19 November Tuesday

അമേരിക്കയിലെ സ്‌കൂൾ പാഠപുസ്‌തകത്തിലും പഠിക്കാനുണ്ട്‌ കേരള മോഡൽ

ഡി കെ അഭിജിത്ത്‌Updated: Tuesday Nov 5, 2019

കൊച്ചി > രാജ്യത്ത്‌ ഏറ്റവും കൂടുതൽ സാക്ഷരത, ഉയർന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ, ജനസംഖ്യാ നിയന്ത്രണം, കുറഞ്ഞ ശിശുമരണനിരക്ക്‌... വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങളെപ്പറ്റി നമ്മുടെ പാഠപുസ്‌തകങ്ങളിലൂടെ അറിഞ്ഞ വിവരങ്ങളാണ്‌ ഇവയെല്ലാം. ഒരുപക്ഷേ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ പുസ്‌തകങ്ങളിലും കേരളത്തിന്റെ മാതൃകകളും നേട്ടങ്ങളുമെല്ലാം കണ്ടേക്കാം. എന്നാൽ അമേരിക്കയിലെ പാഠപുസ്‌തകത്തിൽ കേരളത്തെക്കുറിച്ച്‌ ഒരു പാഠം മുഴുവനായി ഉണ്ടെങ്കിലോ?.

അമേരിക്കയിലെ ടെക്‌സാസിലെ ഹൈസ്‌ക്കൂൾ പാഠപുസ്‌തകമായ എൻവയോൺമെന്റൽ സയൻസ്‌ ഫോർ അഡ്‌വാൻസ്‌ പ്ലേസ്‌മെന്റിലാണ്‌ ഒരു കൊച്ചു പാഠം തന്നെ കേരളത്തെയും വിവിധ മേഖലകളിൽ കൈവരിച്ച നേട്ടത്തെപ്പറ്റിയും പറയുന്നത്‌. മറ്റ്‌ പല സംസ്ഥാനങ്ങളിലും ഈ പുസ്‌തകം പാഠപുസ്‌തകമായുണ്ട്‌. പ്രധാനമായും ജനസംഖ്യാ നിയന്ത്രണവും ലിംഗസമത്വവുമാണ്‌ പരാമർശിക്കുന്നത്‌. രണ്ടുപേജിൽ ഈ നേട്ടങ്ങളെയും അതിനെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളുമായുള്ള താരതമ്യവും ഉണ്ട്‌. ഉയർന്ന ജനസംഖ്യയുള്ള രാജ്യത്ത്‌ കൃത്യമായ ബോധവത്‌ക്കരണത്തിലൂടെയും ഭരണസംവിധാനങ്ങളുടെ ഇടപെടലുകളിലൂടെയുമാണ്‌ കേരളം എന്ന കൊച്ചു സംസ്ഥാനം പല സൂചികകളിലും ഒന്നാമതെത്തിയതെന്നും പുസ്‌തകത്തിൽ വിശദീകരിക്കുന്നു. ആൻഡ്രൂ ഫ്രിഡ്‌ലൻഡ്‌, റിക്‌ റെല്‌യ എന്നിവരാണ്‌ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌.

1970 കളിൽ ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിച്ച കുടുംബാസൂത്രണവും അതിൽ പൂർണ വിജയം കണ്ട സംസ്ഥാനം കേരളമാണെന്നും പരാമർശമുണ്ട്‌. കണക്‌ടികുട്‌ എന്ന യു.എസ്‌ സംസ്ഥാനത്ത്‌ ആകെ ജനസംഖ്യ 35 ലക്ഷമാണ്‌, കേരളത്തിൽ മൂന്ന്‌ കോടിക്ക്‌ മുകളിലും. അത്രയും വ്യത്യാസം നിലനിൽക്കുമ്പോളാണ്‌ സാമൂഹ്യ വികസന സൂചികകളിൽ കേരളം രാജ്യത്ത്‌ ഒന്നാമതായും, യു.എസിലെ ചില സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലും ഉള്ളത്‌. കണക്‌ടികുട് സംസ്ഥാനത്തിന്‌ ഈ നിലയിലേക്ക്‌ ഉയരാനും കഴിഞ്ഞിട്ടില്ല.

കേരളത്തിലെ പെൺകുട്ടികൾ കമ്പ്യൂട്ടർ പഠിക്കുന്ന ചിത്രവും പുസ്‌തകത്തിലുണ്ട്‌. സാക്ഷരത ജനസംഖ്യാ നിയന്ത്രണത്തിൽ പ്രധാന ഘടകമാണെന്നും അതിൽ കേരളം മാതൃകയാണെന്നും പാഠപുസ്‌തകം പറയുന്നു. സംസ്ഥാനത്തെ കാര്യക്ഷമമായ ആരോഗ്യമേഖല ശിശുമരണനിരക്ക്‌ ഏറ്റവും കുറഞ്ഞ ഇടമാക്കി കേരളത്തെ മാറ്റി. വടക്കേ അമേരിക്കയോടും പല വികസിത രാജ്യങ്ങളോടും ഒപ്പം നിൽക്കുന്ന നേട്ടമാണിത്‌.

സാമൂഹ്യവും സാംസ്‌കാരികവുമായ ഘടകങ്ങളും ജനസംഖ്യാ നിയന്ത്രണത്തിലുള്ള സ്ഥിരതയ്‌ക്ക്‌ കാരണമാകുന്നു. വിദ്യാഭ്യാസം, തൊഴിൽ, തുല്യത എന്നിവയ്‌ക്ക്‌ കേരളം വലിയ പ്രാധാന്യം നൽകുന്നു. ഉന്നത നിലവാരമുള്ള സ്‌കൂളുകൾ 90 ശതമാനത്തിലധികം സാക്ഷരതയുള്ള സംസ്ഥാനത്തിന്റെ നട്ടെല്ലാണ്‌. സാക്ഷരതയിൽ സ്‌ത്രീകളും പുരുഷന്മാരും തുല്യരാണ്‌. ഇന്ത്യയിലെത്തന്നെ മറ്റ്‌ സംസ്ഥാനങ്ങളും, മറ്റ്‌ രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ ചുരുക്കം ചില സ്ഥലങ്ങളിലേ ഇങ്ങനെയുള്ളൂ. അവിടങ്ങളിൽ പുരുഷന്മാരുടെ പകുതി വിദ്യാഭ്യാസമേ സ്‌ത്രീകൾക്ക്‌ ലഭിക്കുന്നുള്ളൂ. കേരളത്തിൽ ഇത്‌ വ്യത്യസ്‌തമാണ്‌. സ്‌ത്രീകൾക്ക്‌ കൂടുതൽ പ്രാധാന്യം നൽകുന്ന സമ്പ്രദായമാണ്‌ കുടുംബങ്ങളിൽ നിലനിന്ന്‌ പോരുന്നത്‌ ‐ പുസ്‌തകത്തിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top