർക്കാണ്‌ വിഷമവും സന്തോഷവും അതിന്റേതായ തീവ്രതയിൽ കാഴ്ചയിലൂടെ ലഭിക്കുന്നത്‌. കാരണം അവരുടെ ചെറുപ്പമാണല്ലോ സിനിമ കാണിക്കുന്നത്. ഒപ്പം പുതുതലമുറയും അത് ആസ്വദിക്കും. നാട്ടുകഥകൾമുതൽ ഫെയ്‌സ്ബുക്ക് മീമുകൾവരെയുള്ളവയിൽ നിറഞ്ഞ നൊസ്റ്റാൾജിയ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത് കാണാൻ അവർക്കും ആഗ്രഹമുണ്ടായിരുന്നു എന്നാണ്‌ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.



deshabhimani section

Related News

0 comments
Sort by

Home