16 January Saturday

അഴിമതി ; ശക്തമായ തെളിവ്‌; ഒടുവിൽ അറസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 19, 2020


തിരുവനന്തപുരം
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രിയും മുസ്ലിംലീഗ്‌ നേതാവുമായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ്‌ ചെയ്‌തത്‌ പ്രതിചേർത്ത്‌ എട്ടുമാസത്തിനുശേഷം. മുൻ മന്ത്രിക്കെതിരായ കേസിൽ കൃത്യത തേടി മൂന്ന്‌ വട്ടം ചോദ്യം ചെയ്‌തു. ലഭ്യമായ എല്ലാ തെളിവിനും ശേഷമാണ്‌ അറസ്റ്റ്‌. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്‌ വിവരം സ്‌പീക്കറെ വിജിലൻസ്‌ അറിയിച്ചു.

മുസ്ലിംലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീനെ സ്വർണ നിക്ഷേപ തട്ടിപ്പ്‌ കേസിൽ അറസ്റ്റ്‌ ചെയ്‌തതും സമാനമായി എല്ലാ തെളിവും ശേഖരിച്ചശേഷമാണ്‌. 2019 െസപ്‌തംബർ 17നാണ്‌ ടി ഒ സൂരജ്‌ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക്‌ കോടതിയെ അറിയിച്ചത്‌. കേസിലെ മുഖ്യപ്രതിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അന്വേഷണം ഇബ്രാഹിം കുഞ്ഞിലേക്ക്‌ കേന്ദ്രീകരിച്ചു. കഴിഞ്ഞ മാർച്ച്‌ മൂന്നിന്‌ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. അഴിമതി നിരോധന നിയമ പ്രകാരം ഗവർണറുടെ അനുമതിയോടെയാണ്‌ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർത്തത്‌.  ഇതിനുശേഷം ഒരിക്കൽക്കൂടി ചോദ്യംചെയ്‌തു‌. വീണ്ടും കൂടുതൽ തെളിവ്‌ ശേഖരിച്ചു. അതിനുശേഷമാണ്‌ അറസ്റ്റ്‌.

ഒരു കേസിൽ പ്രതിയെ എപ്പോൾ അറസ്റ്റ്‌ ചെയ്യണമെന്ന്‌ തീരുമാനിക്കേണ്ടത്‌ അന്വേഷണ ഉദ്യോഗസ്ഥനാണ്‌. ഇബ്രാഹിം കുഞ്ഞാകട്ടെ അറസ്റ്റ്‌ ഒഴിവാക്കാൻ കോടതിയെ സമീപിച്ചിട്ടുമില്ല. നാല്‌ പ്രതികൾ നേരത്തേ അറസ്റ്റിലായ  ഇത്രയും വലിയ അഴിമതി കേസിൽ ഒരു പ്രതിയെമാത്രം അറസ്റ്റ്‌ ചെയ്യാതിരിക്കാനുമാകില്ല.


 

3 ഘട്ടം

സ്വന്തക്കാരായ കരാറുകാരനെ കണ്ടെത്തുന്നു
ആർഡിഎസ്‌ പ്രോജക്ട്‌സിനെ ഏൽപ്പിച്ചത്‌ വഴിവിട്ട നടപടികളിലൂടെയാണെന്ന്‌ കണ്ടെത്തിയിരുന്നു. മറ്റു രണ്ട്‌ കമ്പനികൂടി രംഗത്തുണ്ടായിരുന്നു. ടെക്‌നിക്കൽ ബിഡ്ഡിൽ അവർ യോഗ്യതനേടിയെങ്കിലും ടെൻഡർ സമയത്ത്‌ മതിയായ രേഖകൾ ഹാജരാക്കാതിരുന്ന ആർഡിഎസിനെ ഉൾപ്പെടെ പ്രൈസ്‌ ബിഡ്ഡിനായി പരിഗണിച്ചു. ആർഡിഎസിന്‌ കരാർ നൽകിയതിനുള്ള മതിയായ കാരണം ബോധ്യപ്പെടുത്താൻ കിറ്റ്‌കോ, ആർബിഡിസികെ ഉദ്യോഗസ്ഥർക്ക്‌ കഴിഞ്ഞില്ല.

