30 September Wednesday

വലയ ഗ്രഹണവും ബുധ സംതരണവും

സാബു ജോസ്‌Updated: Thursday Nov 7, 2019


ഡിസംബർ 26ന്‌ നടക്കുന്ന വലയ സൂര്യ ഗ്രഹണം ചർച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്‌. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നാരംഭിച്ച്‌ മധ്യേഷ്യവരെ നീണ്ടുനിൽക്കുന്ന ഗ്രഹണപാത കേരളത്തിലൂടെയും കടന്നുപോകുന്നുണ്ട്‌. ഗ്രഹണത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കുക വയനാട്‌ ജില്ലയിലെ കൽപ്പറ്റയിലാണ്‌. രാവിലെ 9.27 മുതൽ 9.28വരെയാണ്‌ വലയ ഗ്രഹണത്തിന്റെ പീക്ക്‌ പോയിന്റ്‌. ഈ സമയം സൂര്യൻ ഒരു  മോതിരം പോലെ കാണപ്പെടും. രാവിലെ 8.05ന്‌ ആരംഭിക്കുന്ന ഗ്രഹണം 11.07വരെ നീണ്ടുനിൽക്കും. ജ്യോതിശാസ്‌ത്രജ്ഞർക്ക്‌ നിരവധി പഠനങ്ങൾക്കുള്ള അവസരമാണ്‌ ഓരോ ഗ്രഹണവും സമ്മാനിക്കുന്നത്‌. സാധാരണക്കാർക്ക്‌ അപൂർവമായ ഒരു ആകാശക്കാഴ്‌ചയും

ഗ്രഹണം ഉണ്ടാകുന്നത്‌
സൂര്യൻ‐ചന്ദ്രൻ‐ഭൂമി എന്ന രീതിയിൽ ഈ മൂന്ന്‌ ആകാശ ഗോളങ്ങളും നേർരേഖയിൽ ക്രമീകരണം സംഭവിക്കുമ്പോൾ  ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിക്കുന്ന പ്രദേശത്ത്‌ സൂര്യഗ്രഹണവും സൂര്യൻ‐ഭൂമി‐ചന്ദ്രൻ എന്ന രീതിയിൽ ക്രമീകരണം സംഭവിക്കുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്ന ഭാഗത്ത്‌ ചന്ദ്രഗ്രഹണവും നടക്കുന്നു. എല്ലാ അമാവാസി, പൗർണമി ദിവസങ്ങളിലും ഈ രീതിയിലാണ്‌ ഈ ആകാശഗോളങ്ങളുടെ ക്രമീകരണം ഉണ്ടാകുന്നത്‌. എന്നാൽ അപ്പോഴൊക്കെ ഗ്രഹണം ഉണ്ടാകാറില്ല. ഭൂമിക്ക്‌ ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണപഥവും സൂര്യന്‌ ചുറ്റുമുള്ള ഭൂമിയുടെ ഭ്രണപഥവും  തമ്മിൽ ഒരു നേരിയ ചെരിവുണ്ട്‌(5 ഡിഗ്രി 6 മിനിട്ട്‌) ഇക്കാരണത്താൽ രണ്ട്‌ ബിന്ദുക്കളിൽ(നോഡുകൾ) മാത്രമേ ഈ ഭ്രമണപഥങ്ങൾ കൂട്ടിമുട്ടുകയുള്ളൂ. ഈ നോഡുകളിൽ ചന്ദ്രൻ എത്തുമ്പോൾ  മാത്രമേ ഗ്രഹണം സംഭവിക്കുകയുള്ളൂ. വർഷത്തിൽ അഞ്ചു മുതൽ  ഏഴു വരെ സൂര്യഗ്രഹണങ്ങളും മൂന്നു മുതൽ അഞ്ചു വരെ ചന്ദ്രഗ്രഹണങ്ങളും ഉണ്ടാകാറുണ്ട്‌.


 

പൂർണ്ണ ഗ്രഹണം, ഭാഗിക ഗ്രഹണം,  വലയ ഗ്രഹണം
ചന്ദ്രന്റെ കടും നിഴൽ(അംബ്ര) ഭൂമിയിൽ പതിക്കുന്ന ഭാഗത്ത്‌ പൂർണ സൂര്യഗ്രഹണവും മങ്ങിയ നിഴൽ (പെനംബ്ര) പതിക്കുന്ന ഭാഗത്ത്‌ ഭാഗിക ഗ്രഹണവും ആണ്‌ ഉണ്ടാകുന്നത്‌. സൂര്യന്‌ ചുറ്റുമുള്ള  ഭൂമിയുടെ ഭ്രമണപഥം ദീർഘവൃത്താകാരമാണല്ലോ. ഭൂമി സൂര്യന്റെ ഏറ്റവും അടുത്തെത്തുമ്പോൾ(ഉപസൗരം) അവയ്‌ക്കിടയിലുള്ള ദൂരം 14 കോടി 64 ലക്ഷം കിലോമീറ്ററും അകലെയായിരിക്കുമ്പോൾ 15 കോടി 12 ലക്ഷം കിലോമീറ്ററും ആയിരിക്കും (അപസൗരം)  ഉപസൗരത്തിൽ ഗ്രഹണം നടക്കുമ്പോൾ ചന്ദ്രന്‌  സൂര്യനെ പൂർണമായി മറയ്‌ക്കാൻ കഴിയും. എന്നാൽ അപസൗരത്തിലാണ്‌ ഗ്രഹണം നടക്കുന്നതെങ്കിൽ ചന്ദ്രന്‌  സൂര്യനെ പൂർണമായി മറയ്‌ക്കാൻ കഴിയാതെ വരും. ഈ അവസ്ഥയിൽ സൂര്യൻ ഒരു സ്വർണവലയംപോലെ കാണപ്പെടും.  ഈ പ്രതിഭാസമാണ്‌. വലയ ഗ്രഹണം എന്നറിയപ്പെടുന്നത്‌.

