01 March Monday

അനുഭവങ്ങളുടെ ഭൂപടം; വേണു രാജാമണി സേവനകാല അനുഭവങ്ങൾ വിവരിക്കുന്നു

സാജൻ എവുജിൻUpdated: Sunday Dec 20, 2020

കേരളം രാജ്യത്തിന്‌ സംഭാവന ചെയ്‌ത നയതന്ത്രജ്ഞരുടെ നിര അഭിമാനകരമാണ്‌. ഇവർ  നാടിന്റെ യശസ്സ്‌ വിദൂരദേശങ്ങളിൽ എത്തിക്കുകയും സാംസ്‌കാരിക സമന്വയത്തിന്റെ കൊടികൾ പാറിക്കുകയും ചെയ്‌തു. ഇക്കൂട്ടത്തിൽ പലതുകൊണ്ടും ശ്രദ്ധേയനായ വേണു രാജാമണി ഇന്ത്യൻ വിദേശകാര്യ സർവീസിൽ 34 വർഷത്തെ സേവനത്തിനുശേഷം ഈയിടെ വിരമിച്ചു. സേവനകാല അനുഭവങ്ങൾ അദ്ദേഹം വിവരിക്കുന്നു

 
? വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന  താങ്കൾ പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്‌. സിവിൽ സർവീസ്‌ ലഭിച്ചപ്പോൾ വിദേശകാര്യ സർവീസ്‌ തെരഞ്ഞെടുക്കാൻ കാരണം എന്തായിരുന്നു.
 
= എറണാകുളം മഹാരാജാസ്‌ കോളേജിൽ ബിഎയ്‌ക്ക്‌ പഠിക്കുമ്പോൾ പൊളിറ്റിക്‌സ്‌ ആയിരുന്നു ഐച്ഛികവിഷയം. പൊളിറ്റിക്‌സിൽ ഏറെ‌ കൗതുകവും താൽപ്പര്യവും തോന്നിയ ഭാഗം ഇന്റർനാഷണൽ റിലേഷൻസിനോടായിരുന്നു. പിന്നീട്‌ ഡൽഹി ജെഎൻയുവിൽ എംഎയ്‌ക്ക്‌ ചേർന്നപ്പോൾ ഇന്റർനാഷണൽ റിലേഷൻസ്‌ എടുത്തു. ഇതിന്റെ  തുടർച്ച എന്ന നിലയിലാണ്‌ വിദേശകാര്യ സർവീസിൽ എത്തിയത്‌. സിവിൽ സർവീസ്‌ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിനിടെ ഞാൻ ഇക്കാര്യം ഉറപ്പിച്ചിരുന്നു. രണ്ട്‌ തവണയാണ്‌ സിവിൽ സർവീസ്‌ പരീക്ഷ എഴുതിയത്‌. ആദ്യശ്രമത്തിൽ ഇന്ത്യൻ പോസ്‌റ്റൽ സർവീസ്‌ ലഭിച്ചെങ്കിലും ചേർന്നില്ല. അടുത്ത ശ്രമത്തിൽ ഐഎഫ്‌എസ്‌ കിട്ടി. ആ ബാച്ചിൽ ടോപ്പറായാണ്‌ ഐഎഫ്‌എസിൽ പ്രവേശിച്ചത്‌.
 
? പല രാജ്യങ്ങളിൽ ജോലിചെയ്യുകയും ഒട്ടേറെ രാജ്യങ്ങളിൽ സഞ്ചരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഏതെങ്കിലും രാജ്യത്തോടോ സംസ്‌കാരത്തോടോ പ്രത്യേക താൽപ്പര്യം തോന്നിയിട്ടുണ്ടോ.
 