മുൻകൂർ പണം‌ 8.25 കോടി രൂപ അനുവദിക്കുന്നു
പാലം നിർമാണത്തിന്‌ കല്ലിട്ട ഉടനെയാണ്‌ കരാറിന്‌ വിരുദ്ധമായി 8.25 കോടി രൂപ കരാറുകാരൻ മുൻകൂർ പണം ആവശ്യപ്പെട്ടത്‌. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഇതിൽ തീരുമാനമെടുത്ത്‌ സർക്കാർ ഉത്തരവിറങ്ങി. അഡ്വാൻസ്‌ പണം കരാറുകാരന്റെ ബില്ലിൽനിന്ന്‌ ചെറിയ തവണകളായി പിടിക്കാമെമെന്ന കുറിപ്പോടെയായിരുന്നു ഉത്തരവ്‌. അഡ്വാൻസ്‌ തുകയ്‌ക്ക്‌ ന്യായമായ പലിശയോ തിരിച്ചടവ്‌ തവണയോപോലും മന്ത്രി നിർദേശിച്ചില്ല.

ഗുണനിലവാരമില്ലാത്ത നിർമാണം
2016  ഒക്‌ടോബർ 12ന്‌ ഗതാഗതത്തിന്‌ തുറന്ന പാലം ഒരു വർഷം തികയുംമുമ്പേ പൊട്ടിപ്പൊളിഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതായി. മദ്രാസ്‌ ഐഐടി പരിശോധിച്ച്‌ പാലം അതീവ അപകടാവസ്ഥയിൽ എന്ന റിപ്പോർട്ട്‌ നൽകിയതോടെ അടച്ചുപൂട്ടി. നിർമാണത്തിന്‌ ഉപയോഗിച്ച കോൺക്രീറ്റിനും കമ്പിക്കും നിർദിഷ്‌ട നിലവാരമില്ലെന്നും കമ്പി ആവശ്യത്തിന്‌ ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനകളിൽ തെളിഞ്ഞു. പാലത്തിലെ വിള്ളൽ അനുവദനീയമായതിലും ഇരട്ടിയിലേറെ. നിർമാണത്തിൽമാത്രമല്ല, ഡിസൈനിലും പാളിച്ച. 30 ശതമാനത്തിലേറെ പൊളിച്ച്‌ പുനർനിർമിക്കാതെ പാലം സുരക്ഷിതമാകില്ലെന്ന്‌ ഇ ശ്രീധരൻ റിപ്പോർട്ടും നൽകി.


 

ഗൂഢാലോചനയുടെ ആഴമറിഞ്ഞ്‌ കോടതിയും
പാലാരിവട്ടം പാലം അഴിമതിയിലെ ഉന്നതതല ഗൂഢാലോചന വിജിലൻസ്‌ കോടതി നേരത്തേ കണ്ടെത്തിയത്‌. ആദ്യം അറസ്റ്റിലായ മുൻ പൊതുമരാമത്ത്‌ സെക്രട്ടറി ടി ഒ സൂരജ്‌ ഉൾപ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ച 2019 സെപ്‌തംബർ ഏഴിലെ ഉത്തരവിലാണ്‌ ഇക്കാര്യം എടുത്തുപറഞ്ഞത്‌. വിജിലൻസ്‌ സമർപ്പിച്ച കേസ്‌ ഡയറി പരിശോധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

അഴിമതിക്കു പിന്നിൽ ഉന്നതതല ഗൂഢാലോചന വ്യക്തമാണെന്നും അന്വേഷിച്ച്‌ പുറത്തുകൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി. അഴിമതി രാജ്യത്തിന്റെ നട്ടെല്ലിനെയാണ്‌ തകർക്കുന്നത്‌. സാധാരണക്കാരന്റെ ജീവിതത്തെയും സ്വത്തിനെയും ബാധിക്കുന്ന പ്രശ്‌നമാണ് ഇത്‌. ലാഘവത്തോടെ കാണാനാകില്ല. അഴിമതിയുടെ അടിവേര്‌ കണ്ടെത്തി, അതിന്റെ പങ്ക്‌ പറ്റിയ എല്ലാവരെയും പുറത്തുകൊണ്ടുവരണം. അവരുടെ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തണമെന്നും വിജിലൻസ്‌ ജഡ്‌ജി ഡോ. ബി കലാം പാഷ ഉത്തരവിൽ പറഞ്ഞിരുന്നു. വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വ്യക്തമാക്കുന്ന ടി ഒ സൂരജിന്റെ മൊഴിയും കോടതി പരിശോധിച്ചിരുന്നു.

