25 September Saturday
ഇപ്പോൾ അൽ ഖായ്‌ദയും ഐഎസും പല രൂപത്തിലും 
പേരിലും ലോകത്തിന്റെ വിവിധ ഭാഗത്തുണ്ട്‌

ഭീകരതയ്ക്കെതിരായ യുദ്ധം ഭീകരവാദത്തെ ആഗോളവൽക്കരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

ഭീകരതയ്‌ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച യുദ്ധം ഭീകരവാദത്തെ ആഗോളവൽക്കരിച്ച ദുരന്തമായി മാറിയിരിക്കെയാണ്‌ ലോകം 9/11 ഭീകരാക്രമണത്തിന്റെ ഓർമ പുതുക്കുന്നത്‌. അമേരിക്ക പണവും ആയുധവും ഒഴുക്കി, പാകിസ്ഥാനെ മുന്നിൽനിർത്തി അറബ്‌ രാജ്യങ്ങളിൽനിന്നടക്കം സംഘടിപ്പിച്ച ഇസ്ലാമിക തീവ്രവാദികളാണ്‌ അഫ്‌ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ്‌ സർക്കാരിനെ അട്ടിമറിച്ചത്‌. താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിൽ എത്തിയതോടെ ആ രാജ്യം ഭീകരവാദികളുടെ അഭയകേന്ദ്രമായി മാറി. അപ്പോൾ അങ്ങിങ്ങായി നടന്ന ഒറ്റപ്പെട്ട ഭീകരാക്രമണങ്ങളിലൂടെ വല്ലപ്പോഴും വാർത്തകളിൽ ഇടംപിടിച്ച ഒന്നായിരുന്നു അൽ ഖായ്‌ദ. അതിനെ ഇല്ലാതാക്കാൻ വന്ന അമേരിക്കൻ സഖ്യസേന നിരവധി അൽ ഖായ്‌ദകളെയും അതിലും നിഷ്‌ഠുരന്മാരായ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഭീകരരെയും സൃഷ്ടിച്ച്‌ ലോകത്തെ കൂടുതൽ അശാന്തമാക്കിയിരിക്കുകയാണ്‌.

എൺപതുകളിൽ റൊണാൾഡ്‌ റീഗന്റെ കാലത്ത്‌ ഉദാരമുഖത്തോടെ ലോകമെങ്ങും കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചാരം നടത്തിവന്ന അമേരിക്ക 1991ൽ സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെയാണ്‌ തനിനിറം പുറത്തെടുത്തത്‌. ഇനി അമേരിക്കൻ നേതൃത്വത്തിൽ ഏകധ്രുവലോകം എന്ന അഹങ്കാരത്തോടെ നീങ്ങുമ്പോഴാണ്‌ 1997ൽ അമേരിക്കൻ വലതുപക്ഷത്തിലെ നവയാഥാസ്ഥിതികർ ‘പുതിയ അമേരിക്കൻ നൂറ്റാണ്ടിനുള്ള പദ്ധതി’ (പിഎൻഎസി) അവതരിപ്പിച്ചത്‌. 2000ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കുപ്രസിദ്ധമായ ക്രമക്കേടിലൂടെ ഈ നവയാഥാസ്ഥിതിക സംഘം വിജയിപ്പിച്ച ജോർജ്‌ ബുഷ്‌ ജൂനിയറിന്‌  പിഎൻഎസി പദ്ധതി ആക്രമണോത്സുകമായിത്തന്നെ ലോകത്തിനുമേൽ അടിച്ചേൽപ്പിക്കാനുള്ള നിയോഗമാണ്‌ ഉണ്ടായിരുന്നത്‌. അതിനുള്ള അവസരമായിരുന്നു 9/11 ഭീകരാക്രമണം.