ഗ്രഹണം, സംതരണം, താരാഗ്രഹണം
ഭൂമിയിലെ നിരീക്ഷകന്‌ ആപേക്ഷികമായി ചന്ദ്രൻ സൂര്യനെ മറയ്‌ക്കുന്നതിന്‌ ഗ്രഹണം(Eclipse) എന്നും ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ സൂര്യന്‌ മുന്നിലൂടെ കടന്നുപോകുന്നതിന്‌ സംതരണം (Transit) എന്നും അന്യഗ്രഹങ്ങൾ അവയുടെ മാതൃനക്ഷത്രത്തെ മറയ്‌ക്കുന്നതിന്‌ താരാഗ്രഹണം എന്നുമാണ്‌ വിളിക്കുന്ന്‌. 2019 നവംബർ11ന്‌ ബുധസംതരണം നടക്കുന്നുണ്ട്‌. ഇന്ത്യയിൽ നിന്ന്‌ ദൃശ്യമാകില്ല.

ഗ്രഹണ നിരീക്ഷണം
മറ്റേതൊരു സമയത്തുമെന്നതുപോലെ ഗ്രഹണ സമയത്തും നഗ്‌നനേത്രങ്ങൾ കൊണ്ട്‌ സൂര്യനെ നിരീക്ഷിക്കുന്നത്‌ അപകടമാണ്‌. സൂര്യപ്രകാശത്തിന്റെ കൂടെയുള്ള അൾട്രാവയലറ്റ്‌ രശ്‌മികൾ കണ്ണിന്റെ റെറ്റിനയിൽ പൊള്ളലേൽപ്പിക്കുകയും അന്ധതയ്‌ക്ക്‌ കാരണമാവുകയും ചെയ്യും. സ്വാഭാവികമായി അധികനേരം സൂര്യനെ നോക്കാൻ കഴിയില്ല. സൂര്യന്റെ തീവ്രപ്രകാശം കാരണം കണ്ണുകൾ അടഞ്ഞുപോവും. എന്നാൽ ഗ്രഹണസമയത്ത്‌ സൂര്യന്റെ ശോഭ കുറയുന്നതുകൊണ്ട്‌ കൂടുതൽ സമയം നോക്കിനിൽക്കാൻ കഴിയും. അപ്പോൾ അൾട്രാവയലറ്റ്‌ രശ്‌മികൾ നിർബാധം കണ്ണിലെത്തുകയും അപകടമുണ്ടാവുകയും ചെയ്യും. സൺഗ്ലാസ്സ്‌, ബൈനോക്കുലേഴ്‌സ്‌, ക്യാമറ, ടെലസ്‌ക്കോപ്പ്‌, എക്‌സ്‌‐റേ.ഫിലിം, പുകപിടിപ്പിച്ച ഗ്ലാസ്‌, കളർ ഫിലിം എന്നിവ ഉപയോഗിച്ചുള്ള ഗ്രഹണ നിരീക്ഷണവും സുരക്ഷിതമല്ല. സൂര്യബിംബത്തെ ഒരു പ്രതലത്തിലേക്ക്‌ പ്രതിഫലിപ്പിക്കുക, ഫിൽട്ടറുകൾ ഉപയോഗിക്കുന്ന കണ്ണടകൾ, ബൈനോക്കുലറുകൾ, ടെലസ്‌ക്കോപ്പുകൾ എന്നിവ വഴിയുള്ള നിരീക്ഷണമാണ്‌ സുരക്ഷിതം.

ഗ്രഹണം എന്ന നിഴൽ നാടകം‐ഗ്രഹണവും വിശ്വാസവും
പ്രപഞ്ചത്തിലെ ഒരു നിഴൽ നാടകം മാത്രമാണ്‌ ഗ്രഹണം. ഗ്രഹണം നിരീക്ഷിക്കാം. പുറത്തിറങ്ങി നടക്കാം. ജോലികൾ ചെയ്യാം. ഭക്ഷണം കഴിക്കാം. ഒരുതരത്തിലുള്ള അപകടവും ഗ്രഹണംവഴി ഉണ്ടാകില്ല. എന്നാൽ ഗ്രഹണത്തെ ഒരു ഭീകര അവസ്ഥയായി ചിത്രീകരിച്ച്‌ ജനങ്ങളെ ഭയപ്പെടുത്തുന്ന ചിലർ ഇപ്പോഴുമുണ്ട്‌. ഇത്‌ അന്ധവിശ്വാസം മാത്രമാണ്‌. 

