11 September Wednesday
വി കെ എൻ പഞ്ചതന്ത്രം-6

ഒറ്റക്കൈ ദീപം തൊഴൽ

കെ രഘുനാഥൻUpdated: Saturday Apr 22, 2023


ഒരിടയ്‌ക്ക്‌ വി കെ എൻ വൈകുന്നേരങ്ങളിൽ നടത്തം പതിവാക്കിയിരുന്നു. പകൽ മുഴുവനുള്ള ഇരിപ്പ്‌ ഉറക്കം വരാത്ത രാത്രികളിലെ ഇരിപ്പ്‌. ശരീരഭാരം നിയന്ത്രിക്കാനും ആരോഗ്യം വീണ്ടെടുക്കാനും മറ്റു മാർഗമില്ല. പിന്നെ ഡോക്ടറുടെ ആവശ്യവുമല്ലെ, നടന്നേക്കാം. നല്ലനടപ്പിൽ ശരീരം കന്നുപൂട്ടിയപോലെ  വിയർക്കാൻ തുടങ്ങി. രക്തസഞ്ചാരം മര്യാദപഠിച്ചു. ഉറക്കം ശരിയായി. ഇങ്ങനെ പോയാൽ നടന്നുകൊണ്ടുപോലും ഉറങ്ങാമെന്നു വി കെയെനു തോന്നി. അത്ര ജനകീയമായ നടത്തം.  എത്രയെത്ര പുതിയ പാതകൾ... കർഷക ഭവനങ്ങൾ... പുരാതന സംസ്‌കൃതികൾ...

ഒരു ദിവസം നടത്തത്തിനിടയിൽ ചെറിയ ക്ഷീണം തോന്നി അവിട കണ്ട കലുങ്കിൽ വി കെ എൻ ഇരുന്നു. കുറച്ചിരുന്നപ്പോൾ കലുങ്കിൽനിന്ന്‌ കാന്തസ്‌പർശം പോലൊരു അനുഭവം തോന്നി വികെയെന്‌. എന്നെ ഓർമയുണ്ടോ എന്ന്‌ ചോദിക്കുംപോലെ.

പണ്ടൊരിക്കൽ മൂത്താരേ എന്ന്‌ വിളിച്ച്‌ ചായക്കാശില്ലാതെ ചാത്തൻസ്‌ ഇരുന്ന കലുങ്കല്ലേ ഇത്‌. അതിലെ വർഷം നോക്കിയപ്പോൾ വി കെയെന്‌ ഓർമ വന്നു. അതെ. ഇതുതന്നെ. ഇരുന്ന ചന്തിയുടെ പാടുപോലും മാഞ്ഞിട്ടില്ല. അവന്റെ പ്രതികാരമായിരിക്കാം.  ഇന്നവൻ ജനറലായി. വിപ്ലവ നായകനായി സൈന്യത്തിൽ ശോഭിക്കുകയാണ്‌. ഈ കലുങ്കിന്‌ അവന്റെ പേരിടണമെന്ന്‌ തോന്നി വികെയെന്‌.

അങ്ങനെ ഭൂതകാലത്തിലിരിക്കുമ്പോൾ ഒരു ബൈക്കുവന്ന്‌ കലുങ്കിനടുത്ത്‌ നിന്നു. ഒരു ചെറുപ്പക്കാരൻ അതിൽ നിന്നിറങ്ങി... ചാത്തൻസിന്റെ വംശപരന്പര? വി കെ എന്‌ സംശയം, അതോ നിത്യഹരിത ചാത്തൻസ്‌ തന്നെ അവധിക്ക്‌ വന്നതോ....
‐എന്താ കലുങ്കിൽ ഇരിക്കുന്നത്‌? നല്ല പരിചയത്തിൽ അയാൾ വി കെയെനോട്‌ ചോദിച്ചു.

നടക്കാനിറങ്ങിയതാണ്‌. ഇടയ്‌ക്കൊന്നു വിശ്രമിക്കാമെന്നു വെച്ചു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ചെറിയ മഴക്കോളുമുണ്ട്‌.

ഞാൻ വീട്ടിൽ കൊണ്ടാക്കാം, അയാൾ പറഞ്ഞു. ഇനി നടന്നെത്തുമ്പോൾ കുറേ സമയമാവും. മഴയും വരും. കുടയില്ലല്ലൊ.
‐വേണ്ട നടന്നോളാം, വി കെ എൻ അതു നിരസിച്ചു. നടക്കാനിറങ്ങിയതല്ലേ.

‐ഇന്നിനി ഇത്രവൈകിയില്ലേ: ഞാനും ആ വഴിയാണ്‌ പോകുന്നത്‌. മൂത്താര്‌ വരൂ.
നിർബന്ധം മൂത്തപ്പോൾ വി കെ എൻ എഴുന്നേറ്റു. ഇവനാരാണ്‌ എന്നെ എങ്ങനെ ഇത്രപരിചയം. ആളെ തെറ്റിയതാവുമോ എന്നായി വി കെയെന്റെ ചിന്ത.
എന്തായാലും ബുള്ളറ്റിൽ കയറി. വിസ്‌തരിച്ചിരുന്നു.

വണ്ടി ഓടിത്തുടങ്ങിയപ്പോൾ വി കെ എൻ ചോദിച്ചു. എന്താ തന്റെ പേര്‌. മറുപടിയില്ല. വീട്ടുപേര്‌ എൻ കെ ദേശം? ഒന്നിനും മറുപടിയില്ല. സമ്പൂർണ നിശ്ശബ്‌ദത.

