13 May Thursday

കോവിഡിനേക്കാൾ ദുരന്തം തൊഴിൽനഷ്ടം

വെബ് ഡെസ്‌ക്‌Updated: Monday Mar 29, 2021


ന്യൂഡൽഹി
രാജ്യത്തെ തൊഴിൽമേഖലയിലെ തകർച്ച പുറത്തുവരാൻ കോവിഡ്‌ വഴിയൊരുക്കിയെന്ന്‌ അന്വേഷണ റിപ്പോർട്ടുകൾ. മൂലധന താൽപ്പര്യത്തില്‍ മാത്രം കേന്ദ്രീകരിച്ച സാമ്പത്തിക നയം തൊഴിൽമേഖലയെ മുമ്പേ ദുർബലമാക്കി. അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ സ്ഥിതി അങ്ങേയറ്റം വഷളായെന്നും സിഎംഐഇ, ലേബർ ഫോഴ്‌സ്‌ സർവേ റിപ്പോർട്ടുകൾ വെളിപ്പെടുത്തി.

കഴിഞ്ഞ ഏപ്രിൽ–-ജൂൺ കാലത്ത്‌ നഗരങ്ങളിൽ 15 വയസ്സിനു മുകളിലുള്ളവരിൽ 20.8 ശതമാനംപേർ തൊഴിൽ രഹിതരായെന്ന് ലേബർ ഫോഴ്‌സ്‌ സർവേ. സിഎംഐഇ റിപ്പോർട്ടിൽ ഇതേ കാലയളവിലെ ശരാശരി തൊഴിലില്ലായ്‌മ 19.9 ശതമാനം. അടച്ചിടല്‍ മാത്രമല്ല ഇതിനു കാരണം. 2011–-12നെ അപേക്ഷിച്ച്‌ 2017–-18ൽ  നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക്‌ മൂന്നിരട്ടിയായി. 2016–-17ൽ രാജ്യത്തെ തൊഴിൽ വളർച്ച 8.3 ശതമാനം ആയിരുന്നത്‌ 2019–-20ൽ നാലു ശതമാനത്തിൽ താഴെയായി.

നോട്ടുനിരോധനത്തിനുശേഷം അസംഘടിതമേഖലയിൽ 1.5 കോടി പേർക്ക്‌‌ തൊഴിൽ നഷ്ടമായി. തൊഴിൽ മേഖലയുടെ നിലവാരത്തിനും സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിലും വൻതോതിൽ ഇടിവുണ്ടായി. തൊഴിലാളികളെ അവഗണിച്ച്‌ സർക്കാർ നയങ്ങൾ ആവിഷ്‌കരിക്കുന്ന പ്രവണതയ്‌ക്ക്‌ ആക്കംകൂടി. അതിഥിത്തൊഴിലാളികളെ വിസ്‌മരിച്ച്‌ കേന്ദ്ര സർക്കാർ ലോക്‌ഡൗൺ നടപ്പാക്കിയത്‌ ഉദാഹരണം.

സ്ഥിരം ശമ്പളം വാങ്ങുന്നവരുടെ യഥാർഥ വരുമാനത്തിൽ (പണപ്പെരുപ്പം ഒഴിവാക്കിയുള്ള) 2017–-18ൽ 2011–-12നെ അപേക്ഷിച്ച്‌ 1.7 ശതമാനം ഇടിവുണ്ടായി. ഏപ്രിൽ–-ജൂണിൽ കൂലിപ്പണിക്കാരിൽ 50 ശതമാനംപേർ തൊഴിൽരഹിതരായി. 10 ശതമാനംപേർ എന്നന്നേക്കുമായി തൊഴിൽരംഗം വിട്ടു. മാസശമ്പളക്കാരിൽ 10 ശതമാനംപേർക്ക്‌ ജോലി നഷ്ടപ്പെട്ടു. അഞ്ചു ശതമാനം പേർക്ക്‌ തൊഴിൽ സ്ഥിരമായി ഉപേക്ഷിക്കേണ്ടിവന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top