കൈക്കൂലിയായി മുൻകൂർ പണം നൽകി
പാലം നിർമാണത്തിന്‌ കരാറുകാരന്‌ മുൻകൂർ പണം (മൊബിലൈസേഷൻ അഡ്വാൻസ്‌)ആയി 8,25,59,768 രൂപ അനുവദിച്ചതിലാണ്‌ അഴിമതിയുടെ തുടക്കം. ഇത്‌ കരാർ വ്യവസ്ഥകളിലില്ലാത്തതാണ്‌. കേരള റോഡ്‌ ഫണ്ട്‌ ബോർഡിൽനിന്ന്‌ ആർബിഡിസികെ വഴിയാണ്‌ ഫണ്ട്‌ നൽകിയത്‌. ഇതിന്‌ GO(MS)57/14/PWD എന്ന നമ്പരിൽ 2014 ജൂലൈ 15ന്‌ സർക്കാർ ഇറക്കിയ ഉത്തരവ്‌ പ്രകാരമാണ്‌ ടി ഒ സൂരജ്‌ കുറ്റക്കാരനായത്‌. സർക്കാർ നിർദേശ പ്രകാരമാണ്‌ താൻ ഉത്തരവിറക്കിയതെന്ന്‌ സൂരജ്‌ വെളിപ്പെടുത്തി. തുക നൽകാനുള്ള ഇബ്രാഹിം കുഞ്ഞിന്റെ തീരുമാനത്തിനനുസരിച്ച്‌ പ്രവർത്തിക്കുകയാണ്‌ താൻ ചെയ്‌തതെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. വകുപ്പിലെ അസിസ്റ്റന്റ്‌ സെക്രട്ടറിമുതൽ അഡീഷണൽ സെക്രട്ടറിവരെ പരിശോധിച്ചാണ്‌ ഫയൽ തന്നത്‌. അത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അന്തിമ തീരുമാനത്തിന്‌ സമർപ്പിച്ചു.

പലിശയില്ലാതെ പണം നൽകാനായിരുന്നു ഉത്തരവ്‌. മറ്റൊരു നിർദേശവുമില്ലായിരുന്നു. തന്റെ തീരുമാനപ്രകാരമാണ്‌ തുകയ്‌ക്ക്‌ ഏഴുശതമാനം പലിശ ഏർപ്പെടുത്തിയതെന്നുമാണ്‌ സൂരജ്‌ കോടതിയെ അറിയിച്ചത്‌. മന്ത്രിയുടെ നടപടി സർക്കാരിന്‌ ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന്‌ കണക്കാക്കുന്നു. മുൻകൂർ പണം പിന്നീട്‌ കരാറുകാരൻ കൈക്കൂലിയിനത്തിൽ നൽകിയെന്നും വിജിലൻസ്‌ കണ്ടെത്തി. അഡ്വാൻസ്‌ നൽകില്ലെന്നത്‌‌ മന്ത്രിതന്നെ പറഞ്ഞതായി ടെൻഡറിൽ പങ്കെടുത്ത മറ്റു കരാറുകാർ പിന്നീട്‌ വെളിപ്പെടുത്തിയതും‌ ഇബ്രാഹിംകുഞ്ഞിന്‌ കൂടുതൽ കുരുക്കായി.

പഞ്ചവടിപ്പാലം ഇതാ ഇവിടെവരെ

2013 ഒക്‌ടോബർ പാലാരിവട്ടം ബൈപാസ്‌ ജങ്ഷനിൽ സ്‌പീഡ്‌ കേരള പദ്ധതിയിൽ മേൽപ്പാലം നിർമിക്കാൻ തീരുമാനം. റോഡ്‌സ്‌ ആൻഡ്‌ ബ്രിഡ്‌ജസ്‌ കോർപറേഷൻ കേരള(ആർബിഡിസികെ)ക്ക്‌ നിർവഹണ ചുമതല. കിറ്റ്‌കോ കൺസൾട്ടന്റ്‌.

2013 നവംബർ നാല്‌: 47.70 കോടി രൂപയ്‌ക്ക്‌ പാലം നിർമിക്കാൻ സാങ്കേതിക അനുമതി.

2014 മാർച്ച്‌ 4: ആർഡിഎസ്‌ പ്രോജക്‌ട്‌സിന്‌ ഡിസൈൻ, നിർമാണം എന്നിവയ്‌ക്ക്‌ കരാർ ലഭിച്ചു. കാലാവധി 24 മാസം.

ജൂൺ 30: കരാറിന്‌ വിരുദ്ധമായി മുൻകൂർ പണം ആവശ്യപ്പെട്ട്‌ ആർഡിഎസിന്റെ അപേക്ഷ.

2014 ജൂലൈ 15: കരാറിന്‌ വിരുദ്ധമായി ആർഡിഎസിന്‌ 8.25 കോടിരൂപ മുൻകൂർ‌ നൽകാൻ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഉത്തരവ്‌.
2014 സെപ്‌തംബർ: പാലം നിർമാണം തുടങ്ങി.