= ജോലിചെയ്‌ത എല്ലാ രാജ്യങ്ങളോടും താൽപ്പര്യം തോന്നിയിട്ടുണ്ട്‌. സർവീസിൽ പ്രവേശിച്ചയുടൻ ജോലിചെയ്‌തത്‌ ഹോങ്കോങ്ങിലാണ്‌. ചൈനീസ്‌ ഭാഷ പഠിക്കലായിരുന്നു പ്രഥമ കടമ്പ. രണ്ട്‌  വർഷത്തെ പഠനത്തിനുശേഷം, ചൈനീസ്‌ ഭാഷയിൽ വിദേശികൾക്കുവേണ്ടി നടത്തിയ മത്സരത്തിൽ ഒന്നാമനായി.  അതിനുശേഷം രണ്ട്‌ പ്രാവശ്യം ബീജിങ്ങിൽ പ്രവർത്തിച്ചു. വിദ്യാഭ്യാസ, സാംസ്‌കാരിക, മാധ്യമ മേഖലകളിലായിരുന്നു ചുമതല. ഇതുകാരണം  വലിയ വിഭാഗം ചൈനക്കാരുമായി പരിചയപ്പെടാനും  സൗഹൃദം സ്ഥാപിക്കാനും അവസരം ലഭിച്ചു.  തുടർന്ന്‌ ജനീവയിൽ ഐക്യരാഷ്ട്രസംഘടനയിൽ ഇന്ത്യൻ മിഷനിൽ പ്രവർത്തിച്ചു. സ്വിറ്റ്‌സർലൻഡ്‌‌ പോലെ പർവതങ്ങളും തടാകങ്ങളും നിറഞ്ഞ അതിസുന്ദരമായ രാജ്യത്ത്‌ ജീവിക്കാൻ അവസരമുണ്ടായി. അമേരിക്കയിൽ,  വാഷിങ്‌ടൺ ഡിസിയിൽ ജീവിക്കാനും ജോലി ചെയ്യാനും കഴിഞ്ഞു. മലയാളികൾ തിങ്ങിപ്പാർക്കുന്ന യുഇഎയിൽ മൂന്ന്‌ വർഷത്തിലേറെ കോൺസുൽ ജനറലായി  പ്രവർത്തിക്കാൻ സാധിച്ചു. ഇന്ത്യയുമായും, കേരളവുമായും ചരിത്രപരമായ ബന്ധമുള്ള നെതർലൻഡ്‌‌സിലാണ്‌ ഏറ്റവും ഒടുവിൽ ജോലിചെയ്‌തത്‌. ഈ രാജ്യങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടതിനെ തെരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്‌. എല്ലായിടത്തും നല്ല അവസരങ്ങൾ ലഭിച്ചു;  പ്രവർത്തനങ്ങളിൽനിന്ന്‌  സംതൃപ്‌തിയുണ്ടായി. രാജ്യത്തിനും കേരളത്തിനും പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. ഈ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സാധിച്ചു. എല്ലായിടത്തും അതത്‌ സർക്കാരുകളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും അംഗീകാരം നേടിയെടുക്കാനായി.
 
? രണ്ട്‌ പ്രാവശ്യം  ബീജിങ്ങിൽ  പ്രവർത്തിച്ചുവല്ലോ? ഇന്ത്യ–-ചൈന ബന്ധത്തിന്റെ ഏറ്റവും വലിയ കരുത്ത്‌ എന്താണ്.
 
അമേരിക്കൻ മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്കൊപ്പം വേണു രാജാമണി. ഒബാമയുടെ ഇന്ത്യൻ സന്ദർശന വേളയിൽ എടുത്ത ചിത്രം

അമേരിക്കൻ മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്കൊപ്പം വേണു രാജാമണി. ഒബാമയുടെ ഇന്ത്യൻ സന്ദർശന വേളയിൽ എടുത്ത ചിത്രം

