കോഴിക്കോട്/കോട്ടയം > അഞ്ചാണ്ടിന്റെ നന്മയും കരുതലും ജനങ്ങളുമായി പങ്കുവച്ച് വികസന മുന്നേറ്റ ജാഥകൾ പര്യടനം തുടരുന്നു. ഇടതുപക്ഷ ഭരണതുടർച്ചയ്ക്കായി ജനപഥങ്ങളെ ഇളക്കിമറിച്ചാണ് ജാഥകളുടെ മുന്നേറ്റം. ഓരോ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് ആവേശോജ്വല സ്വീകരണമൊരുക്കിയത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാജാഥ കോഴിക്കോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി. രാവിലെ ചേളന്നൂർ കുമാരസ്വാമിയിൽ നിന്നാണ് പര്യടനമാരംഭിച്ചത്.
മാവൂർ, ഫറോക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കോഴിക്കോട് കടപ്പുറത്ത് പുതുതായി നിർമിച്ച ഫ്രീഡം സ്ക്വയറിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റനു പുറമെ ജാഥാംഗങ്ങളായ കെ പി രാജേന്ദ്രൻ, പി സതീദേവി, പി ടി ജോസ്, കെ ലോഹ്യ, പി കെ രാജൻ, ബാബു ഗോപിനാഥ്, കെ പി മോഹനൻ, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, എ ജെ ജോസഫ് എന്നിവർ സംസാരിച്ചു. ജാഥ ശനിയാഴ്ച മലപ്പുറത്ത് പ്രവേശിക്കും. രാവിലെ പത്തിന് കൊണ്ടോട്ടിയിൽനിന്ന് പര്യടനം തുടങ്ങി വള്ളിക്കുന്ന്, ചെമ്മാട്, താനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തിരൂരിൽ സമാപിക്കും.
സിപിഐ നേതാവ് ബിനോയ് വിശ്വം ക്യാപ്റ്റനായ തെക്കൻ മേഖലാ ജാഥ കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ആലപ്പുഴയിൽ പ്രവേശിച്ചു. പാലായിലായിരുന്നു വെള്ളിയാഴ്ച ആദ്യ സ്വീകരണം. കടുത്തുരുത്തിലെയും വൈക്കത്തെയും സ്വീകരണത്തിന് ശേഷം ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച ജാഥയെ ചേർത്തല തവണക്കടവ് ബോട്ട് ജെട്ടിയിൽ സ്വീകരിച്ചു. അരൂരിലെ തുറവൂർ ജങ്ഷനിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് ചേർത്തല മുനിസിപ്പൽ മൈതാനിയിൽ ചേർന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു.
ക്യാപ്റ്റനെ കൂടാതെ ജാഥാംഗങ്ങളായ എം വി ഗോവിന്ദൻ, അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടൻ എംപി, സാബു ജോർജ്, വർക്കല ബി രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രൻപിള്ള, എം വി മാണി, അബ്ദുൾവഹാബ്, ഷാജി കടമല, ജോർജ് അഗസ്റ്റിൻ തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ ശനിയാഴ്ച ആലപ്പുഴ പാതിരപ്പള്ളി ഏയ്ഞ്ചൽ കിങ് ഗ്രൗണ്ട്(10), കുട്ടനാട് പൂപ്പള്ളി(11), അമ്പലപ്പുഴ വളഞ്ഞവഴി(3), ഹരിപ്പാട് കാവൽ ഓഡിറ്റോറിയം(4), കായംകുളം എൽമെക്സ് ഗ്രൗണ്ട്(5) എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..