18 August Sunday

സ്വന്തമെന്നതിനേക്കാൾ സ്വന്തം

ആർ ഹണീഷ‌് കുമാർUpdated: Monday Mar 18, 2019

മലപ്പുറം
വളാഞ്ചേരി എംഇഎസ‌് കോളേജിലെ ഒത്തുചേരൽ കേന്ദ്രമായ ചീനിച്ചുവട്ടിൽ വി പി സാനു വീണ്ടുമെത്തുമ്പോൾ പുതുതലമുറ കൗതുകത്തോടെ ചുറ്റുംകൂടി. 2008ൽ ഇവിടെ കോളേജ‌് യൂണിയൻ ചെയർമാനായി വിജയിച്ച സാനുവിന‌് പുതിയ പോരാട്ടത്തിനും ഊർജം പകരുകയായിരുന്നു പഴയ ക്യാമ്പസ‌്. എസ‌്എഫ‌്ഐയുടെ അമരക്കാരന്റെ വാക്കുകൾ അവർ ശ്രദ്ധയോടെ കേട്ടു. സാനുക്ക എംപിയായാൽ തീർച്ചയായും വിദ്യാർഥികളുടെ ഒരുപാടു പ്രശ‌്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിലെത്തിക്കാൻ കഴിയുമെന്ന‌് സാന്ദ്ര എന്ന വിദ്യാർഥിനിയുടെ ഉറപ്പ‌്.

മലപ്പുറം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥിയായ വി പി സാനു കോളേജിന്റെ മുറ്റത്തെത്തിയപ്പോഴേക്കും ഓടിയെത്തി വാരിപ്പുണർന്ന‌് സ്വീകരിച്ചത‌് അധ്യപകൻ കെ എച്ച‌് റസാഖിന്റെ നേതൃത്വത്തിൽ. ശാന്തനും സൗമ്യനും പക്വമതിയുമായ പ്രിയശിഷ്യനെ കുറിച്ച‌് മാഷിന‌് ഇന്നും അഭിമാനം. യൂണിയൻ ചെയർമാനായ കാലത്ത് നടത്തിയ സർഗാത്മക പ്രവർത്തനങ്ങൾ  എടുത്തുപറയത്തക്കതാണെന്ന‌് അദ്ദേഹം പറഞ്ഞു. കോളേജിന്റെ ഉന്നതിക്കായും സാനു പ്രയത‌്നിച്ചു. പ്രിൻസിപ്പൽ ഡോ. അബ്ദുൾ ഹമീദും മുൻ അധ്യാപകനും എംഇഎസ‌് സെക്രട്ടറിയുമായ കെ പി ഹസ്സനും മറ്റ് അധ്യാപകർക്കൊപ്പം സ്വീകരിക്കാനെത്തി. ചുവന്ന ബലൂണുകൾ നീട്ടിയാണ് സാനുവിനെ പഴയ ക്യാമ്പസ‌് വരവേറ്റത‌്. വർഗീയതയ‌്ക്കെതിരെ സാനുവും എസ‌്എഫ‌്ഐയും ഉയർത്തിയ മുദ്രാവാക്യങ്ങൾക്ക‌് പ്രസക്തിയേറിയ കാലമാണിതെന്ന‌് അവർക്കറിയാം.  

