18 August Thursday

മര്യാദയുടെ അതിരുകളെല്ലാം 
കടന്ന്‌ സതീശൻ

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022


തിരുവനന്തപുരം  
സംസ്ഥാന കോൺഗ്രസിൽ പരമാധികാരം കൈപ്പിടിയിലാക്കാൻ അരയും തലയും മുറുക്കിയുള്ള നെട്ടോട്ടത്തിൽ മാന്യതയുടെയും മര്യാദയുടെയും അതിർവരമ്പുകളെല്ലാം ലംഘിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിനു കീഴിൽ യുഡിഎഫിന്‌ ‘പഞ്ച്‌’ പോരാതെ വന്നപ്പോഴാണ്‌ പ്രതിപക്ഷ നേതാവായി സതീശനെ കോൺഗ്രസ്‌ അവതരിപ്പിച്ചത്‌. പുതുതലമുറ നേതാവായി മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ സതീശന്റെ വ്യക്തിത്വം പക്ഷേ, കഴിഞ്ഞ ദിവസം കാറ്റൊഴിഞ്ഞ ബലൂണായി. ഉത്തരംമുട്ടുമ്പോൾ ഭീഷണിപ്പെടുത്തലും പ്രതിയോഗികൾക്കെതിരായ അസഭ്യവർഷവുമാണ്‌ പ്രതിപക്ഷ നേതാവിന്റെ നീക്കിയിരിപ്പ്‌.

വാർത്താസമ്മേളനങ്ങളിൽ ഹിതകരമല്ലാത്ത ചോദ്യമുന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തലാണ്‌ പുതിയ രീതി. തൃക്കാക്കരയിൽ എ കെ ആന്റണിയുടെ സാന്നിധ്യത്തിലായിരുന്നു മാധ്യമ പ്രവർത്തകരോടുള്ള അസഭ്യവർഷം. സ്വർണക്കള്ളക്കടത്ത്‌ പ്രതിയുടെ പിന്നാലെ തെരുവിലിറങ്ങി ഇളിഭ്യരായി നിൽക്കുമ്പോഴാണ്‌ വയനാട്ടിൽ പിടിവള്ളി കിട്ടിയത്‌.   യൂത്ത്‌ കോൺഗ്രസുകാർ നിലത്തിട്ട്‌ പൊട്ടിച്ച ഗാന്ധിജിയുടെ ചിത്രത്തെപ്പറ്റിയുടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട്‌   ഉറഞ്ഞുതുള്ളി.

മാധ്യമപ്രവർത്തകരെ ഡിസിസി ഓഫീസിൽ ഭീഷണിപ്പെടുത്തിയതും സതീശന്റെ മൗനാനുവാദത്തോടെയാണ്‌. കോൺഗ്രസിനുനേരെ ചൂണ്ടുന്ന കൈ അറുത്ത്‌ മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയവരെ തിരുത്തിക്കാനുംഅദ്ദേഹം തയ്യാറായില്ല.
ഉറച്ച കോൺഗ്രസ്‌ മണ്ഡലം നിലനിർത്തിയത്‌ മഹാവിജയമായി അവതരിപ്പിച്ച്‌ സ്വയം ലീഡർ പദവിയിലേക്കുയരാനും ശ്രമിച്ചു. ഇവന്റ്‌ മാനേജ്‌മെന്റ്‌ ഡിസൈനിൽ ‘ക്യാപ്റ്റൻ ദി റിയൽ’, ‘ലീഡർ’ ബോർഡുകൾ നിരത്തി. ചെന്നിത്തലയും കെ മുരളീധരനും ഈ നീക്കം പൊളിച്ചതോടെ ലീഡർ മോഹം തകർന്നു. അത്‌ തിരികെ പിടിക്കാൻ കള്ളങ്ങളും അനുയായികളെക്കൊണ്ട്‌ ബിംബവൽക്കരണവും ചമച്ച്‌ പാഴ്‌ശ്രമം നടത്തുകയാണിപ്പോൾ.

കോൺഗ്രസിലായാലും പുറത്തായാലും എതിരാളികളെ നേരിടാൻ ഏത്‌ നിലവാരത്തിലേക്കും താഴുമെന്ന്‌ സതീശൻ  തെളിയിച്ചതാണ്‌. പൊതുപ്രവർത്തകനും ഭാര്യക്കുമെതിരെ ഫെയ്‌സ്‌ബുക്കിൽ അസഭ്യവർഷം നടത്തിയെന്ന പരാതിയിൽ സതീശനെതിരെ  കേസുമുണ്ട്‌. ‘സൗമ്യനായ’ നേതാവിന്റെ തനിനിറം സ്ത്രീ വിളിച്ചുപറഞ്ഞത്‌ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.  പ്രവർത്തകരെ അഴിച്ചുവിട്ടുള്ള കലാപനീക്കങ്ങൾക്കു പിന്നിലും സതീശന്റയും സുധാകരന്റെയും സെമി കേഡറുകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top