27 November Saturday

വാച്ചാത്തിയുടെ കഥ, വൈകിവന്ന നീതിയുടെയും

ഇ എൻ അജയകുമാർUpdated: Wednesday Nov 17, 2021

വാച്ചാത്തിയിലെ ആദിവാസികൾക്ക്‌ നീതി വേണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നടത്തിയ റോഡ്‌ ഉപരോധം (ഫയൽചിത്രം)


2011 സെപ്‌തംബർ 29, ധർമപുരി ജില്ലാ കോടതി വളപ്പ്‌ നിറഞ്ഞ്‌  ജനക്കൂട്ടം. മലയോര ഗ്രാമമായ വാച്ചാത്തിയാകെ അവിടെയുണ്ട്‌. ജില്ലാ ജഡ്‌ജി എസ്‌ കുമാരഗുരു വിധിവായിച്ചു. കുറ്റംചുമത്തപ്പെട്ട 269പേരിൽ വിചാരണ സമയത്ത്‌ മരിച്ചുപോയ 54ഒഴികെ ബാക്കി 215പേർക്കും തടവും പിഴയും വിധിച്ചു. ശിക്ഷിക്കപ്പെട്ടവരിൽ നാല്‌ ഐഎഫ്‌എസുകാരടക്കം വനംവകുപ്പിലെ 126 പേർ, 84 പൊലീസുകാർ, അഞ്ച്‌ റവന്യു ഉദ്യോഗസ്ഥർ. മരിച്ചുപോയവരെയും കുറ്റവാളികളായി കോടതി എടുത്തുപറഞ്ഞു എന്നതാണ്‌ കേസിന്റെ പ്രത്യേകത.

കേസിങ്ങനെ:  1992ൽ വീരപ്പൻ നാടും കാടും വിലസുന്ന കാലം. ചന്ദനമരം മോഷ്ടിച്ചുവിറ്റു എന്നുപറഞ്ഞ്‌ വനം, പൊലീസ്‌, റവന്യൂവകുപ്പുകൾ സംയുക്തമായി ജൂൺ 20 ന്‌ ധർമപുരി ജില്ലയിലെ സിത്തേരി മലയടിവാരത്തിലെ ‘വാച്ചാത്തി’ ഗ്രാമം വളഞ്ഞു. ഇങ്ങനൊരു ഗ്രാമം പുറംലോകമാദ്യമായി അറിഞ്ഞത്‌ അന്നായിരുന്നു. ഗ്രാമത്തിലെ ആകെ ജനസംഖ്യ 655.  643 പേരും മലയാളി എന്നറിയപ്പെടുന്ന ആദിവാസികൾ. നാളിതുവരെ നടക്കാത്ത പീഡനവും  മർദനവുമേറ്റപ്പോൾ ഗ്രാമവാസികൾ ചിതറിയോടി വനത്തിൽമറഞ്ഞു. ഉദ്യോഗസ്ഥർ വീടുകൾ തകർത്തു. എല്ലാം നശിപ്പിച്ചു. സ്‌ത്രീകളെ കൂട്ടത്തോടെ അറസ്‌റ്റ്‌ ചെയ്‌തു. ഗർഭിണികളും കുട്ടികളുമെല്ലാം ലോക്കപ്പിൽ.

നാലാംദിവസം സിപിഐ എം നേതാക്കളായ അണ്ണാമല, പി ഷൺമുഖം എന്നിവർ വാച്ചാത്തി കോളനിയിലെത്തി. ആരുമില്ലാതെ അനാഥമായ തെരുവുകൾ. സാലാ എന്ന അമ്മ  നേതാക്കളോട്‌ കാര്യങ്ങൾ പറഞ്ഞു. 200 ലധികം സ്‌ത്രീകളെ ജയിലിലടച്ചത്‌ അപ്പോഴാണ്‌ നേതാക്കളറിഞ്ഞത്‌.  സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി എ നല്ലശിവൻ വാർത്താസമ്മേളനം നടത്തി. വച്ചാത്തിയുടെ ദുരന്തം പുറം ലോകമറിഞ്ഞതങ്ങനെ.

മലയുടെ മുകളിലുള്ള വാച്ചാത്തിയിൽ വയസ്സനായ  സെക്രട്ടറി കയറിയെന്നു പറയുന്നത്‌ തെറ്റാണെന്നും സിപിഐ എം നുണ പറയുകയാണെന്നായിരുന്നു എഐഎഡിഎംകെ മന്ത്രിസഭാംഗമായ ചെങ്കോട്ടയ്യന്റെ വാദം. എന്നാൽ  വാച്ചാത്തി ഗ്രാമം മലയടിവാരത്തിലാണെന്നത്‌ മന്ത്രി അറിഞ്ഞില്ല. 20 വർഷംനീണ്ട കേസിനുവേണ്ടി സിപിഐ എം നേതാക്കളായ ബാഷാ, മൈഥിലി ശിവരാമൻ, പാപ്പാ ഉമാനാഥ്‌  എന്നിവരും ആദിവാസികൾക്കൊപ്പംനിന്നു.  നിരവധി ഭീഷണികളെ അതിനിടെ അവർ അതിജീവിച്ചു.

പാർടി വക്കീലന്മാർ
സിപിഐ എം നടത്തിയ കേസുകളിൽ രാജാകണ്ണിന്റെ ലോക്കപ്പ്‌ മർദന കേസിൽ ആദ്യം ബി വെങ്കിട്ടരാമനും ഹൈക്കോടതിയിൽ ഹേബിയസ്‌ കോർപസ്‌ ഹർജി നൽകിയപ്പോൾ ചന്ദ്രുവും സിബിസിഐഡി അന്വേഷണം പ്രഖ്യാപിച്ചപ്പോൾ സ്‌പെഷൽ പ്രോസിക്യൂട്ടറായി വീണ്ടും ബി വെങ്കിട്ടരാമനുമാണ്‌ ഹാജരായത്‌.  എസ്‌എഫ്‌ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ചന്ദ്രു. ഒപ്പം പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ചന്ദ്രുവിനെ പാർടി നിരവധി കേസുകൾ ഏൽപ്പിച്ചിരുന്നു. പാർട്ടി  നടപടി എടുത്ത ശേഷവും ചന്ദ്രുവിനെ നിറയെ കേസുകൾ ഏൽപ്പിച്ചിരുന്നുവെന്ന്‌ സിപിഐ എം പിബി അംഗം ജി രാമകൃഷ്‌ണൻ പറഞ്ഞു. ഇപ്പോഴും ആ ബന്ധം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ സിപിഐ എമ്മിന്‌ വേണ്ടി കാശുവാങ്ങാതെ കേസ്‌ വാദിക്കുന്ന നിരവധി പേരുണ്ടെന്ന്‌ കേന്ദ്രകമ്മിറ്റി അംഗം എ കെ പത്മനാഭനും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top