06 December Tuesday

ഓർമകളിൽ നനവായി 
കുഞ്ഞുകാര്യങ്ങളുടെ കഥാകാരൻ

ഇ കെ ഇക്‌ബാൽUpdated: Thursday Nov 24, 2022


പെരുമ്പാവൂർ
കാട്ടിലെ മൃഗങ്ങളുടെ സാങ്കൽപ്പിക കഥകളുമായി കുട്ടികളിൽ വിസ്‌മയം വിടർത്തിയ കഥാകാരൻ വേണു വാരിയത്തിന്റെ വേർപാട് നാടിന്റെ നോവായി. രണ്ടുമാസംമുമ്പാണ് നോർത്ത് വാഴക്കുളം ഗവ. യുപി സ്കൂളിലെ ഒന്നാംക്ലാസ്‌ വിദ്യാർഥികൾ പ്രിയ കഥാകാരന്റെ ചിത്രം വരച്ച്‌ സ്കൂളിൽ ആദരിച്ചത്. കവിതകളായിരുന്നു വേണു വാരിയത്ത്‌ എഴുതിത്തുടങ്ങിയത്. കുട്ടികൾക്കുവേണ്ടിയായിരുന്നു അധികം രചനകളും.

മരണമെത്തുംമുമ്പുവരെ ഇംഗ്ലീഷ് മാഗസിനുവേണ്ടി കുട്ടിരചനകളുടെ ലോകത്തായിരുന്നു. 1982ൽ പൂമ്പാറ്റയുടെ സബ് എഡിറ്ററായാണ്‌ ജോലിയിൽ പ്രവേശിച്ചത്‌. കുട്ടികളുടെ രചനയ്ക്കായി പത്രാധിപർ എഴുത്തുകാരെ തേടുന്നകാലത്താണ് രംഗപ്രവേശം. ഒരു മാസികയിൽ പല കഥകളയക്കുമ്പോൾ പത്രാധിപർ പല പേരുകളിൽ പ്രസിദ്ധീകരിക്കും. സ്വന്തം പേരിൽ വരുന്നതൊഴിച്ച് മറ്റെല്ലാ രചനകൾക്കും പണം നൽകും. അഞ്ച്‌ പേരുകളിലായാണ് തന്റെ രചനകൾ പ്രസിദ്ധീകരിച്ചതെന്ന് ഓർമക്കുറിപ്പുകളിൽ വേണു പറയുന്നു. ബാലഭൂമിയിലെ മാജിക് മാലു എന്ന ചിത്രകഥയും ചിത്രവും അദ്ദേഹത്തിന്റേതായിരുന്നു. എഴുത്തുകാരനായും പരിസ്ഥിതി പ്രവർത്തകനായും വേണു വാരിയത്ത് ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എസ് സീതാരാമനോടൊപ്പം ആലുവ മണപ്പുറത്ത് കുട്ടികൾക്കായി കൃത്രിമവനം നിർമിക്കുന്നതിലും പെരിയാർ പുഴ നശീകരണത്തിനെതിരെ എഴുത്തും സമരവുമായും അദ്ദേഹമുണ്ടായിരുന്നു. പ്രഭാതഭക്ഷണത്തിന്‌ ഇരിക്കുമ്പോഴാണ് രാവിലെ എട്ടരയോടെ കുഴഞ്ഞുവീണത്‌. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top