= ചൈന ഇന്ത്യയുടെ ഏറ്റവും വലിയ അയൽരാജ്യമാണ്‌.  ‘-നിങ്ങൾക്ക്‌ വേണമെങ്കിൽ  സുഹൃത്തിനെ  മാറ്റാം, എന്നാൽ അയൽവാസിയെ  മാറ്റാനാവില്ല’ എന്ന തത്വമാണ്‌ രാജ്യാന്തരബന്ധങ്ങളെക്കുറിച്ച്‌ പഠിക്കുമ്പോൾ പ്രധാനമായും ഓർക്കേണ്ടത്‌. അയൽക്കാരൻ എന്ന യാഥാർഥ്യം ഒഴിവാക്കാൻ സാധിക്കില്ല. എല്ലാ മേഖലകളിലും ബന്ധം നല്ലതാണെങ്കിൽ അതിന്റെ നന്മയും പ്രയോജനവും ഇരുരാജ്യത്തിനുമുണ്ടാകും. ബന്ധം വഷളാവുകയും തർക്കങ്ങളും സംഘർഷങ്ങളും ഉടലെടുക്കുകയും ചെയ്യുന്നത്‌  ഇരുപക്ഷത്തിനും ദോഷം ചെയ്യും. ഇന്ത്യ–-ചൈന ബന്ധത്തിന്റെ  കരുത്ത്‌ എന്നത്‌ ഭൂമിശാസ്‌ത്രപരമായ സ്ഥിതിവിശേഷമാണ്‌. അതിർത്തിയിൽ സമാധാനം നിലനിൽക്കണം.   അതുകൊണ്ട്‌ സാധ്യമായ എല്ലാ നയതന്ത്രമാർഗങ്ങളും ഉപയോഗിച്ച്‌ തർക്കങ്ങൾ പരിഹരിക്കാൻ ഇരുരാജ്യവും തയ്യാറാകണം.
 
ഇന്ന്‌ ചൈന വൻ സാമ്പത്തികശക്തിയാണ്‌;   പല രംഗങ്ങളിലും അമേരിക്കയെ വെല്ലുന്ന ഏക ശക്തി. ഇന്ത്യയെപ്പോലെ വൻജനസംഖ്യയുള്ള രാജ്യം.  സാമ്പത്തികമായി ശക്തിയാർജിക്കാൻ അവർക്ക്‌ കഴിഞ്ഞു. ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുത്തു. 40ൽപ്പരം  വർഷത്തെ സാമ്പത്തിക പരിഷ്‌കരണ നടപടി വഴി രണ്ട്‌ തലമുറയുടെ ജീവിതനിലവാരം ഉയർത്തി. ദാരിദ്ര്യം തുടച്ചുനീക്കി. ഇതിൽനിന്നെല്ലാം ഇന്ത്യക്ക്‌ ഒരുപാട്‌ പഠിക്കാനുണ്ട്‌. ഇന്ത്യയെപ്പോലുള്ള രാജ്യം ശത്രുവായി നിൽക്കുന്നത്‌ അവർക്കും നല്ലതല്ല.
 
ലോകത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ അധികാരം  പാശ്‌ചാത്യനാടുകളിൽനിന്ന്‌ ‌ ഏഷ്യയിലേക്ക്‌ മാറുകയാണ്‌. ബഹുധ്രുവലോകം രൂപംകൊള്ളുന്നു‌. ഏഷ്യ‌ക്ക്‌ പ്രാധാന്യം ലഭിക്കുന്ന ലോകസാഹചര്യത്തിൽ ഇന്ത്യക്കും ചൈനയ്‌ക്കും വലിയ സംഭാവനകൾ നൽകേണ്ടിവരും.  ഇക്കാര്യം മുന്നിൽ കണ്ട്‌ ഇന്ത്യയും ചൈനയും തമ്മിൽ നല്ല ബന്ധം സ്ഥാപിക്കണം. ആഗോളസ്ഥിതിഗതികളെക്കുറിച്ച്‌ ഇരുരാജ്യവും ശരിയായ   ധാരണയിൽ എത്തുകയും അതനുസരിച്ച്‌ പ്രവർത്തിക്കുകയും ചെയ്യണം.
 
