08 October Tuesday

വിഴിഞ്ഞം തുറമുഖം ; കരാർ 40 വർഷം , 
2034 മുതൽ ലാഭവിഹിതം

സ്വന്തംലേഖകൻUpdated: Monday Jul 15, 2024

തിരുവനന്തപുരം> വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ചരക്ക്‌ ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ കേരളത്തിന്റെ വിവിധരംഗങ്ങളിലെ സാധ്യതകളും വർധിച്ചു. പ്രധാനനേട്ടം നികുതി വരുമാനം കൂടുമെന്നതാണ്‌. ചരക്കിറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേൽ ഇന്റഗ്രേറ്റഡ് ജിഎസ്ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിനാണ്‌. പുറമെ ചരക്കുകൾ കയറ്റിയിറക്കു ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകൾക്ക് നൽകുന്ന മറ്റു സേവനങ്ങളുടെ ഫീസിലും കപ്പലുകൾ തുറമുഖത്ത് ഇന്ധനം നിറയ്‌ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും. ഒരുകപ്പൽ  പോകുമ്പോൾ ഒരുകോടി രൂപ എങ്കിലും വിഴിഞ്ഞം തുറമുഖത്തിന്‌ ലഭിക്കുമെന്നാണ്‌ ഈരംഗത്തുള്ളവർ പറയുന്നത്‌. ഇതിന്റെ 18 ശതമാനം ജിഎസ്‌ടിയാണ്‌. അതിൽ പകുതി കേരളത്തിനുള്ളതാണ്‌. 

രാജ്യത്തേക്കുള്ള കണ്ടെയ്‌നറുകളിൽ 70–-80 ശതമാനംവരെ കൊളംബോ തുറമുഖത്താണ്‌ ഇറക്കുന്നത്‌. അതിൽ 20–-30 ശതമാനംവരെ വിഴിഞ്ഞത്തേക്ക്‌ കൊണ്ടുവരാൻ കഴിയും. ഒന്നാംഘട്ടത്തിൽ തുറമുഖത്തിന്‌ 10 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുള്ളത്‌. 15 ലക്ഷം കണ്ടെയ്‌നർ കൊണ്ടുവരാൻ കഴിയും.

ഈവർഷം അവസാനത്തോടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണപ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ ഘട്ടത്തിൽ പതിനായിരം കോടി രൂപയാണ്‌ നിക്ഷേപമായി എത്തുക. ഇതിനു പുറമേ സർക്കാർ പശ്‌ചാത്തല വികസനത്തിനും മറ്റുമായി 8000 കോടി രൂപയുടെ പദ്ധതിയും ആലോചിക്കുന്നുണ്ട്‌. ടൂറിസം രംഗത്തും കുതിച്ചുച്ചാട്ടമുണ്ടാകും. ഹോട്ടൽ വ്യവസായത്തിനും അത്‌ ഗുണംചെയ്യും. കപ്പലിലേക്ക്‌ ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കേരളത്തിൽനിന്ന്‌ നൽകും. അതിലൂടെയും വരുമാനം ഉണ്ടാകും.

കരാർ 40 വർഷം , 
2034 മുതൽ ലാഭവിഹിതം
കേന്ദ്ര ആസൂത്രണ കമീഷൻ തയ്യാറാക്കിയ സംസ്ഥാന തുറമുഖങ്ങൾക്കായുള്ള മാതൃകാ കൺസഷൻ കരാർ പ്രകാരമാണ് വിഴിഞ്ഞം പദ്ധതിയുടെ കരാർ തയ്യാറാക്കിയത്. 40 വർഷമാണ് കരാർ കാലാവധി. അടുത്ത രണ്ട്‌ ഘട്ടങ്ങളും അദാനി ഗ്രൂപ്പ്‌ സ്വന്തം ചെലവിൽ പൂർത്തിയാക്കിയാൽ നടത്തിപ്പവകാശം 20 വർഷംകൂടി നീട്ടും. ഓഖി, പ്രളയം തുടങ്ങിയ കാരണങ്ങളാൽ നിർമാണം വൈകിയെന്ന അദാനിഗ്രൂപ്പിന്റെ വാദം ശരിവച്ച്‌ സർക്കാർ നിർമാണക്കാലയളവ്‌ അഞ്ച്‌ വർഷംകൂടി നീട്ടി നൽകിയിരുന്നു. ഇതോടെ 65 വർഷം തുറമുഖത്തിന്റെ നടത്തിപ്പവകാശം അദാനിഗ്രൂപ്പിന്‌ ലഭിക്കും.   കരാർ അനുസരിച്ച്‌ 2034 മുതൽ ഒരു ശതമാനംവീതം  ലാഭവിഹിതം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള  വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌  ലിമിറ്റഡിന്‌ (വിസിൽ) നൽകും. ലാഭവിഹിതം ഓരോ വർഷവും ഒരു ശതമാനം വീതം വർധിക്കും. 20,000 പേർക്ക്‌ നേരിട്ട്‌ തൊഴിൽ ലഭിക്കുമെന്നാണ്‌ കരുതുന്നത്‌.

