17 February Sunday

ജെഎന്‍യു, ആസാം, ഹൈദരാബാദ്...; ക്യാമ്പസുകളിലെ സംഘപരിവാര്‍ ഫാസിസത്തെ ചെറുത്ത് എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2017

ന്യൂഡല്‍ഹി > വര്‍ഗ്ഗീയ ഫാസിസ്റ്റ് സഖ്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയടക്കമുള്ള രാജ്യത്തെ പ്രശസ്ത ക്യാമ്പസുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ എസ്എഫ്‌ഐ വിജയക്കൊടി പാറിച്ചത്. ക്യാമ്പസുകളില്‍ അസഹിഷ്ണുതയും ജാതി- മത ദ്രുവീകരണവും നടത്തി മതേതര സ്ഥാപനങ്ങളെ  ഇല്ലാതാക്കാനുള്ള എബിവിപി അടക്കമുള്ള സംഘടനകളുടെ ഗൂഢാലോചനയാണ് ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ വിദ്യാര്‍ഥികള്‍ തകര്‍ത്തെറിഞ്ഞത്. ജെഎന്‍യൂ വിന് പിന്നാലെ വെള്ളിയാഴ്ച ഫലം പുറത്തുവന്ന ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്(എഎസ്‌ജെ) എന്ന പേരിലുള്ള മതേതര സഖ്യം തങ്ങളുടെ വിജയക്കൊടി വാനിലുയര്‍ത്തിയിരുന്നു.

 ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ കടന്നാക്രമണങ്ങളെ അതിജീവിച്ച്, എബിവിപിയുടെ വെല്ലുവിളിയുടെ മുനയൊടിച്ച ജയമാണ് എസ്എഫ്‌ഐ- എഐഎസ്എ -ഡിഎസ്എഫ് സഖ്യം നേടിയത്. നാല് ജനറല്‍ സീറ്റിലും സഖ്യം വിജയിച്ചു. ജനാധിപത്യ വിരുദ്ധതയ്ക്കും സങ്കുചിത ദേശീയവാദത്തിനുമെതിരായ പോരാട്ടത്തിന്റെ മുന്നണിയിലുള്ള ജെഎന്‍യുവില്‍ ഇടതു വിദ്യാര്‍ഥി സഖ്യം നേടിയ വിജയം ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ക്കുള്ള കനത്ത താക്കീതായി. ക്യാമ്പസില്‍ ഉയര്‍ന്നുകേട്ട 'ജെഎന്‍യു ലാല്‍ ഹെ, ലാല്‍ രഹേഗാ' (ജെഎന്‍യു ചുവപ്പാണ്, ചുവന്നുതന്നെ തുടരും) എന്ന മുദ്രാവാക്യം അന്വര്‍ഥമാക്കുന്ന വിജയമാണ് ഇടതു സഖ്യം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലും  എസ്എഫ്‌ഐ തേരോട്ടം നടത്തിയത്.

  ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗീതകുമാരി(പ്രസിഡന്റ്), സിമന്‍ സോയ ഖാന്‍(വൈസ് പ്രസിഡന്റ്), ദുഗ്ഗിരാല ശ്രീകൃഷ്ണ (ജനറല്‍ സെക്രട്ടറി), സുഭാന്‍ഷു സിങ്(ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നു

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗീതകുമാരി(പ്രസിഡന്റ്), സിമന്‍ സോയ ഖാന്‍(വൈസ് പ്രസിഡന്റ്), ദുഗ്ഗിരാല ശ്രീകൃഷ്ണ (ജനറല്‍ സെക്രട്ടറി), സുഭാന്‍ഷു സിങ്(ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നു


