31 October Saturday

വിഴിഞ്ഞത്തെ തീറെഴുതിയത്‌ യുഡിഎഫ്‌ കാലത്ത്‌ ; വിമാനത്താവളത്തിൽ അദാനി അനാവശ്യം

വെബ് ഡെസ്‌ക്‌Updated: Friday Aug 28, 2020

തിരുവനന്തപുരം
വിഴിഞ്ഞം തുറമുഖത്ത്‌ ലാഭക്കണ്ണോടെ രംഗത്തുവന്ന അദാനിയെ  എതിർത്ത്‌ ആദ്യം രംഗത്തുവന്നത്‌ സിപിഐ എം. സംസ്ഥാന സർക്കാരിന്റെ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധമായ കരാറിലെ വ്യവസ്ഥകളെ പാർടി തുറന്നുകാട്ടുകയും ചെയ്‌തു. എന്നാൽ, ഇത്‌ വകവയ്‌ക്കാതെ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അദാനിക്ക്‌ തീറെഴുതുകയും നിർമാണ ഉദ്‌ഘാടനം നടത്തുകും ചെയ്‌തു. പദ്ധതി ആരംഭിച്ച സാഹചര്യത്തിൽ കേരളത്തിന്റെ ഭാവിവികസനത്തിനു സഹായകമാകുന്ന ഒന്ന്‌ നിലയ്‌ക്കരുതെന്ന ഉദ്ദേശത്താൽ മാത്രമാണ്‌ പദ്ധതി തുടർന്നത്‌. ഇത്‌ മറച്ചുവെച്ചാണ്‌ സർക്കാർ വിഴിഞ്ഞം തുറമുഖം പദ്ധതിയിൽ അദാനിയെ അനുകൂലിക്കുകയും വിമാനത്താവളത്തിന്റെ കാര്യത്തിൽ എതിർക്കുകയും ചെയ്യുന്നു എന്ന തരത്തിൽ വാർത്ത ചമയ്‌ക്കുന്നത്‌.

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായി വിഴിഞ്ഞത്തെ വിഭാവനം ചെയ്‌തതും നടപ്പാക്കാൻ തീരുമാനിച്ചതും മുൻ എൽഡിഎഫ്‌ സർക്കാരുകളായിരുന്നു. പദ്ധതി നടപ്പാക്കുന്നതിനെയല്ല, സംസ്ഥാന താൽപ്പര്യത്തിനു വിരുദ്ധമായ വ്യവസ്ഥകളെയാണ്‌ സിപിഐ എം എതിർത്തത്.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിഴിഞ്ഞം തുറമുഖനിർമാണം പൊതു ഉടമസ്ഥതയിലും പ്രവർത്തനം പൊതു- സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലും നടത്താനാണ് തീരുമാനിച്ചത്. ഉടമസ്ഥത സംസ്ഥാന സർക്കാരിൽ
നിക്ഷിപ്തമാകുകയും നടത്തിപ്പിന് സ്വകാര്യപങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്ന രീതിയായിരുന്നു അത്. ഇതിനെ ഉമ്മൻചാണ്ടി സർക്കാരാണ്‌ അട്ടിമറിച്ചത്‌.

വിമാനത്താവളത്തിൽ അദാനി അനാവശ്യം
കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ മികച്ച രീതിയിൽ നടത്തിക്കൊണ്ടുപോകുന്നതിന്റെ പരിചയം ചൂണ്ടിക്കാട്ടിയാണ്‌ തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന്‌ സർക്കാർ ആവശ്യപ്പെട്ടത്‌. അദാനിയില്ലാതെതന്നെ വിമാനത്താവളം വികസിപ്പിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top