19 February Tuesday

ജോൺ നീട്ടിവിളിച്ച പേര്

മഞ്ജു കുട്ടികൃഷ്ണൻUpdated: Thursday Aug 2, 2018തീവ്രാനുഭവങ്ങളുടെ ചൂടും ജീവിതലഹരിയുടെ അതീതഭാവങ്ങളും ഗസൽ സംഗീതത്തിന്റെ ചിറകിലാവാഹിച്ച് ആസ്വാദകനെ ആനന്ദത്തിലാറാടിച്ച മാന്ത്രിക ശബ്ദം നിലച്ചു. ജീവിതത്തിന്റെ കനൽവഴികൾ താണ്ടി സംഗീതത്തിനുവേണ്ടിയലഞ്ഞ ജീവിതം. മെഹബൂബിനൊപ്പം  അനുയാത്ര ചെയ്യാനായതാണ് തന്റെ നിയോഗമെന്ന് കരുതിയ, ശുദ്ധസംഗീതത്തിൽ വെള്ളംചേർക്കാൻ തയ്യാറാകാത്ത ഉമ്പായിയെ കാലം തിരിച്ചുവിളിച്ചില്ലായിരുന്നെങ്കിൽ ആ പ്രതിഭയിൽ ഇനിയും മനോഹര ഗസലുകൾ പിറക്കുമായിരുന്നു.  സംഗീതമന്വേഷിച്ച് ഉമ്പായി പിന്നിട്ട വഴികൾ കല്ലും മുള്ളും നിറഞ്ഞത്. മദ്യവും ചരസ്സും കവർച്ചയും കഠിന ജോലികളും പട്ടിണിയും അതിജീവിച്ച്, തേടിയലഞ്ഞ സംഗീതം ഒടുവിൽ ജീവിതത്തിലേക്ക് ആ കൊച്ചിക്കാരനെ ചേർത്തുനിർത്തി. വിദേശത്തുപോലും എണ്ണമില്ലാത്ത ആരാധകരെ സൃഷ്ടിക്കാൻ, മലയാളത്തിൽ ഗസൽ സംഗീതത്തിന് വേറിട്ട വഴിതുറക്കാൻ, ആൽബങ്ങൾ തീർക്കാൻ, ചലച്ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കാൻ, ഒടുവിൽ ആത്മകഥയെഴുതാൻ... സംഗീതം ഉമ്പായിയെ തിരിച്ചുപിടിച്ചു. നാടകമോ സിനിമയോപോലെ സംഭവബഹുലവും നാടകീയമുഹൂർത്തങ്ങൾ നിറഞ്ഞതുമായിരുന്നു ആ  ജീവിതവും.

'ചിതറിത്തെറിച്ച ജീവിതാനുഭവങ്ങൾ' എന്നാണ് ആത്മകഥയെഉമ്പായി വിശേഷിപ്പിച്ചത്. ഫോർട്ടുകൊച്ചി ഇരവേലി പടിഞ്ഞാറേ വീട്ടിൽ 'ഇ എം എസ് അബു'എന്ന സിപിഐ എം പ്രാദേശിക നേതാവായിരുന്ന അബുവിന്റെയും പാത്തുമ്മയുടെയും മകനായ പി എ ഇബ്രാഹിം എന്ന ഉമ്പായിക്ക് കൊച്ചുനാളിൽ തബലയിലായിരുന്നു താൽപര്യം.  ബോട്ടിലെ സ്രാങ്കായ ബാപ്പയ്ക്ക് സംഗീതമെന്ന് കേൾക്കുന്നതേ കലിയും. ഉമ്മയാണ് ഒളിച്ചും പതുങ്ങിയും  തുണച്ചത്. എച്ച് മെഹബൂബിനൊപ്പം തബല വായിച്ചു. മട്ടാഞ്ചേരിയിൽ ഉസ്താദ് അല്ലാരഖയുടെ തബലവാദനം കേട്ടതോടെ തൽക്കാലത്തേക്ക് അത് നിർത്തി. മെഹബൂബിന്റെ പ്രേരണയിൽ മുംബൈയിലേക്ക് കയറിയ ഉമ്പായി ഗുരുവിനെതേടിയലഞ്ഞു. ജീവിക്കാൻ പല വേഷങ്ങൾ. വിദേശ‐ കള്ളക്കടത്തു സാധനങ്ങൾ വിൽക്കുന്നയാൾ, ലോറി ക്ലീനർ, മീൻകച്ചവടക്കാരൻ, ഐസ് വിൽപനക്കാരൻ, ഹെവി ഡ്രൈവർ...ചെയ്യാത്ത പണികളില്ല. കഞ്ചാവും ചരസ്സും മദ്യവും ബോധത്തെ മുക്കി.  ആ നാളുകളിലൊന്നിൽ കണ്ടെത്തിയ ഉസ്താദ് മുജാവർ അലിഖാനെ ഗുരുവാക്കി. അദ്ദേഹം തബലയിൽ കൂടുതൽ പരിശീലനം നൽകി.  ഇടയ്ക്കൊരിക്കൽ ഉമ്പായിയെതേടി താമസിക്കുന്ന സ്ഥലത്തെത്തിയ മുജാവർ അലി ഖാൻ ഉമ്പായി 'ആംസൂ ഭരീഹേ' പാടുന്നതുകേട്ടു. തബല പഠിപ്പിക്കൽ നിർത്തി ഉറുദു സംഗീതത്തിലേക്ക് വഴി തിരിച്ചുവിട്ടത് ഗുരു, ഒപ്പം ലഹരിയിൽനിന്നും.

