18 June Friday
പൊലിഞ്ഞത്‌ അഭിമന്യുമാർ

തൂവെള്ളക്കൊടി തേടി 
വർഗീയ കഠാരകൾ

എസ്‌ മനോജ്‌Updated: Thursday Apr 15, 2021


ആലപ്പുഴ
അന്ന്‌ എറണാകുളം മഹാരാജാസ്‌ ക്യാമ്പസിൽ പിടഞ്ഞുവീണതും അഭിമന്യു. ഇന്ന്‌ വള്ളികുന്നം പടയണിവെട്ടം ക്ഷേത്രമുറ്റത്ത്‌ പൊലിഞ്ഞതും പതിനഞ്ചുകാരൻ അഭിമന്യു. ഭൂരിപക്ഷ വർഗീയതയുടെ വിഷസർപ്പങ്ങളാണ് വള്ളികുന്നം അഭിമന്യുവിന്റെ വയറ്റിൽ കത്തികുത്തിയിറക്കിയത്‌. മഹാരാജാസ്‌ അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയതാകട്ടെ ന്യൂനപക്ഷ വർഗീയതയുടെ മൂടുപടത്തിൽ വന്നവർ.

പോപ്പുലർ‌ ഫ്രണ്ടിന്റെ  ക്രിമിനലുകൾ ആണ്‌ മഹാരാജാസിൽ അഭിമന്യുവിനെയും കൂടെയുള്ളവരെയും തലങ്ങും വിലങ്ങും വെട്ടിവീഴ്‌ത്തിയത്‌. ഒപ്പമുണ്ടായിരുന്ന അർജുനും ഗുരതര പരിക്കേറ്റു. തലനാരിഴയ്‌ക്ക്‌ ജീവിതത്തിലേക്ക്‌ മടങ്ങിയ അർജുനിപ്പോൾ മഹാരാജാസിൽ ഫിലോസഫി ബിരുദാനന്തര ബിരുദ- പഠനത്തിലാണ്.‌ ‘‘നാൻ പെറ്റ മകനേ’’ എന്ന്‌  അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ വിലാപം അന്നു കേരളത്തെ കരയിച്ചു.  എന്നാൽ അങ്ങിനെ കരയാൻ വളളികുന്നത്തെ അഭിമന്യുവിന്റെ‌ അമ്മ ജീവിച്ചിരിപ്പില്ല. അർബുദബാധിതയായ അമ്മ ബീന മരിച്ചത്‌ കഴിഞ്ഞവർഷമാണ്‌.  അച്ഛൻ അമ്പിളികുമാർ വിദൂരസ്വപ്‌നത്തിൽപോലും പുന്നാരമോൻ വർഗീയതയുടെ കഠാരയ്‌ക്കിരയാകുമെന്ന്‌ കരുതിയില്ല. വള്ളികുന്നിലെ  അഭിമന്യുവിന്റെ കരങ്ങളേന്തിയതും എസ്‌എഫ്‌ഐ പതാക. ജ്യേഷ്‌ഠൻ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകൻ. 

വള്ളികുന്നത്ത്‌ വർഗീയ ഭ്രാന്തന്മാർ വിഷുദിനത്തിൽ കൊലപ്പെടുത്തിയത്‌ മറ്റൊരു അഭിമന്യുവിനെയാണെന്ന്‌ കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയെന്ന്‌ മഹാരാജാസ്‌ അഭിമന്യുവിനൊപ്പം ഗുരുതരമായി പരിക്കേറ്റ അർജുൻ ‘ദേശാഭിമാനി’യോട് പറഞ്ഞു. അന്ന്‌ ന്യൂനപക്ഷ വർഗീയതക്കാരുടെ കത്തി ഞങ്ങളെ തേടി വന്നു. ഇന്ന്‌ ഭൂരിപക്ഷ വർഗീയതക്കാർ. ഈ അഭിമന്യുവിനെ കൊലപ്പെടുത്തി. എന്തൊരു ക്രൂരതയാണ്‌. 2018 ജൂലൈ രണ്ടിന്റെ പുലർച്ചെയാണ്‌ ഞങ്ങളെ തേടി ക്രിമിനലുകൾ വന്നത്‌. മൂന്ന്‌ വർഷമാകും മുമ്പ്‌ മറ്റൊരു അഭിമന്യുകൂടി തൂവെള്ളക്കൊടിക്ക്‌ നഷ്‌ടമായി –- അർജുന്റെ വാക്കുക
ളിടറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top