25 April Thursday

രാഷ്ട്രീയ കച്ചവടക്കാര്‍ നിറഞ്ഞ നാട്ടില്‍ തുറന്ന പുസ്തകമായി 'ഉഴവൂര്‍'; പാലായില്‍ ഇങ്ങനെയും ഒരു നേതാവ് ജീവിച്ചു

ആര്‍ സാംബന്‍Updated: Sunday Jul 30, 2017

കോട്ടയം > കൈവശം സൂക്ഷിക്കാന്‍ സ്വന്തം പണം ഇല്ലാത്തതിനാല്‍ പേഴ്സിന്റെ ആവശ്യം ഉഴവൂര്‍ വിജയന് ഇല്ലായിരുന്നു. ആരെങ്കിലും സംഭാവന നല്‍കുന്ന നോട്ടുകള്‍ക്ക് പോക്കറ്റിലാണ്  സ്ഥാനം. വീട്ടിലെത്തിയാല്‍ മേശപ്പുറത്ത് പ്രോഗ്രം ഡയറിയില്‍ ആ നോട്ടുകള്‍ വയ്ക്കും. ബജറ്റ് വിറ്റും വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ചും രാഷ്ട്രീയ കച്ചവടക്കാര്‍ നിറഞ്ഞാടിയ നാട്ടില്‍ ജീവിതം തുറന്ന പുസ്തകമാക്കിയാണ് ഉഴവൂര്‍ വിജയന്‍ ജീവിച്ചത്.

ദേശീയ പാര്‍ടിയെന്ന് പേരുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തില്‍ നിന്ന് സഹായമൊന്നും കിട്ടാറില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍ പറയുന്നു. യുപിഎ ഭരണകാലത്ത് പ്രതിമാസം 30,000 രൂപ അനുവദിച്ചു. ഭരണം പോയതോടെ അത് നിലച്ചു. 20,000 രൂപ പ്രതിമാസ വാടകയിലാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂരിന്റെ സുഹൃദ്ബന്ധമാണ് അതിലൊക്കെ സഹായിച്ചത്.

പാലായില്‍ അസൌകര്യങ്ങളുടെ കൂടാരമായ  വാടക വീട്ടിലായിരുന്നു വര്‍ഷങ്ങളോളം താമസം. അമ്മയെ കാണാന്‍ കൂടെക്കൂടെ കുറിച്ചിത്താനത്ത് എത്തും. ചായക്കടയില്‍നിന്നു വാങ്ങിയ പരിപ്പുവടയും ബോണ്ടയും കൈയിലുണ്ടാകും. പാക്കുവിറ്റും മറ്റും അമ്മ സ്വരുക്കൂട്ടിയ ചെറിയ തുകയും കടംവാങ്ങി മടങ്ങും. അമ്മയുടെ മരണശേഷം കുറിച്ചിത്താനത്തെ 75 സെന്റ് കുടുംബസ്ഥലത്ത് ഒമ്പതു വര്‍ഷംമുമ്പ് വീട് പണിതു. അതിനായി പത്തര ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു. 13,000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. അധ്യാപികയായ ഭാര്യ ചന്ദ്രമണിയമ്മയ്ക്ക് വിരമിക്കല്‍ ആനൂകൂല്യം ലഭിച്ചതോടെ അടുത്തകാലത്ത് ആ ബാധ്യത തീര്‍ത്തു. ഉഴവൂര്‍ വിജയന്റെ കുടുംബത്തെ സഹായിക്കാന്‍ 25 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉറഞ്ഞുതുള്ളുന്നവര്‍ക്ക് അറിയാത്ത പൊതുപ്രവര്‍ത്തകന്റെ മൂല്യം. 

ചെന്നൈയില്‍ ബിഎംഡിഎസിന് പഠിക്കുന്ന മകള്‍ വന്ദനയ്ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ ഫീസൊടുക്കണം. ബിഡിഎസിന് പഠിച്ചപ്പോഴുള്ള നാലു ലക്ഷത്തിന്റെ വിദ്യാഭ്യാസ വായ്പയും ബാധ്യതയായിരിക്കുന്നു. ഇളയമകള്‍ വര്‍ഷ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. വിലപിടിച്ച സ്ഥാനങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായെങ്കിലും പ്രതിമാസം 6000 രൂപ മാത്രമായിരുന്നു ഓണറേറിയം. എഫ്സിഐ ഉപദേശകസമിതിയംഗം, മലിനീകരണനിയന്ത്രണ ബോര്‍ഡ് അംഗം എന്ന നിലകളില്‍ ഇടക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നെങ്കിലും പ്രതിഫലം നാമാത്ര സിറ്റിങ് ഫീസ് മാത്രം.സുഹൃത്തുക്കള്‍ നല്‍കുന്ന സാമ്പത്തികസഹായം കൊണ്ടായിരുന്നു യാത്രകള്‍. പ്രസംഗത്തിന് നല്ല ഡിമാന്റ് ഉള്ളതിനാല്‍ എല്ലായിടത്തും ഓടിയെത്തണം. കാര്‍ വാടക സംഘാടകര്‍ നല്‍കിയില്ലെങ്കിലും പരിഭവമൊന്നുമില്ല. ആരാധകര്‍ ഏറെയുള്ളതിനാല്‍ ഉച്ചഭക്ഷണത്തിന് ആരെങ്കിലുമൊക്കെ ഒപ്പം കാണും. അതിനുള്ള പണവും കീശയില്‍നിന്നു നല്‍കും.

കമ്മിറ്റികളില്‍ പോലും കാര്‍ക്കശ്യമില്ല. സ്ഥാനമാനങ്ങളുടെ പിന്നാലെ ഓടിയില്ല. പ്രസംഗത്തില്‍ മാത്രമായിരുന്നു ഹരം. സ്വന്തം ആരോഗ്യംപോലും അതിനു തടസ്സമായില്ല. ഹൃദ്രോഗവും പ്രമേഹവും വേട്ടയാടി. ദിവസം ആയിരത്തിലേറെ രൂപയുടെ മരുന്നുണ്ട്. മരുന്നു പെട്ടിയുമായായിരുന്നു യാത്ര. ഇതിനിടെ ആശുപത്രി വാസം. ഒടുവിലത്തെ ചികിത്സയുടെ ബാധ്യത അഞ്ചു ലക്ഷം. പ്രതിസന്ധിയുടെ ഈ നടുക്കയത്തിലാണ് സര്‍ക്കാര്‍ സഹായം എത്തിയത്.

 

പ്രധാന വാർത്തകൾ
 Top