? ദുബായ്‌ കോൺസുൽ ജനറലായി പ്രവർത്തിച്ചപ്പോൾ മലയാളി എന്നത്‌ ഏതു നിലയിൽ സഹായിച്ചു. ഇത്‌ എന്തെങ്കിലും ബുദ്ധിമുട്ട്‌ ഉണ്ടാക്കിയോ.
 
= മലയാളി എന്ന അസ്‌തിത്വം  വളരെയധികം സഹായിച്ചു.  ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ഒട്ടേറെപ്പേരെ മലയാളിസമൂഹത്തിന്റെ പിന്തുണയോടെ  സഹായിക്കാൻ കഴിഞ്ഞു. നയതന്ത്രപ്രതിനിധിക്ക്‌ ഫലപ്രദമായി പ്രവർത്തിക്കാൻ ഇന്ത്യയിൽനിന്ന്‌ നല്ല പിന്തുണ ലഭിക്കണം. യുഎഇയിൽ  പ്രവർത്തിക്കുമ്പോൾ കേരളസർക്കാരിന്റെയും നേതൃത്വത്തിന്റെയും മികച്ച  പിന്തുണ നേടിയെടുക്കാൻ സാധിച്ചു. യുഎഇയിൽ, പാവപ്പെട്ടവരിൽനിന്ന്‌ ഉയർന്ന്‌ വലിയ ‌ സമ്പന്നരായി മാറിയ ഇന്ത്യക്കാരുണ്ട്‌.  അധ്യാപകരും സാങ്കേതികവിദഗ്‌ധരും ഫിനാൻസ്‌ പ്രൊഫഷണലുകളും അടങ്ങുന്ന ഇടത്തരം സമൂഹമുണ്ട്‌. എന്നാൽ തൊഴിലാളികളാണ്‌ ഏറ്റവും കൂടുതൽ. ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ സഹായിക്കാൻ സമ്പന്നരുടെ സംഭാവനകൾ ഉറപ്പാക്കാനും കോൺസുലേറ്റിന്റെ പ്രവർത്തനത്തിൽ ഇടത്തരക്കാരെ പങ്കാളികളാക്കാനും സാധിച്ചു. മനുഷ്യക്കടത്തിന്‌ ഇരകളായ സ്‌ത്രീകളെ രക്ഷിക്കാനുള്ള പ്രവർത്തനം നടത്താനും കഴിഞ്ഞു.  ഇതിനെല്ലാം മാധ്യമങ്ങളുടെ പിന്തുണയും ലഭിച്ചു.
 
? പ്രണബ്‌ മുഖർജി രാഷ്ട്രപതിയായിരിക്കെ പ്രസ്‌ സെക്രട്ടറിയായി എത്തിയത്‌ എങ്ങനെയാണ്‌.
 
= ഞാൻ ദുബായ്‌ കോൺസുൽ ജനറലായി പ്രവർത്തിക്കവെയാണ്‌ പ്രണബ്‌ മുഖർജിയുമായി പരിചയപ്പെട്ടത്‌. അന്ന്‌ അദ്ദേഹം വിദേശമന്ത്രി. മറ്റു പല  രാജ്യങ്ങളും സന്ദർശിക്കുമ്പോൾ ദുബായ്‌ വഴിയായിരുന്നു അദ്ദേഹത്തിന്റെ  യാത്ര.  ഒരിക്കൽ യുഎഇയിൽ  ഔദ്യോഗിക സന്ദർശനവും നടത്തി. ആ വരവുകളിൽ പരിചയം വളർന്നു. ഞാൻ ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം ധനമന്ത്രിയായിക്കഴിഞ്ഞു. അക്കാലത്ത്‌ ധനമന്ത്രാലയത്തിലേ‌ക്ക്‌ മാറാൻ അവസരം കിട്ടി. ലോകബാങ്ക്‌, എഡിബി എന്നിവയുമായുള്ള  ബന്ധം കൈകാര്യം ചെയ്യുന്ന ജോയിന്റ്‌ സെക്രട്ടറിയുടെ ചുമതല ലഭിച്ചു. ഈ ചുമതല നിർവഹിച്ച ഐഎഫ്‌എസിൽനിന്നുള്ള ആദ്യ ആളായി. രണ്ട്‌‌ വർഷം അവിടെ പ്രവർത്തിച്ചു.  ഇതിനുശേഷം അദ്ദേഹം രാഷ്ട്രപതിയായപ്പോൾ പ്രസ്‌ സെക്രട്ടറിയായി പ്രവർത്തിക്കാൻ ക്ഷണിച്ചു. അവിടെ പ്രവർത്തിച്ച അഞ്ച്‌ വർഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആധുനികചരിത്രത്തെക്കുറിച്ച്‌ പഠിക്കാൻ സാധിച്ചു.
 
