ഓസ്‌ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രമായി ഇസൈ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 16, 2024, 10:41 PM | 0 min read


കോളേജ് കാലത്ത് കൂടെ കൂടിയ സിനിമാ പ്രേമം ഷമിൽ രാജിനെ കൊണ്ടെത്തിച്ചത് ഓസ്‌ട്രേലിയൻ ഫിലിം ഫെസ്റ്റിവലിന്റെ വേദിയിൽ. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആയ ഫോക്കസ് ഓൺ എബിലിറ്റിയിൽ ഷമിലിന്റെ കഥയിലും തിരക്കഥയിലും ഒരുക്കിയ "ഇസൈ' ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഇരുപതോളം രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഷമിൽ ഈ നേട്ടത്തിന് അർഹനായത്. ലക്ഷ്യം സിനിമയാണെങ്കിലും ഷോർട്ട് ഫിലിം അതിനുള്ള ചുവടുവയ്‌പാണെന്ന് കരുതാനാണ് ഷമിലിന് ഇഷ്ടം. തുടക്കത്തിൽ അഭിനയമായിരുന്നു മോഹം. പിന്നീട് അത് തിരക്കഥയിലേക്കും സംവിധാനത്തിലേക്കും വ്യാപിച്ചു. കാസർകോട് എൽബിഎസ് എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന സമയത്ത് ഒരുക്കിയ "എലോൺ' എന്ന ഷോർട്ട് ഫിലിമാണ് ഷമിലിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. അന്ന് ആ ഷോർട്ട് ഫിലിം സംവിധാനത്തിൽ സുഹൃത്ത് കിരൺ നാഥും ഒപ്പമുണ്ടായിരുന്നു. പിന്നീടുള്ള യാത്രയിൽ ഷമിൽ മുന്നോട്ട് നീങ്ങിയത് ഒറ്റയ്ക്ക്. ഇപ്പോൾ കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിൽ ജോലി ചെയ്യുകയാണ്‌ ഷമിൽ.

2017ൽ കണ്ണൂർ സർവകലാശാല കലോത്സവത്തിലെ തിരക്കഥാ രചനയിൽ ഒന്നാമതെത്തിയത് ഷമിലിന്റെ എഴുത്തിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് ചെറുസിനിമകൾ ചെയ്തു. അതിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ഷമിലിന്റെ കഥയിൽ ഒരുക്കിയ "ആനപ്രേമി'യാണ്. ചിത്രം അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവൽ ഓഫ് കേരളയുടെ വേദിയിൽ പ്രദർശിപ്പിച്ചു. കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി വിലയിരുത്തിയിരുന്നു. ആ വിഷയം ചർച്ചയാകുന്ന ചെറുചിത്രമാണ് "ആനപ്രേമി'. ഉത്സവങ്ങളിൽ ആന ഒരാഘോഷമായി മാറുമ്പോൾ ആ മൃഗത്തോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതയ്ക്ക് നേരെയുള്ള വിരൽ ചൂണ്ടലാണ് നാലു മിനിറ്റ്‌ ദൈർഘ്യമുള്ള "ആനപ്രേമി'യെന്ന ചിത്രം. ചെറിയ സമയം കൊണ്ട് പ്രേക്ഷകർക്ക് ചിന്തിക്കാൻ ഒരുപിടി കാര്യങ്ങൾ നൽകിയാണ് ഷമിലിന്റെ ഓരോ ചിത്രവും അവസാനിക്കാറുള്ളത്. ആ ഗണത്തിൽപ്പെടുന്നതാണ് "ചാപ്റ്റർ വൺ' എന്ന ഹ്രസ്വചിത്രവും. ജനാധിപത്യ സംവിധാനത്തിലെ ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങളും വോട്ടെടുപ്പിന്റെ പ്രധാന്യവുമാണ് "ചാപ്റ്റർ വൺ' എന്ന ചിത്രത്തിൽ പങ്കുവയ്ക്കുന്നത്.

സന്ദേശങ്ങൾ നൽകുന്ന ഷോർട്ട് ഫിലിമുകൾ എടുത്തു തുടങ്ങിയപ്പോഴാണ് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ഒരു ചിത്രം എടുക്കണമെന്ന ആലോചനയുണ്ടായത്. അവരുടെ മാനസിക സംഘർഷങ്ങളെ കാമറയിലൂടെ പകർത്തുകയാണ് ഷമിന്റെ "ഇസൈ' എന്ന ഷോർട്ട് ഫിലിം. ഭിന്നശേഷിക്കാരനായ സഹോദരന്റെ ആഗ്രഹ സഫലീകരണത്തിനായി സമൂഹത്തോടും വീട്ടുകാരോടും നടത്തുന്ന ചെറു പോരാട്ടമാണ് "ഇസൈ'. ചുറ്റുപാടിൽനിന്ന് നേരിടേണ്ടിവരുന്ന ഓരോ ചോദ്യങ്ങൾക്കും മറുപടി നൽകി സഹോദരനെ ലക്ഷ്യത്തിലെത്തിക്കുമ്പോൾ പുതിയൊരു കാഴ്ചാനുഭൂതി തന്നെയുണ്ടാകുന്നു. മുഖ്യധാരയിലേക്ക് വരാൻ കൊതിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുനിർത്തണം എന്ന സന്ദേശം നൽകിയാണ് സിനിമ അവസാനിക്കുന്നത്. ചിത്രത്തിൽ അമൽകൃഷ്ണയും നവ്യപ്രജിത്തും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ കാമറ അർജുൻ രാഗ്, എഡിറ്റിങ് അനന്ദു വിജയ്, സംഗീതം ശ്രീരാഗ് രാധാകൃഷ്ണൻ, വരികൾ അമൽ രാജ് എന്നിവരാണ് നിർവഹിച്ചത്. നിർമാതാവ് ദേവപ്രഭ.