 

ഇറക്കിയത്‌ 
1000 കണ്ടെയ്‌നർ
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ എത്തിയ ഡെന്മാർക്ക്‌ ഷിപ്പിങ്‌ കമ്പനിയുടെ ചരക്ക്‌ കപ്പലായ സാൻ ഫെർണാഡോയിൽനിന്ന്‌ വെള്ളി രാത്രി വരെ ഇറക്കിയത്‌ ആയിരത്തിലേറെ കണ്ടെയ്‌നർ. രണ്ടായിരത്തിനടുത്ത്‌ കണ്ടെയ്‌നർ ഇറക്കിയേക്കും. ട്രയൽറൺ കഴിഞ്ഞ്‌ വൈകിട്ടോടെ സാൻ ഫെർണാഡോ മടങ്ങുമെന്ന്‌ അറിയിച്ചിരുന്നെങ്കിലും കണ്ടെയ്‌നർ ഇറക്കുന്നത്‌ വൈകിയതിനാൽ ശനി വൈകിട്ടോ ഞായർ രാവിലെയോയാകും മടക്കം. കൊളംബോ വഴി യൂറോപ്പിലേക്കാണ്‌ യാത്ര.
കപ്പൽ മടങ്ങിയശേഷമാകും കണ്ടെയ്‌നർ കൊണ്ടുപോകാനുള്ള ഫീഡർ വെസലുകൾ (ചെറുകപ്പലുകൾ) വരുക. കൊൽക്കത്ത, മുംബൈ തുറമുഖത്തേക്കുള്ള കണ്ടെയ്‌നറുകൾ വിഴിഞ്ഞത്ത്‌ ഇറക്കി. വിഴിഞ്ഞം തുറമുഖത്തിന്‌ ആവശ്യമുള്ള വിവിധ ഉപകരണങ്ങളുമുണ്ട്‌. 

അടുത്തഘട്ടം സമയബന്ധിതമായി 
പൂർത്തികരിക്കും : വി എൻ വാസവൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ ട്രയൽ റൺ ചടങ്ങിൽ അധ്യക്ഷനായ തുറമുഖ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനലായി  2028-ൽ വിഴിഞ്ഞം തുറമുഖം മാറും.  8867.14 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ ചെലവ്. ഇതിൽ 5595.34 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഹിതം. കേരളത്തിലേക്ക്  10,000 കോടിയുടെ നിക്ഷേപത്തിനും വിഴിഞ്ഞം തുറമുഖം വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം നിർണായകം : സർബാനന്ദ സോനോവാൾ
പൊതുമേഖല -–-സ്വകാര്യ സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്ര ഷിപ്പിങ്‌ മന്ത്രി സർബാനന്ദ സോനോവാൾ. വിഴിഞ്ഞം  ട്രയൽ റൺ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. കൊളംബോയിലെയും സിം​ഗപ്പൂരിലെയും ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കാൻ വിഴിഞ്ഞത്തിന് കഴിയും.   മലയാളികൾ നല്ല മനസുള്ളവരും ആതിഥ്യ മര്യാദയുള്ളവരുമാണ്. മലയാളികളുടെ ഊഷ്മള വരവേൽപ്പിന് നന്ദിയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പിന്തുണ നൽകിയത്‌ മുഖ്യമന്ത്രി: കരൺ അദാനി
വിഴിഞ്ഞം പദ്ധതിയുടെ പ്രതിസന്ധി ഘട്ടങ്ങളിലടക്കം മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച പിന്തുണയാണ് നൽകിയതെന്ന്‌ അദാനി പോർട്‌സ് എംഡി കരൺ അദാനി. ട്രയൽറൺ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. 33 വർഷം നീണ്ട സ്വപ്‌നമാണ് യാഥാർഥ്യമായത്. പുതിയതും മഹത്തായതുമായ നേട്ടത്തിന്റെ പ്രതീകമാണ് സാൻ ഫെർണാണ്ടോ. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ്‌ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനലും ഏറ്റവും വലിയ ആഴക്കടൽ തുറമുഖവും വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ലോകത്തെ അറിയിക്കുന്ന സന്ദേശവാഹകനാണിത്. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിനും വിഴിഞ്ഞത്തെ അത്രയും സാങ്കേതികവിദ്യയില്ല. സഹകരണത്തിന് കേരളത്തിനും മലയാളികൾക്കും നന്ദി.

2028-–-29 ഓടെ തുറമുഖത്തിന്റെ നാലുഘട്ടങ്ങളും പൂർത്തിയാകുമ്പോൾ മൊത്തം 20,000 കോടി രൂപ നിക്ഷേപിക്കും. വിഴിഞ്ഞത്ത് 5,500ലധികം നേരിട്ടുള്ള തൊഴിൽ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ മാതൃകയിലുള്ള അദാനി ഗ്രൂപ്പിന്റെ സ്‌നേഹോപഹാരം മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനും കരൺ അദാനി സമ്മാനിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top