? ഏറ്റവും ഒടുവിൽ ജോലിചെയ്‌ത നെതർലൻഡ്‌സിലെ അനുഭവം വിശദീകരിക്കാമോ?
 
= വളരെയേറെ പ്രത്യേകതകൾ ഉള്ള രാജ്യമാണ്‌ നെതർലൻഡ്‌‌സ്‌. ഭൂപ്രകൃതിയിൽ കേരളത്തോട്‌ താരതമ്യം ചെയ്യാം. ജനസംഖ്യ കേരളത്തിലേതിന്റെ  പകുതിമാത്രം. രാജ്യത്തിന്റെ മൂന്നിലൊന്ന്‌ ഭാഗം വെള്ളത്തിന്‌ അടിയിലാണ്‌. എപ്പോഴും പ്രളയഭീഷണിയും. പ്രളയനിവാരണ മേഖലയിൽ ഏറ്റവും വൈദഗ്‌ധ്യം നേടിയ രാജ്യമാണ്‌. അമേരിക്കയടക്കം ഇവരുടെ സഹായം തേടുന്നു. ഇക്കാര്യത്തിൽ കേരളത്തിന്‌ ഒരുപാട്‌ കാര്യങ്ങൾ പഠിക്കാനുണ്ട്‌. 2018ൽ കേരളത്തിലുണ്ടായ  മഹാപ്രളയകാലത്ത്‌ ഇതേപ്പറ്റി ഞാൻ ഒരു പുസ്‌തകം എഴുതി–‘-വാട്ട്‌ ക്യാൻ വി ലേൺ ഫ്രം ദ ഡച്ച്‌: റീബിൽഡിങ് കേരള പോസ്റ്റ്‌ 2018 ഫ്‌ളഡ്‌സ്’‌ എന്ന പേരിൽ. ഇതിന്റെ മലയാള പരിഭാഷ ഇറങ്ങിയിട്ടുണ്ട്‌.
 
ഇന്ത്യയും നെതർലൻഡ്‌‌സും തമ്മിലുള്ള ചരിത്രബന്ധത്തെക്കുറിച്ച്‌  മറ്റൊരു പുസ്‌തകവും  എഴുതി. ഇന്ത്യ ആൻഡ്‌ നെതർലൻഡ്‌‌സ്‌: പാസ്‌റ്റ്‌, പ്രസന്റ്‌ ആൻഡ്‌ ഫ്യൂച്ചർ എന്ന ഈ പുസ്‌തകം നെതർലൻഡ്‌‌സ്‌ ദേശീയ മ്യൂസിയത്തിൽവച്ച്‌ അവിടുത്തെ രാജാവാണ്‌ പ്രകാശനം ചെയ്‌തത്‌. അദ്ദേഹം ഇന്ത്യയും കേരളവും സന്ദർശിക്കുന്നതിന്‌ മുന്നോടിയായിട്ടായിരുന്നു പ്രകാശനം.  പ്രളയ ദുരന്തനിവാരണത്തെക്കുറിച്ചുള്ള പുസ്‌തകത്തിനുശേഷം നെതർലൻഡ്‌‌സിലേക്ക്‌  മുഖ്യമന്ത്രി പിണറായി വിജയനും  ഉന്നതതല സംഘവും എത്തുകയുണ്ടായി. ഇതേതുടർന്ന്‌ നെതർലൻഡ്‌‌സിന്റെ സാങ്കേതിക വൈദഗ്‌ധ്യത്തോടെ കുട്ടനാട്‌ ‌ ആക്‌ഷൻപ്ലാൻ തയ്യാറാക്കി പദ്ധതി നടപ്പാക്കിവരികയാണ്‌.
 