പ്രധാനപ്പെട്ട എല്ലാ സീറ്റുകളിലും അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് വിജയിക്കുകയായിരുന്നു. ഇവിടെ എബിവിപിയും അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസും തമ്മിലായിരുന്നു പ്രധാന മത്സരം.  മലയാളിയായ ശ്രീരാഗ് പൊയ്ക്കാടനാണ്  പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വിജയിച്ചുകയറിയത്. എബിവിപി സ്ഥാനാര്‍ഥിയായ കെ പല്‍സാനിയെ 160 വോട്ടിന് പിന്നിലാക്കിയായിരുന്നു ശ്രീരാഗിന്റെ  തകര്‍പ്പന്‍ വിജയം. എന്‍എസ്‌യു(ഐ) സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി. എസ്എഫ്ഐ , എഎസ്എ(അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്‍), ഡിഎസ്യു(ദളിത് സ്റ്റുഡന്റസ് യൂണിയന്‍), ടിഎസ്എഫ്(ട്രൈബല്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍), ടിവിവി(തെലങ്കാന വിദ്യാര്‍ഥി വേദിക) എന്നിവരാാണ്  മതേതര സഖ്യത്തില്‍ ഉണ്ടായിരുന്നത്. ബിഎസ്എഫ്(ബഹുജന്‍ സ്റ്റുഡന്റ് ഫ്രണ്ട് )സഖ്യത്തെ പിന്തുണക്കുകയും ചെയ്തു

ഗുവാഹതി കോളേജില്‍ ചരിത്ര വിജയം നേടി എസ്എഫ്‌ഐ

ഗുവാഹതി കോളേജില്‍ ചരിത്ര വിജയം നേടി എസ്എഫ്‌ഐമത ന്യൂനപക്ഷങ്ങള്‍ക്കും ദളിത് -ആദിവാസി വിഭാഗങ്ങള്‍, ഇടതുപക്ഷ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്‌ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് അക്രമത്തിനെതിരൊയ ശക്തമായ പ്രചരണമാണ്  ഇടതുസഖ്യം യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ നടത്തിയത്. വര്‍ഗ്ഗീയതയുടെ കരങ്ങള്‍ ക്യാമ്പസുകളില്‍ പടര്‍ത്തി രാജ്യത്ത് കലാപം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിനുള്ള ശക്തമായ തിരിച്ചടിയും താക്കീതുമാണ് ഹൈദരാബാദ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ കാണാനായത്. ആസാമിലെ ക്യാമ്പസുകളില്‍ നടന്ന തെരഞ്ഞെടുപ്പിലും  എസ്എഫ്‌ഐ ചരിത്ര വിജയമാണ് നേടിയത്. ജോര്‍നട്ട് സെന്‍ട്രല്‍ കോളേജിന് പിന്നാലെ ഗുവാഹട്ടി കോളേജിലും എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുക്കുകയായിരുന്നു.


അതേസമയം,  ഡല്‍ഹി സര്‍വ്വകലാശാലയില്‍ സെപ്തംബര്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ എബിവിപിയെ പരാജയപ്പെടുത്തി എന്‍എസ്‌യൂ(ഐ)യാണ് വിജയിച്ചത്. രാഷ്ട്രീയം നിരോധിച്ചും അധ്യാപകരേയും വിദ്യാര്‍ഥികളേയും തെരഞ്ഞുപിടിച്ച് രാജ്യദ്രോഹികളായി മുദ്രകുത്തി ക്യാമ്പസുകളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളാക്കി മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന തന്ത്രങ്ങള്‍ക്കും വര്‍ഗ്ഗീയ ഗൂഢാലോചനക്കുമുള്ള വന്‍ തിരിച്ചടിയാണ് രാജ്യത്തെ വിവിധ ക്യാമ്പസുകളില്‍ നിന്നും വര്‍ഗ്ഗീയശക്തികള്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്‌.  ജെഎന്‍യു, ആസാം, ഹൈദരാബാദ് അങ്ങനെ ശക്തമായ ബിജെപി സാന്നിധ്യമുള്ള ഇടങ്ങളില്‍ പോലും ഇടതുരാഷ്ട്രീയത്തിന്റെ പ്രാധാന്യം ഒഴിവാക്കാനാകാത്തതാണെന്ന തിരിച്ചറിവിലേക്ക് ക്യാമ്പസുകള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top