അപ്പോൾ വി കെ എൻ ശ്രദ്ധിച്ചു. യുവാവ്‌ വിളക്കുതൊഴുകയാണ്‌. കടന്നുപോകുമ്പോൾ ഓരോ വീട്ടിലും ഉമ്മറത്തുകാണുന്ന സന്ധ്യാദീപത്തെ വന്ദിക്കുകയാണ്‌. വണ്ടി നിർത്തുന്നില്ലെന്നുമാത്രം. ഒറ്റക്കൈകൊണ്ടാണ്‌ തൊഴൽ. അഭിവാദ്യംപോലെ.
വി കെ എൻ ഒന്നു ഞെട്ടി. ഇരുട്ടാണ്‌ ബൈക്ക്‌ ഒന്ന്‌ സ്ലിപ്പായാൽ... യുവാവ്‌ അതൊന്നും ശ്രദ്ധിക്കുന്നില്ല. വീട്ടുകാർ വിളക്കുകൊളുത്തിവച്ചിരിക്കുന്നത്‌ അയാൾക്ക്‌ തൊഴാനാണ്‌ എന്ന മട്ട്‌. അങ്ങനെ കുറേ ദൂരമായി. വെറുതെയല്ല ക്ഷീണം തോന്നിയത്‌. ഇത്രദൂരം നടന്നുപോന്നിരിക്കുന്നു. വി കെ എൻ ഓർത്തു.

ഒരു ആലിൻചുവട്‌. അവിടെയൊരു കൽവിളക്ക്‌. യുവാവ്‌ ബൈക്കുനിർത്താതെ അതിനെയൊന്നു പ്രദക്ഷിണം ചെയ്‌തു അഭ്യാസിയെപ്പോലെ ദീപനാളത്തെ ഉഴിഞ്ഞ്‌ ശിരസ്സിൽവെച്ച്‌ വീണ്ടും ബൈക്കോടുന്നു.

വി കെ എൻ വീണ്ടുമൊന്നു ഞെട്ടി. ഞാൻ പിന്നിലുള്ള കാര്യം ഇവനോർമയില്ലേ. റോഡാണെങ്കിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്നു.  സ്‌ട്രീറ്റ്‌ ലൈറ്റുമില്ല. നല്ല സ്‌പീഡും.
‐ സ്‌റ്റോപ്പ്‌... രണ്ടും കൽപ്പിച്ച്‌ വി കെ എൻ യുവാവിന്റെ ചുമലിൽത്തട്ടി പറഞ്ഞു.

‐ഇനിയും ദൂരം കുറച്ചുണ്ടല്ലോ വീടെത്താൻ... പയ്യൻ ബൈക്ക്‌ വേഗം കുറയ്‌ക്കാതെ ചോദിച്ചു.
‐വേണ്ട, ഞാനിവിടെ ഇറങ്ങിക്കോളാം.
‐ അയ്യോ ലൈറ്റില്ലാത്ത ദിവസമാണ്‌. എനിക്ക്‌ ബുദ്ധിമുട്ടില്ല ഞാൻ വീട്ടിൽ കൊണ്ടാക്കാം.
‐അല്ല എനിക്ക്‌ ബുദ്ധിമുട്ടുണ്ട്‌. വി കെ എൻ ഉച്ചത്തിൽ പറഞ്ഞു.
അയാൾ ബൈക്ക്‌ നിർത്തി. വി കെ എൻ ചാടിയിറങ്ങി
‐ എന്താ സ്‌പീഡ്‌ കൂടിയിട്ടാണോ? പയ്യൻ ബഹുമാനപൂർവം ചോദിച്ചു.
‐അതല്ല, ഓരോ വീട്ടിലും വിളക്ക്‌ കണ്ട്‌ താൻ തൊഴുതല്ലോ.
ഉവ്വ  വിളക്ക്‌ എവിടെക്കണ്ടാലും ഞാൻ തൊഴും. ഭക്തനാണ്‌.

‐ഒരു കൈവിട്ടാണ്‌ നീ െതാഴുതത്‌.
‐അതെ, ബൈക്ക്‌ നിർത്തണ്ട എന്ന്‌ കരുതിയാണ്‌. ടൈം ലാഭിക്കാമല്ലോ.
റോഡുമുഴുവൻ കുഴിയാണ്‌.

അതുസാരമില്ല. എനിക്ക്‌ നല്ല കൺട്രോളുണ്ട്‌.
‐എനിക്കതില്ല. മാത്രമല്ല, കുറച്ചുകൂടി ചെന്നാൽ വലിയൊരന്പലമുണ്ടല്ലോ. എവിടെ വിളക്കുകണ്ടാലും ഒറ്റക്കൈകൊണ്ട്‌ തൊഴുന്ന നീ അന്പലം കണ്ടാൽ രണ്ടു കൈയുമെടുത്ത്‌ തൊഴില്ലേ. അപ്പോൾ എന്റെ കാര്യം എന്താവും. അതിന്‌ മുന്പ്‌ ഇറങ്ങിയതാണ്‌. ഗുഡ്‌നൈറ്റ്‌. വി കെ എൻ ആശംസിച്ചു. പോക്കോ....

(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top