കേരള ചരിത്രത്തെക്കുറിച്ച്‌ ആധികാരിക രേഖകളാണ്‌ ഡച്ചുകാർ എഴുതിയിട്ടുള്ളത്‌.    17–-ാം നൂറ്റാണ്ടിലെ ഡച്ചു രേഖകളും റിപ്പോർട്ടുകളും  കേരള സ്റ്റേറ്റ്‌  ആർക്കൈവ്‌സിന്റെ എറണാകുളം കേന്ദ്രത്തിലും തമിഴ്‌നാട്‌ സ്റ്റേറ്റ്‌ ‌ ആർക്കൈവ്‌സിലും സൂക്ഷിച്ചിട്ടുണ്ട്‌. 17–-ാം നൂറ്റാണ്ടിലെ ഭാഷയായതിനാൽ ഇതേക്കുറിച്ച്‌ അധികമാരും പഠിച്ചിട്ടില്ല.  ഇതെല്ലാം ഡിജിറ്റലൈസ്‌ ചെയ്‌ത്‌ ഇന്റർനെറ്റിലാക്കാനും പരിഭാഷപ്പെടുത്താനും പദ്ധതി തയ്യാറായിട്ടുണ്ട്‌. ഇതിലെ അറിവ്‌   ജനങ്ങളിലെത്തിക്കുകയാണ്‌  ‘കോസ്‌മോസ്‌ മലബാറിക്കസ്‌ എന്ന’ ‌ പദ്ധതിയുടെ ലക്ഷ്യം. നെതർലൻഡ്‌‌സിലെ ഇന്ത്യൻ എംബസിയുടെയും  ലെയ്‌ഡൻ സർവകലാശാലയുടെയും  കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെയും ശ്രീശങ്കരാചാര്യ  സംസ്‌കൃത സർവകലാശാലയുടെയും പങ്കാളിത്തം ഈ പദ്ധതിയിലുണ്ട്‌.
 
പച്ചക്കറി, പുഷ്‌പങ്ങൾ എന്നിവയുടെ ഏറ്റവും വലിയ കയറ്റുമതി നടത്തുന്ന രാജ്യമാണ് നെതർലൻഡ്‌സ്‌‌. മൊത്തം കയറ്റുമതിയിൽ അമേരിക്ക കഴിഞ്ഞാൽ രണ്ടാം സ്ഥാനം. നെതർലൻഡ്‌‌സിന്റെ കൃഷി വൈദഗ്‌ധ്യം കേരളത്തിന്‌ പ്രയോജനപ്പെടുത്താനാകും. ഇതിനായി വയനാട്ടിൽ ഇൻഡോ–-ഡച്ച്‌ സെന്റർ ഫോർ എക്‌സലൻസ്‌ മുഖ്യമന്ത്രിയും കേന്ദ്രകൃഷിമന്ത്രിയും ചേർന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. 
 
? വിദേശകാര്യ സർവീസിൽ 34 വർഷം സേവനം അനുഷ്‌ഠിച്ചതിന്റെ ഏറ്റവും വലിയ അനുഭവപാഠം എന്താണ്‌.
 