അൽ ഖായ്‌ദയ്‌ക്ക്‌ അഭയം നൽകിയിരുന്ന അഫ്‌ഗാൻ താലിബാൻ സർക്കാരിനെ പുറത്താക്കി ഒന്നരവർഷം കഴിഞ്ഞ്‌ അമേരിക്ക ഇറാഖിലേക്ക്‌ തിരിഞ്ഞതോടെ ഭീകരവാദികൾക്ക്‌ പുത്തനുണർവായി. 100 കോടി ഡോളറിലധികം മുടക്കി 1625 വിദഗ്ധർ ഇറാഖിലെ ആയിരത്തെഴുനൂറിൽപ്പരം കേന്ദ്രത്തിൽ ‘പരിശോധന’ നടത്തിയിട്ടും സദ്ദാം ഹുസൈന്‌ ഉണ്ടെന്ന്‌ അമേരിക്ക പ്രചരിപ്പിച്ച സർവനാശായുധങ്ങൾ കണ്ടെത്താനായില്ല. എന്നാൽ, അബു മുസാബ്‌ അൽ സർഖാവി എന്ന ജോർദാൻകാരനിലൂടെയും 2006ൽ അയാൾ കൊല്ലപ്പെട്ടശേഷം അബു ഉമർ അൽ ബാഗ്‌ദാദിയിലൂടെയും അയാൾക്കുശേഷം അബു ബക്കർ അൽ ബാഗ്‌ദാദിയിലൂടെയും മറ്റും ‘ഇറാഖ്‌ അൽ ഖായ്‌ദ’യായും ‘ഇറാഖ്‌ ഐഎസ്‌’ ആയും മറ്റും ഭീകരസംഘടനകളുടെ പല അവതാരങ്ങളുണ്ടായി. 2011ൽ അറബ്‌ സ്വേച്ഛാധിപത്യവാഴ്‌ചയ്‌ക്കെതിരെ ഉയർന്ന ജനകീയ പ്രതിഷേധങ്ങളെ അമേരിക്കൻ സഖ്യം അനഭിമത ഭരണാധികാരികളെ അട്ടിമറിക്കാൻ ആയുധമാക്കിയപ്പോൾ ഭീകരവാദികൾക്ക്‌ പുതിയ വേദികളൊരുങ്ങി. ഇപ്പോൾ അൽ ഖായ്‌ദയും ഐഎസും പല രൂപത്തിലും പേരിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്‌. അറബ്‌ രാജ്യങ്ങളിൽനിന്നു മാത്രമല്ല, അമേരിക്ക, യൂറോപ്പ്‌, ആഫ്രിക്ക, ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം അസംതൃപ്‌തരും നിരാശരും രോഷാകുലരുമായ മുസ്ലിം ചെറുപ്പക്കാരെ ആകർഷിക്കാൻ ഈ സംഘടനകൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. പാശ്ചാത്യരാജ്യങ്ങളിൽനിന്നടക്കം ക്രിസ്‌ത്യൻ യുവാക്കൾപോലും ഐഎസിൽ ചേരുന്നുണ്ട്‌. പലസ്‌തീൻ പ്രശ്‌നത്തിലടക്കം പാശ്ചാത്യരാജ്യങ്ങൾ പുലർത്തുന്ന കുറ്റകരമായ നിലപാടുകളും ഭീകരവാദത്തിന്‌ വളക്കൂറുള്ളള മണ്ണൊരുക്കുന്നുണ്ട്‌.


 

നടുക്കത്തിന്റെ ഓർമ പുതുക്കാൻ അമേരിക്ക
ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഓർമ പുതുക്കാൻ വിപുലമായ പരിപാടികളാണ്‌ അമേരിക്ക ആസൂത്രണം ചെയ്തിരിക്കുന്നത്‌. എല്ലാവർഷത്തെയുംപോലെ, ആക്രമണത്തിൽ കൊല്ലപ്പെട്ട മൂവായിരത്തോളം പേരുടെ പേരുകൾ മെമ്മോറിയൽ മ്യൂസിയത്തിൽ വായിക്കും. അൽ ഖായിദ ഭീകരർ വിമാനങ്ങൾ ഇടിച്ചുകയറ്റി തകർത്ത ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങളുടെ പ്രതീകമായി രണ്ട്‌ ലേസർ ബീമുകൾ ആകാശത്തേക്ക്‌ തെളിക്കും.  രാത്രി 7.11 മുതൽ ഞായറാഴ്ച പുലർച്ചെവരെ ഈ വെളിച്ചം തെളിഞ്ഞുനിൽക്കും. റാഞ്ചിയ യാത്രാവിമാനങ്ങളിലൊന്ന്‌ തകർന്നുവീണ പെൻസിൽവാനിയയിലെ ഷാങ്ക്‌സ്‌വിലെയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ ഒത്തുചേരും. വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസ്‌ പങ്കെടുക്കും.

പെന്റഗണിലെ 184 ഇരകളുടെ ഓർമ പുതുക്കാൻ ശനിയാഴ്ച പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്‌. പ്രസിഡന്റ്‌ ജോ ബൈഡൻ, ഭാര്യ ജിൽ എന്നിവർ ലോക വ്യാപാരകേന്ദ്രം, പെന്റഗൺ, ഷാങ്ക്‌സ്‌വിലെ എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top