27 February Thursday

ത്രിപുര തിരിച്ചറിയുന്നു ഇടതുമുന്നണിയുടെ ന‌‌ഷ്ടം

എൻ എസ്‌ സജിത്‌Updated: Sunday Jan 19, 2020

ഗൗതം ദാസ്‌

തിരുവനന്തപുരം > ത്രിപുര. വടക്കുകഴിക്കൻ ഇന്ത്യയിലെ ഏഴു സഹോദരിമാരിൽ ഒരുവൾ. വിഭജനം മുറിപ്പാട്‌ സൃഷ്‌ടിച്ച നാട്‌. 1947ൽ ഇന്ത്യയും പാകിസ്ഥാനുമായി രാജ്യം പകുത്തപ്പോൾ കിഴക്കൻ ബംഗാളിൽനിന്ന്‌ കുടിയേറിയവർക്ക്‌ കൂടൊരുക്കിയ മണ്ണ്‌. ത്രിപുരയുടെ ജനസംഖ്യയിലെ സന്തുലിതത്വത്തെ താളം തെറ്റിക്കുകയായിരുന്നു ആ വിഭജനം. ത്രിപുരയിൽ ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്ന ആദിവാസി വിഭാഗം വിഭജനത്തോടെ വെറും 31ശതമാനത്തിലേക്ക്‌ താഴ്‌ന്നു. ആദിവാസികളും ബംഗാളികളും തമ്മിൽ അന്നു തുടങ്ങിയ  വംശീയ വൈരം മാഞ്ഞത്‌ സിപിഐ എം നടത്തിയ ശ്രദ്ധാപൂർവമായ ഇടപെടലുകളിലൂടെയായിരുന്നു. ഇടതുമുന്നണി ഭരിച്ചപ്പോഴൊക്കെ ഗോത്രവൈരത്തിന്റെ മുറിപ്പാടുകളെ മാനവികതയുടെ ലേപനം പുരട്ടി ഉണക്കി. ഇരുപക്ഷത്തിന്റെയും താൽപ്പര്യങ്ങൾ ഒരു പോലെ സംരക്ഷിച്ച്‌ സൂക്ഷ്‌മമായ വികസന പദ്ധതികളൊരുക്കി. ആദിവാസി ജനതയെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിൽ ഇടതുമുന്നണി സർക്കാർ വഹിച്ച പങ്ക്‌ എതിരാളികൾ പോലും സമ്മതിക്കും.

എന്നാൽ പൗരത്വഭേദഗതി നിയമം പാസായതോടെ ത്രിപുരയുടെ രാഷ്‌ട്രീയാന്തരീക്ഷം മുമ്പെങ്ങുമില്ലാത്തവിധം കലുഷിതമായിരിക്കയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ഗൗതം ദാസ്‌ പറഞ്ഞു. ബംഗാളികളായ ഹിന്ദുക്കളെ പ്രീണിപ്പിച്ചും തീവ്രവാദ സ്വഭാവമുള്ള ആദിവാസി സംഘടനകളെ പാട്ടിലാക്കിയും അധികാരം പിടിച്ചെടുത്ത ബിജെപി സർക്കാർ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കിയതോടെ ജനങ്ങളിൽനിന്ന്‌ തീർത്തും ഒറ്റപ്പെട്ടു. ബംഗാളി വിരോധം അജൻഡയാക്കിയ തീവ്രവാദ സംഘടനകൾ ബിജെപിയെ തുറന്നെതിർക്കാൻ തുടങ്ങി.  ബംഗ്ലാദേശിൽനിന്ന്‌ വീണ്ടും ഹിന്ദുക്കളായ അഭിയാർഥികളുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ്‌ അവരുടെ പ്രതിഷേധത്തിന്റെ കാതൽ. വിരുദ്ധ നിലപാടുകളുള്ള വിഭാഗങ്ങളെ തെരഞ്ഞെടുപ്പു നേട്ടത്തിനായി ഒരുമിപ്പിച്ചത്‌ തിരിച്ചടിയായെന്ന്‌ ബിജെപിക്ക്‌ ബോധ്യപ്പെടുകയാണ്‌. ധോലായ്‌ ജില്ലയിൽ ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ സംഭവമുണ്ടായി. കുറ്റം ചെയ്‌ത ബിജെപി പ്രവർത്തകർക്കെതിരെ ഒരു നടപടിയും  എടുത്തിട്ടില്ല.

അതേസമയം മതാടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ പാർടികളും ശക്തമായ സമരത്തിലാണ്‌. ജാതിമത ഭേദമില്ലാതെ ജനങ്ങൾ പ്രക്ഷോഭത്തിൽ അണിനിരക്കുകയാണ്‌. ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഇടതുമുന്നണിക്ക്‌ കലവറയില്ലാത്ത പിന്തുണ നൽകുന്നുണ്ട്‌. ഇടതുമുന്നണിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്‌ അബദ്ധമായിപ്പോയെന്ന്‌ ഇപ്പോൾ ഭൂരിപക്ഷം ജനങ്ങളും കരുതുന്നു.

ബിപ്ലബ്‌ കുമാർ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്‌ പൗരത്വപ്രശ്‌നം കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. വംശീയ സംഘർഷത്തിലേക്ക്‌ നീങ്ങുന്ന ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യം നേരിടാനുള്ള പക്വതയോ പരിചയമോ സർക്കാരിനില്ല. അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചു ചേർക്കണമെന്ന പ്രതിപക്ഷ നേതാവ്‌ മണിക് സർക്കാരിന്റെ ആവശ്യം ചെവിക്കൊള്ളാൻ മുഖ്യമന്ത്രി തയ്യാറായില്ല. അമ്പരപ്പിക്കുന്ന വാഗ്‌ദാനങ്ങൾ നൽകി അധികാരത്തിലേറിയ ബിജെപി സഖ്യ സർക്കാരിനോടുള്ള ജനങ്ങളുടെ രോഷവും ഈ പ്രക്ഷോഭത്തിൽ പ്രതിഫലിക്കുന്നുണ്ട്‌.

കടുത്ത ഭരണകൂട ഭീകരതയെ അതിജീവിക്കാൻ ത്രിപുരയിലെ സിപിഐ എം പ്രവർത്തകർക്ക്‌ സാധിക്കുന്നുണ്ട്‌. ഇപ്പോഴും സിപിഐ എം പ്രവർത്തകർക്കെതിരായ അതിക്രമവും പാർടി ഓഫീസുകൾക്കെതിരെയുള്ള ആക്രമണങ്ങളും തുടരുകയാണ്‌. എങ്കിലും കടന്നാക്രമണങ്ങളെ ഒരു പരിധിവരെ ചെറുക്കാനും ജനങ്ങളെ അണിനിരത്താനും പാർട്ടിക്ക്‌ കഴിയുന്നുണ്ട്‌. ജനുവരി എട്ടിന്റെ പൊതുപണിമുടക്കിൽ ലക്ഷങ്ങൾ അണിചേർന്നത്‌ ത്രിപുരയിലെ സിപിഐ എം ഉയിർത്തെഴുന്നേൽക്കുന്നതിന്റെ തെളിവാണ്‌–- ഗൗതം ദാസ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top