25 June Friday

അവനിന്നലെ 
പരീക്ഷയായിരുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021

വള്ളിക്കുന്നം അമൃത എച്ച്എസ്എസിലെ പരീക്ഷാ ഹാളിൽ അഭിമന്യുവിന്റെ 
രജിസ്റ്റർ നമ്പർ പതിച്ച ഡെസ്ക്


വള്ളികുന്നം
അമൃത ഹയർ സെക്കൻഡറി സ്‌കൂൾ. ക്ലാസ് ഒമ്പത് സി. പരീക്ഷാ ഹാൾ നമ്പർ ആറ്. വ്യാഴാഴ്ച രാവിലെ എസ്എസ്എൽസി ഫിസിക്‌സ്‌ പരീക്ഷയാണ്. സാധാരണപോലെ കുട്ടികൾ ഹാളിലെത്തി പരീക്ഷയെഴുതി. ഒരുസീറ്റ്‌ ഒഴിഞ്ഞുകിടന്നു. രണ്ടാംവരിയിലെ ആദ്യ ബെഞ്ചിലെ ആദ്യസ്ഥാനം. അഭിമന്യുവിന്റേത്. ഡെസ്‌കിൽ രജിസ്‌റ്റർ നമ്പർ കാണാം. 279591. 

കുട്ടികളിൽ പലരും സമീപവാസികളായതിനാൽ സ്‌കൂളിലെത്തും മുമ്പേ പലരും മരണവിവരം അറിഞ്ഞിരുന്നു. പെട്ടെന്ന്‌ കേട്ട ഞെട്ടലിലും തരിപ്പിലും കുട്ടികൾ ഫിസിക്‌സ്‌ പരീക്ഷയെഴുതി തീർത്തു. മരണവിവരം അറിയാത്തതായി ഒരാൾ മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളു. കാശിനാഥ്. തലേന്ന് അഭിമന്യുവിനൊപ്പം ക്ഷേത്രത്തിലുണ്ടായിരുന്ന, അഭിമന്യുവിനെ മരണത്തിൽനിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കവേ കൈക്ക് വെട്ടേറ്റ കാശിനാഥ്. കൂട്ടുകാരും കളിയും ചിരിയുമില്ലാത്ത ലോകത്തേക്ക് പ്രിയസുഹൃത്ത് പോയെന്ന് അവനറിയുന്നത് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയശേഷം. ആക്രമത്തിൽ കൈക്ക് വെട്ടേറ്റ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാശിനാഥ്.


ഞാൻ അവന്റെ മായമ്മ
സാധാരണ കുട്ടികൾക്കുള്ള ചെറിയ കുസൃതികൾ അല്ലാതെ മറ്റൊരു പ്രശ്നത്തിനും നിൽക്കാത്ത പാവമായിരുന്നു അവൻ. എട്ടാംക്ലാസുമുതൽ അവന്റെ ക്ലാസ് ടീച്ചറാണ് ഞാൻ. അഭിമന്യുവിന്റെ ക്ലാസ് ടീച്ചർ മായ വിതുമ്പലടക്കാൻ പാടുപെട്ടു. കോവിഡ് സാഹചര്യമായതിനാൽ രണ്ടു മൂന്ന് മാസംമാത്രമാണ് ഈ വർഷം ക്ലാസ് നടന്നത്. വീട്ടിലിരുന്നായിരുന്നു അവന്റെ കൂടുതൽ പഠനവും. ഇടയ്‌ക്ക്‌ വീട്ടിൽ പോയി അവനെ കണ്ടിരുന്നു. അമ്മ ബീന മരിച്ചതോടെ എന്നോട് അവന് അമ്മയോടെന്നപോലെ സ്‌നേഹമാണ്‌. അഭിമന്യുവിന്റെ വല്യമ്മയുടെ മോളെ ഞാൻ പഠിപ്പിച്ചതാണ്. അതുകൊണ്ട് അവൻ എന്തെങ്കിലും ഉഴപ്പ് കാണിച്ചാൽ ആ കുട്ടി എന്നെ വിളിക്കും, ടീച്ചറൊന്ന് വരണേ, ടീച്ചർ പറഞ്ഞാൽ അവൻ കേൾക്കുമെന്ന് പറയും. അങ്ങനെ പലവട്ടം അവിടെ പോയിട്ടുണ്ട്. എന്നെ മായമ്മേ എന്നാണ് വിളിക്കുന്നത്. ക്ലാസിനിടെ ഒരു പ്രശ്നവും അവൻ ഉണ്ടാക്കിയിട്ടില്ല –- മായ ടീച്ചർ പറഞ്ഞു.സ്‌കൂളിൽ അഭിമന്യു പെർഫെക്ട്‌‌ കുട്ടിയാണ്. അഞ്ചുവർഷമായി അവനെ അറിയാം. സ്‌കൂൾതലത്തിൽ ഒരു പ്രശ്നവും അഭിമന്യു ഉണ്ടാക്കാറില്ല. അടിപിടികളിലും അവനെ കണ്ടിട്ടില്ല. അഭിമന്യു പഠിച്ചിരുന്ന വള്ളികുന്നം അമൃത എച്ച്എസ്എസിലെ ഹെഡ്മിസ്ട്രസ് വി സുനീതയ്‌ക്കും അഭിമന്യുവിനെക്കുറിച്ച്‌ പറയാൻ നല്ലതുമാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top