29 July Thursday

ക്യാമറ ഓടി, മണിക്കുട്ടിയുടെ 
പൂവൻകോഴിയുടെ പിന്നാലെ

ശ്രീരാജ്‌ ഓണക്കൂർUpdated: Monday Jun 14, 2021

കൊച്ചി> ഒരു പൂവൻകോഴിയുടെ പിറകെ ക്യാമറയും യൂണിറ്റും ഓടുക, പൂവൻകോഴിയെ നായകനാക്കുക... ആറ്‌ വിദേശ ചലച്ചിത്രമേളകളിലേക്കാണ്‌ ‘പൂവൻകോഴി’ ഹ്രസ്വചിത്രം ചിറകടിച്ച്‌ പറന്നുകയറിയത്‌. കോട്ടയം പെരുവ സ്വദേശി ഉണ്ണി അവർമ സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം വ്യത്യസ്‌തമാകുന്നതും ഈ പ്രത്യേകതകൾകൊണ്ടുതന്നെ. മണിക്കുട്ടി എന്ന ബാലിക ജീവനുതുല്യം സ്‌നേഹിക്കുന്ന പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന ഒരുമണിക്കൂർ നീളമുള്ള ചിത്രം യുട്യൂബിൽ കണ്ടത്‌ പതിനായിരങ്ങൾ. സംവിധായകൻ ദിലീഷ്‌ പോത്തനെപ്പോലെയുള്ളവർ അത്‌ ഷെയർ ചെയ്യുകയും ചെയ്തു.

വ്യത്യസ്‌തമായ കഥ ഉണ്ണിക്ക്‌ ലഭിച്ചത്‌ സ്വപ്‌നത്തിൽനിന്നാണ്‌. പൂവൻകോഴിയെക്കുറിച്ചുള്ള പാട്ടുകൾ പാടിയാണ്‌ ചേച്ചി രമ്യയുടെ കുട്ടികളെ  ഉണ്ണി ഉറക്കിയിരുന്നത്‌. ഒരു ദിവസം ഉണ്ണി സ്വപ്‌നത്തിൽ പൂവൻകോഴിയുടെ കഥ കണ്ടു. രാവിലെ കടലാസിൽ കുറിച്ചു. അത്‌ വികസിപ്പിച്ചാണ്‌ സ്‌ക്രിപ്‌റ്റ്‌ ഒരുക്കിയത്‌.

പൂവൻകോഴിയെ വാങ്ങി അതിന്റെ സഞ്ചാരപഥം കണ്ടുമനസ്സിലാക്കി. ആ സഞ്ചാരപഥത്തിൽ സെറ്റ്‌ ഒരുക്കിയും ക്യാമറ വച്ചുമാണ്‌ 10 ദിവസംകൊണ്ട്‌ ചിത്രം പൂർത്തിയാക്കിയത്‌.
പെരുവ കൂട്ടാനിക്കൽ കോളനിയിലായിരുന്നു ചിത്രീകരണം. അച്ഛൻ കുട്ടപ്പനും കോളനി നിവാസികളും സുഹൃത്തുക്കളും അഭിനേതാക്കളായി. മണിക്കുട്ടിയായത്‌ അയൽക്കാരി ആർഷ ജയൻ. ചേച്ചി രമ്യയുടെ ഭർത്താവ്‌ സിജോ സി കൃഷ്‌ണനാണ്‌ നിർമാണം. സെറ്റ്‌ ഒരുക്കിയത്‌ മനു ഭാസ്‌കരൻ. പശ്‌ചാത്തലസംഗീതം അരുൺ ഗോപനും ശബ്‌ദമിശ്രണം നിഖിൽ വർമയുമാണ്‌. കണ്ണൂർ സ്വദേശി തരുൺ ഭാസ്‌കരനാണ്‌ ക്യാമറ.

ഹ്രസ്വചിത്രമാണെങ്കിലും വിദേശ ചലച്ചിത്രമേളകളിൽ ചലച്ചിത്രവിഭാഗത്തിലാണ്‌ പൂവൻകോഴി മത്സരിച്ചത്‌. ചിക്കാഗോയിൽ 2020ൽ നടന്ന ബ്ലോ അപ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥ, ഛായാഗ്രഹണം, സൗണ്ട്‌ ട്രാക്ക്‌ വിഭാഗങ്ങളിൽ ഫൈനലിസ്‌റ്റായി. ലണ്ടൻ ഗോൾഡൻ മൂവി മേളയിൽ മികച്ച വിദേശചിത്രത്തിനും തിരക്കഥയ്‌ക്കും നോമിനേഷൻ ലഭിച്ചു. ബെർലിൻ ഫ്ലാഷ്‌ ഫിലിം ഫെസ്‌റ്റിവൽ ഉൾപ്പെടെ ആറ്‌ വിദേശ ചലച്ചിത്രമേളകളിലാണ്‌ പൂവൻകോഴി പ്രദർശിപ്പിച്ചത്‌. കഥാകൃത്ത് എന്ന രീതിയിൽ ഉണ്ണി ആദ്യം തൂലിക ചലിപ്പിച്ചത്‌ സംസ്ഥാന അവാർഡിന്‌ അർഹമായ ‘മാങ്ങാണ്ടി’ എന്ന ഹ്രസ്വചിത്രത്തിനായാണ്.

https://www.youtube.com/watch?v=Ge5w0CKU7eE ‘പൂവൻകോഴി’ ലിങ്ക്‌

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top