സാനുവിനോട‌് എന്തുകൊണ്ട‌് വിദ്യാർഥികൾക്ക‌് ഇത്രമേൽ അടുപ്പമെന്ന് ആശ്ചര്യപ്പെടുന്നവർക്ക‌ുള്ള മറുപടി കഴിഞ്ഞകാലങ്ങളിലെ അവകാശസമരങ്ങളുടെ ചരിത്രമാണ‌്. ആ സഹനസമരങ്ങളുടെ നായകനാണ‌് ഇന്ന‌് സ്ഥാനാർഥി. കലിക്കറ്റ‌് സർവകലാശാലാ ക്യാമ്പസിലും സർവകലാശാലാ പരിധിയിലെ കോളേജുകളിലും 2013നു ശേഷം പഠിച്ചിറങ്ങിയവർ സാനുവിനോട‌് എക്കാലവും കടപ്പെട്ടിരിക്കും. പരീക്ഷാഫലം പതിവുപോലെ പ്രഖ്യാപിക്കുകയും പരീക്ഷാ ഭവനിലെ നെറ്റ‌് വർക്ക‌് തകരാർമൂലം സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാതെ ഉന്നതവിദ്യാഭ്യാസം മുടങ്ങുകയുംചെയ‌്ത ഘട്ടം. അന്ന‌് എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറിയായിരുന്ന സാനു 2014 ഒക്ടോബറിൽ ഇതിനെതിരെ നിരാഹാരസമരം ആരംഭിച്ചു.
ആരോഗ്യനില മോശമായതിനെത്തുടർന്ന‌് ഏഴാംദിവസം ആശുപത്രിലേക്ക‌് മാറ്റി. ഒമ്പതാംദിവസം സമരത്തിന‌് ഫലം കണ്ടു. അധികൃതർ ദിവസങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റ‌് വിതരണത്തിന‌് നടപടിയെടുത്തു. ആയിരക്കണക്കിന‌് വിദ്യാർഥികൾക്ക‌് സർട്ടിഫിക്കറ്റും ഉന്നതപഠനത്തിനുള്ള അവസരവും ലഭിച്ചത‌് സാനുവിന്റെ ഇടപെടലിനെ തുടർന്നാണെന്ന‌് അന്ന‌് സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയും ഇപ്പോൾ കോളേജ‌് അധ്യാപകനുമായ സി ജംഷിദ‌്അലി പറഞ്ഞു. 

വിദ്യാർഥികളുടെ അവകാശങ്ങൾക്കായി നിരവധി പ്രക്ഷോഭങ്ങൾക്ക‌് അക്കാലത്ത‌് കലിക്കറ്റ‌് സർവകലാശാല വേദിയായി. സ്വാശ്രയ കോഴ‌്സ‌ുകളിലെ വിദ്യാർഥികൾക്ക‌് പൊതു ഹോസ‌്റ്റൽ അനുവദിക്കുന്നതിനെതിരെയും വനിതാ ഹോസ‌്റ്റലിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട‌് 146 ദിവസം നീണ്ട സമരത്തിന‌് നേതൃത്വം നൽകിയത‌ും വി പി സാനുവായിരുന്നു. പത്തു ദിവസം നീണ്ട ഗവേഷക വിദ്യാർഥികളുടെ വായനസമരത്തിനും ഗവേഷക വിദ്യാർഥികൾക്ക‌് ഏർപ്പെടുത്തിയ പഞ്ചിങ്ങിനെതിരായ വൈറ്റ‌് റോസ‌് സമരത്തിനും കരുത്തുറ്റ നേതൃത്വമായി സാനുവുണ്ടായിരുന്നു.

വോട്ട‌് അഭ്യർഥിച്ചെത്തുന്ന സ്ഥാനാർഥി യുവതലമുറയ‌്ക്ക‌് സ്വന്തമെന്നതിനേക്കാൾ വലുതാണ‌്. സാനുവിനായി ബന്ധുക്കളോടും നാട്ടുകാരോടും വോട്ട‌് അഭ്യർഥിക്കുകയാണ‌് വിദ്യാർഥികൾ. വിദ്യാർഥി മുന്നേറ്റത്തിന്റെ നായകനെ പാർലമെന്റിൽ എത്തിക്കണമെന്ന വാശിയിലാണ‌് അവർ. പ്രായമായവർ 2004ലെ മഞ്ചേരി ആവർത്തിക്കുമെന്ന പ്രതീക്ഷയിലും. മുൻ കെഎസ‌്‌യു നേതാവും മുൻ എംഎസ‌്എഫ‌് അഖിലേന്ത്യാ നേതാവും പിന്തുണയുമായെത്തി. 

മലപ്പുറം മുൻകാലങ്ങളിൽനിന്ന‌് അടിമുടി മാറിയെന്ന‌് സാനു പറയുന്നു. ഏത‌് രാഷ്ട്രീയ ചേരിയിൽ പ്രവർത്തിക്കുന്നവരായാലും ഇടതുപക്ഷത്തിന്റെ പ്രവർത്തനം സശ്രദ്ധം വീക്ഷിച്ച‌് നിലപാടെടുക്കുന്നവരായി മലപ്പുറത്തുകാർ. വൻ സ്വീകാര്യതയാണ‌് മണ്ഡലത്തിലുടനീളം ലഭിക്കുന്നത‌്. എതിർ സ്ഥാനാർഥിയുടെ പാർലമെന്റിലെ മോശം പ്രകടനവും വിവാദങ്ങളും എൽഡിഎഫിന‌് സ്വീകാര്യതയേറ്റിയതായും സാനു പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top