ഷോർട്ട് ഫിലിമിന്റെ ചിത്രീകരണത്തെക്കുറിച്ച് ഷമിൽ ഇങ്ങനെ പറയുന്നു. ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ഒരു ഷോർട്ട് ഫിലിം ചെയ്യാൻ ഒരുങ്ങിയപ്പോഴാണ് ഗോപിനാഥ് മുതുകാടിന്റെ  മാജിക് പ്ലാനെറ്റിൽ വിവിധ മത്സരങ്ങൾ നടക്കുന്നതും അവിടെവച്ച് ചിത്രീകരിക്കാനുള്ള അവസരം ലഭിക്കുന്നതും. തുടർന്ന് ആദ്യം തീരുമാനിച്ച തിരക്കഥയിൽ മാറ്റം വരുത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടിയെ ഉപയോഗിച്ച് "ഇസൈ' പൂർത്തീകരിക്കുകയായിരുന്നു. കേരള സംസ്ഥാന സാമൂഹിക നീതിവകുപ്പിന്റെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട "ഇസൈ' എഡ്യൂകോ ഓൾ ഇന്ത്യ മികച്ച രണ്ടാമത്തെ ചിത്രം എന്ന നേട്ടവും സ്വന്തമാക്കി. സമൂഹ മാധ്യമത്തിലൂടെയാണ് ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിനെക്കുറിച്ച് വിവരം ലഭിക്കുന്നതും അങ്ങനെയാണ് അതിലേക്ക് അയച്ചു കൊടുക്കുന്നതും. വോട്ടിങ്ങിലൂടെ അഞ്ചു ചിത്രങ്ങളിൽ ഒന്നായി മാറിയ "ഇസൈ' പിന്നീട് ജൂറി ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ചിത്രങ്ങളുടെ പട്ടികയിലും "ഇസൈ' ഇടം പിടിച്ചിരുന്നു. അപ്രതീക്ഷിതമായാണ് നേട്ടം തേടിയെത്തിയതെങ്കിലും സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവരുടെ പ്രയത്‌നത്തെക്കുറിച്ച് ഓർമിക്കുമ്പോൾ അവരുടെ കൂടി നേട്ടമായി കാണാനാണ് ആഗ്രഹമെന്നും ഷമിൽ പറയുന്നു. ചിത്രങ്ങളിലൂടെ സമൂഹ നന്മയ്ക്കുതകുന്ന ആശയങ്ങൾ പ്രേക്ഷകരുമായി സംവദിക്കണമെന്നാണ് ഷമിന്റെ ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ടത്. അങ്ങനെയൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷമിൽ.

പാഷനെ പ്രൊഫഷൻ ആകാൻ തീരുമാനിച്ചപ്പോൾ പിൻതുണയ്ക്കുന്നതിനെക്കാളും എതിർക്കുന്നവരാണ് കൂടുതൽ ഉണ്ടായിട്ടുള്ളത്. കഴിവിൽ വിശ്വസിച്ച് യാത്ര മുന്നോട്ട് തന്നെ നീങ്ങി വിജയം കൈവരിച്ചാൽ എതിർപ്പുകൾ പരിഗണനകളായി മാറുമെന്ന് ഷമിൽ പറയുന്നു. വിജയം പലപ്പോഴും അപ്രതീക്ഷിതം ആയിരിക്കും. പക്ഷേ, യാത്ര അവസാനിപ്പിക്കരുത്. തുടർന്നുകൊണ്ടേയിരിക്കണമെന്നാണ് ഷമിലിന്റെ ജീവിതത്തിന്റെ സൂത്രവാക്യം. സിനിമ എന്ന ബിഗ് സ്‌ക്രീനിന്റെ ഭാഗമാകാൻ കൊതിക്കുന്ന ഷമിലിന്റെ പരിശ്രമം ഷോർട്ട് ഫിലിമുകളൊരുക്കി മെച്ചപ്പെടുത്താനാണ് നീക്കം. അത് നല്ലൊരു തിരക്കഥാകൃത്തിനെയും സംവിധായകനെയും വികസിപ്പിക്കാൻ സഹായിക്കുമെന്നാണ് ഷമിൽ കരുതുന്നത്. പേരാമ്പ്ര സ്വദേശിയായ ഷമിലിന്റെ ആഗ്രഹങ്ങൾക്ക് പിൻതുണയേകി അച്ഛൻ പുഷ്പരാജ്, അമ്മ പ്രമീള, അനിയൻ അമൽ രാജ് എന്നിവർ കൂടെയുണ്ട്.



deshabhimani section

Related News

0 comments
Sort by

Home