2016 ഒക്‌ടോബർ 12: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു.

2017 ജൂലൈ: പാലം പൊട്ടിപ്പൊളിഞ്ഞ്‌ സഞ്ചാരയോഗ്യമല്ലാതായി.

2018 മാർച്ച്‌ 13: സ്വകാര്യ ഏജൻസി പാലം പരിശോധിച്ചു. പാലം അപകടത്തിലെന്ന്‌ റിപ്പോർട്ട്‌.

2018 ആഗസ്‌ത്‌ 10: പാലം പരിശോധിക്കാൻ മദ്രാസ്‌ ഐഐടിയെ ചുമതലപ്പെടുത്തി.

2019 മാർച്ച്‌ 27: ഗുരുതര ബലക്ഷയം എന്ന  ഐഐടിയുടെ ആദ്യ പഠന റിപ്പോർട്ട്‌.

2019 മെയ്‌1: പാലം അടച്ചു. 

മെയ്‌ 3:   വിജിലൻസ്‌ അന്വേഷണം തുടങ്ങി.

ജൂൺ 4: വിജിലൻസ്‌ റിപ്പോർട്ട്‌ മൂവാറ്റുപുഴ കോടതിയിൽ. 

ജൂൺ 13:   നിർമാണപ്പിഴവ്‌ പരിശോധനയ്‌ക്ക്‌ ഇ ശ്രീധരനെ സർക്കാർ ചുമതലപ്പെടുത്തി.

ജൂലൈ 12: പാലം പൊളിച്ചുപണിയണമെന്ന്‌ ‌ഇ ശ്രീധരന്റെ റിപ്പോർട്ട്‌

ആഗസ്‌ത്‌ 22:  ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ കൊച്ചിയിൽ ചോദ്യംചെയ്‌തു.

ആഗസ്‌ത്‌ 30: ടി ഒ സൂരജ്‌, കരാർ കമ്പനി എംഡി സുമിത്‌ ഗോയൽ എന്നിവർ ഉൾപ്പെടെ നാലുപേർ അറസ്‌റ്റിൽ.

2019 സെപ്‌തംബർ 3:  അറ്റകുറ്റപ്പണി  നിർദേശിച്ച്‌ ഐഐടിയുടെ അന്തിമ റിപ്പോർട്ട്‌.

സെപ്‌തംബർ 14: ഇ ശ്രീധരന്റെ അന്തിമ റിപ്പോർട്ട്‌. പുതുക്കി പണിയാൻ 18.71 കോടി ചെലവാകും. അറ്റകുറ്റപ്പണിയിൽ‌ പാലം സുരക്ഷിതമാകില്ല.

സെപ്‌തംബർ 16:   പാലംപൊളിച്ച്‌ പണിയാൻ സർക്കാർ തീരുമാനം.

സെപ്‌തംബർ 24: എൻജിനിയർമാരുടെ സംഘടനയുടെ ഹർജി പരിഗണിച്ച്‌ പാലം പൊളിക്കൽ ഹൈക്കോടതി തടഞ്ഞു.

നവംബർ 21: പാലത്തിൽ ഭാരപരിശോധന വേണമെന്ന്‌ ഹൈക്കോടതി.

ഫെബ്രുവരി 6: വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട്‌ ചെയ്യാൻ ഗവർണറുടെ അനുമതി.

ഫെബ്രുവരി 15: വി കെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാമതും വിജിലൻസ്‌ ചോദ്യംചെയ്‌തു.

2020 ഫെബ്രുവരി 7: ഹൈക്കോടതി വിധി ചോദ്യംചെയ്‌ത്‌ സർക്കാർ സുപ്രീംകോടതിയിൽ.

ഫെബ്രുവരി 29:  വി കെ ഇബ്രാഹിംകുഞ്ഞിനെ മൂന്നുമണിക്കൂറോളം വീണ്ടും ചോദ്യംചെയ്‌തു.

മാർച്ച്‌ 9:  ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ കേസിൽ അഞ്ചാംപ്രതിയാക്കി.

സെപ്‌തംബർ 22: പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതിയുടെ അനുമതി.

സെപ്‌തംബർ 23: ഡിഎംആർസിയുടെ മേൽനോട്ടത്തിൽ പാലം പൊളിക്കലും പുനർനിർമാണവും തുടങ്ങി.

2020 നവംബർ 18: ഇബ്രാഹിംകുഞ്ഞ്‌ അറസ്‌റ്റിൽ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top