= ഏറ്റവും വലിയ അനുഭവപാഠം ലോകത്തിന്റെ വൈവിധ്യമാണ്‌‌.  അതേസമയം ഇത്രയും വൈവിധ്യമേറിയ ലോകത്തും മനുഷ്യരെല്ലാം ഒന്നുതന്നെയാണ്‌.  എവിടെയുമുള്ള മനുഷ്യരുടെയും ആഗ്രഹങ്ങളും പ്രതീക്ഷകളും ഒന്നാണ്‌. മനുഷ്യൻ നന്മയ്‌ക്കുവേണ്ടി ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒന്നാണ്‌. എവിടെയുള്ള ജനങ്ങളായിരുന്നാലും ചുറ്റുപാട്‌ വൃത്തിയായിരിക്കണമെന്നും ‌ ജീവിതനിലവാരം ഉയരണമെന്നും ‌ ആഗ്രഹിക്കുന്നു. മനുഷ്യരാശിയുടെ  പൊതുലക്ഷ്യങ്ങൾ ഒന്നാണ്‌. ഇക്കാര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കാൻ രാജ്യാന്തരസഹകരണം അനിവാര്യമാണ്‌.
 
ഇന്ത്യക്ക്‌ ഏറ്റവും അഭിമാനിക്കാൻ കഴിയുന്നത്‌ ജനാധിപത്യത്തിന്റെ പേരിലാണ്‌. ഇക്കാര്യം എല്ലാവരും അംഗീകരിക്കുന്നു. ഇന്ത്യയെ എല്ലാവരും ആദരിക്കുന്നു. അതോടൊപ്പം നമ്മുടെ സ്വാതന്ത്ര്യവും മൂല്യങ്ങളും പ്രധാനമാണ്‌. ബഹുസ്വരത നിലനിൽക്കുന്ന, പല ഭാഷകൾ സംസാരിക്കുന്ന മതനിരപേക്ഷ രാജ്യമാണ്‌ ഇന്ത്യ. പല മതങ്ങളിൽ വിശ്വസിക്കുന്നു. പലതരം ഭക്ഷണം കഴിക്കുന്നു. വ്യത്യസ്‌ത സംസ്‌കാരങ്ങൾ പുലർത്തുന്നവർ. ഒരേ ഭരണഘടനയുടെ കീഴിൽ ഒന്നിച്ചു ജീവിക്കുന്നു. ഇതെല്ലാം അഭിമാനം നൽകുന്ന കാര്യങ്ങളാണ്‌.  ഇന്ത്യയെ അംഗീകരിക്കാൻ ലോകത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണിവ. ഇതിൽനിന്ന്‌  നാം വ്യതിചലിച്ചാൽ ലോകം നമ്മെ പഴിക്കും.
 
അതേസമയം ഇതൊന്നും അഹങ്കരിക്കാനുള്ളതല്ല.   ഇനിയും എത്രയോ കാര്യങ്ങൾ ചെയ്യാനുണ്ട്‌.  ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ  വെല്ലുവിളികൾ രാജ്യത്തിനുള്ളിൽനിന്നു തന്നെയാണ്‌.  സ്വാതന്ത്ര്യം നേടിയ സമയത്ത്‌ പ്രഖ്യാപിച്ച ‌  സാമൂഹ്യ, സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയിട്ടില്ല. ഇന്ത്യ മഹാശക്തിയായി മാറാൻ പോകുന്നുവെന്നും മഹാശക്തിയായി മാറിക്കഴിഞ്ഞുവെന്നും ചിലർ പറയുന്നു. ഞാൻ അതിനോട്‌ വിയോജിക്കുന്നു.  ദാരിദ്ര്യം അവസാനിക്കുംവരെ, എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുംവരെ, സാമൂഹ്യസ്ഥിരത കൈവരിക്കുംവരെ രാജ്യം മഹാശക്തിയായി മാറില്ല. ഈ ലക്ഷ്യങ്ങൾ നേടുമ്പോൾ രാജ്യം സ്വാഭാവികമായി മഹാശക്തിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top