24 February Sunday

അക്ഷരങ്ങള്‍കൊണ്ട് ഓര്‍മപ്പൂക്കള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2017


കോഴിക്കോട് > വി വി ദക്ഷിണാമൂര്‍ത്തിക്ക് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച്് മൂര്‍ത്തിമാഷ് ഒരു ഓര്‍മപ്പുസ്തകം’ എന്ന ഗ്രന്ഥം. അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയ പ്രഗത്ഭമതികളുടെ സ്മരണകളും മാഷെക്കുറിച്ചുള്ള വിലയിരുത്തലുകളുമാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. ജീവിതപങ്കാളി ടി എം നളിനിടീച്ചറുടെ മാഷെക്കുറിച്ചുള്ള ഓര്‍മപ്പൂക്കള്‍ എന്ന കുറിപ്പ് ദക്ഷിണാമൂര്‍ത്തിയിലെ നല്ലവനായ മനുഷ്യനെയും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകനെയും നിഷ്കളങ്കമായി വരച്ചുകാട്ടുന്നു.
അനുസ്മരണ കുറിപ്പുകള്‍ക്കപ്പുറം മാഷുടെ സംഭവബഹുലമായ ജീവിതം അനാവരണംചെയ്യുന്ന ജീവചരിത്രഗ്രന്ഥമാണ് ഈ പുസ്തകം. കൂത്താളി പഞ്ചായത്തിലെ പനക്കാടുള്ള ഇടത്തരം കുടുംബത്തില്‍ 1934-ലാണ് മാഷ് ജനിച്ചത്. 1950ല്‍ 16-ാം വയസ്സില്‍ പാര്‍ടി അംഗമായി.

1940-കളിലെ രാഷ്ട്രീയ സാഹചര്യമാണ് മാഷിലെ വിപ്ളവകാരിയെയും കമ്യൂണിസ്റ്റിനെയും രൂപപ്പെടുത്തിയത്. 1948-ല്‍ ആരംഭിച്ച നിര്‍ദയമായ കമ്യൂണിസ്റ്റ് വേട്ടയുടെ തുടര്‍ച്ചയിലാണ് കല്‍പ്പത്തൂരിലെ ചോയിയുടെ രക്തസാക്ഷിത്വം. 1950-ല്‍ പൊലീസ് സഖാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവം മാഷിന്റെ ചിന്തയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. ചോയിയുടെ രക്തസാക്ഷിത്വത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് താന്‍ കമ്യൂണിസ്റ്റായതെന്ന് മാഷ് പലയിടങ്ങളിലായി സൂചിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ മാഷ് അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. ജനപ്രതിനിധി എന്ന നിലക്കും കമ്യൂണിസ്റ്റ് പ്രക്ഷോഭകാരി എന്ന നിലക്കും ശ്രദ്ധേയ ഇടപെടലുകളാണ് മാഷ് നടത്തിയത്. മര്‍ദനങ്ങളും ജയില്‍വാസവും ഏറ്റുവാങ്ങിയ ത്യാഗപൂര്‍ണമായ ജീവിതം.

പ്രക്ഷോഭകാരിയും സംഘാടകനും പത്രാധിപരും എന്നെല്ലാമുള്ള നിലയില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തിന് അമൂല്യമായ സംഭാവനകളാണ് മാഷ് നല്‍കിയത്. അതിലെല്ലാമുപരി മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെയും തൊഴിലാളിവര്‍ഗ വീക്ഷണത്തിന്റെയും നിലപാടുകളില്‍നിന്ന് ആശയപ്രചാരണരംഗത്താണ് മാഷുടെ സവിശേഷമായ ഇടപെടലുകള്‍ ഉണ്ടായത്.

തൊഴിലാളിവര്‍ഗത്തിന് അന്യമായ എല്ലാവിധ പ്രവണതകള്‍ക്കും വ്യതിയാനങ്ങള്‍ക്കുമെതിരെ പാര്‍ടി നിലപാടുകളില്‍നിന്നുകൊണ്ടുള്ള ആശയസമരങ്ങളുടെ മുന്നില്‍ എന്നും മാഷുണ്ടായിരുന്നു.  മൂര്‍ത്തിമാഷിന്റെ വ്യത്യസ്ത മേഖലകളിലെ പ്രവര്‍ത്തനങ്ങളും സംഭാവനകളും ലേഖനങ്ങളിലൂടെ വിശദീകരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ടി എം നളിനി ടീച്ചര്‍, എം പി വീരേന്ദ്രകുമാര്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ടി പി രാമകൃഷ്ണന്‍, എ കെ പത്മനാഭന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, സി പി അബൂബക്കര്‍, പി രാജീവ്, പി മോഹനന്‍, സി പി നാരായണന്‍, പി എം മനോജ്, എ വി അനില്‍കുമാര്‍, കെ വി കുഞ്ഞിരാമന്‍, പി വി ജീജോ, വി കെ സുധീര്‍കുമാര്‍ എന്നിവരുടെ ലേഖനങ്ങളാണ് പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്. അവസാനഭാഗത്ത് ഫോട്ടോകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മാഷുടെ ഒന്നാം ചരമവാര്‍ഷികദിനമായ വ്യാഴാഴ്ച പുസ്തകത്തിന്റെ പ്രകാശനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിര്‍വഹിക്കും.
 

പ്രധാന വാർത്തകൾ
 Top