ഫോർട്ടുകൊച്ചിയിലെ രാഗ് ഓർക്കസ്ട്രയിലൂടെയാണ് ഉമ്പായി പ്രൊഫഷണൽ സംഗീതലോകത്തെത്തിയത്. ആ പ്രതിഭ തിരിച്ചറിഞ്ഞ് േപ്രാത്സാഹിപ്പിച്ച മറ്റൊരാൾ ജോൺ എബ്രഹാം. പടിഞ്ഞാറേ വീട്ടിൽ അബു ഇബ്രാഹിമിന് പേര് 'ഉമ്പായി' എന്ന് മതിയെന്ന് തീരുമാനിച്ചതും ജോൺ. ഉമ്മയും അടുപ്പമുള്ള ചിലരും മാത്രമാണ് മുമ്പ് അങ്ങനെ വിളിച്ചത്.  തന്റെ ശബ്ദം ആദ്യമായി റെക്കോഡ് ചെയ്ത് കേൾപ്പിച്ചത് ജോൺ ആണെന്ന് ഉമ്പായി ആത്മകഥയിൽ പറയുന്നു. അമ്മ അറിയാൻ സിനിമയിൽ  പാടിയ പാട്ട്  റെക്കോഡ് ചെയ്തത് കേട്ടപ്പോഴാണ്  ഗസൽ സംഗീതത്തിന് പറ്റിയ ശബ്ദമാണെന്ന ആത്മവിശ്വാസം ഉണ്ടായതത്രെ. 

എൺപതുകളുടെ മധ്യത്തിൽ ഡൽഹിയിലെ ഹോട്ടൽ ഹോളിഡേ ഇന്നിൽ  നടത്തിയ പരിപാടിയാണ് മലയാള ഗസലിലേക്ക് ഉമ്പായിയുടെ   മനസ്സുണർത്തിയത്. മലയാളത്തിൽ ഈ ആഗ്രഹം സഫലമാക്കാൻ കൂട്ടായത് വേണു വി ദേശം. അദ്ദേഹമെഴുതിയ വരികൾക്ക് ഈണമിട്ടു. അങ്ങനെ മലയാളത്തിലെ ആദ്യ ഗസൽ ആൽബം പിറന്നു, 'പ്രണാമം'. പ്രണയത്തിന്റെ തീവ്രാനുഭൂതികൾ തീർക്കുന്ന വരികളുമായി പിറന്ന ആൽബത്തിലെ 'നിൻമന്ദഹാസം കണ്ടനാൾമുതൽ' പ്രായഭേദമില്ലാതെ സംഗീതപ്രേമികൾ ഏറ്റെടുത്തു. ഒന്നിനു പിറകെ ഒന്നായി 24 ഗസൽ ആൽബങ്ങളാണ് ഉമ്പായി പുറത്തിറക്കിയത്. എല്ലാം ഹിറ്റുകൾ.

ലഹരിമൂത്ത് വിളക്കുകാലിനോടുപോലും പാട്ടുപാടി നടന്ന കാലം മുതൽ ജീവിതം ആസ്വാദകർക്കുമുന്നിൽ തുറന്നുവച്ച പുസ്തകംപോലെ ആത്മകഥയിലൂടെയും ഏറ്റുപറച്ചിലുണ്ടായി.  'രാഗം ഭൈരവി' 2016 ലാണ് പുറത്തിറങ്ങിയത്.

പ്രധാന വാർത്തകൾ
 Top