ബുധസംതരണം
(Transit of Mercury)

നവംബർ 11ന്‌ ബുധൻ സൂര്യബിംബത്തിന്‌ മുന്നിലൂടെ ഒരു കറുത്ത പൊട്ടുപോലെ കടന്നുപോകുന്ന മനോഹര ദൃശ്യം ഭൂമിയിൽ നിന്ന്‌ കാണാൻ കഴിയും. ഉച്ചയ്‌ക്ക്‌ 12.35ന്‌ ആരംഭിക്കുന്ന ബു‌ധസംതരണം വൈകിട്ട്‌ 6.04വരെ നീണ്ടുനിൽക്കും. നിർഭാഗ്യവശാൽ ബുധസംതരണം ഇന്ത്യയിൽ ദൃശ്യമാവില്ല. സംതരണപാത ഇന്ത്യയിലെത്തുന്നത്‌  വൈകിട്ട്‌ 6.04ന്‌ ആണ്‌. ചെന്നൈയിൽ നിന്ന്‌ ഒരു സെക്കന്റ്‌ മാത്രമാണ്‌  ദൃശ്യം ലഭിക്കുക.

ചന്ദ്രനും ഭൂമിയും സൂര്യനെ മറയ്‌ക്കുന്നതിനാണ്‌ ഗ്രഹണം എന്ന്‌ പറയുന്നത്‌. എന്നാൽ ഭൂമിയിലെ  നിരീക്ഷകന്‌ ആപേക്ഷികമായി ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ സൂര്യന്‌ മുന്നിലൂടെ കടന്നുപോകുന്ന പ്രതിഭാസത്തിനാണ്‌ സംതരണം എന്ന്‌ പറയുന്നത്‌. സംതരണം  ജ്യോതിശാസ്‌ത്ര മേഖലയിൽ വളരെ പ്രധാനമാണ്‌. സംതരണം നടക്കുന്ന അവസരത്തിൽ നക്ഷത്രത്തിന്റെ മുന്നിൽകൂടി സഞ്ചരിക്കുന്ന ഗ്രഹത്തിന്റെ വലിപ്പം, മാസ്‌, അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകൾ എന്നിവയെക്കുറിച്ച്‌ പഠനം നടത്താൻ കഴിയും. മറ്റ്‌ നക്ഷത്രങ്ങളിൽ നടക്കുന്ന സംതരണം അടിസ്ഥാനമാക്കിയാണ്‌ കെപ്ലർ സ്‌പേസ്‌ ക്രാഫ്‌റ്റ്‌ ആയിരത്തിൽപ്പരം ഭൗമ സമാന‐വാസയോഗ്യ ഗ്രഹങ്ങളെ കണ്ടെത്തിയത്‌.

ഗ്രഹണത്തിന്റെ ശാസ്‌ത്രം
സൗരോപരിതലത്തിന്റെ മൂന്ന്‌ മണ്ഡലങ്ങളാണ്‌ ‐ ഫോട്ടോസ്‌ഫിയർ എന്ന പ്രഭാ മണ്ഡലം, ക്രോമോസ്‌ഫിയർ എന്ന വർണമണ്ഡലം, കൊറോണ എന്ന അന്തരീക്ഷം എന്നിവ. സാധാരണയായി സൂര്യന്റെ ഫോട്ടോസ്‌ഫിയർ മാത്രമേ ദൃശ്യമാവുകയുള്ളൂ. എന്നാൽ ഗ്രഹണസമയത്ത്‌ സൂര്യന്റെ ശോഭ തടയപ്പെടുന്നതുകൊണ്ട്‌  ക്രോമോസ്‌ഫിയറും കൊറോണയും ദൃശ്യമാകും. സൗരയൂഥത്തിന്റെ ആകെ കാലാവസ്ഥയും ഭൂമിയുടെ കാലാവസ്ഥയും നിർണയിക്കുന്നതിൽ കൊറോണയിലെയും ക്രോമോസ്‌ഫിയറിലെയും വാതക പ്രവാഹങ്ങൾക്ക്‌ മുഖ്യ പങ്കാണുള്ളത്‌. സൗരവാതങ്ങൾ, കൊറോണൽമാസ്‌ ഇജക്ഷൻ തുടങ്ങിയ സൗര പ്രതിഭാസങ്ങളെക്കുറിച്ച്‌ പഠിക്കുന്ന സൗര്യശാസ്‌ത്രജ്ഞർക്ക്‌ ഓരോ സൂര്യഗ്രഹണവും പുതിയ പാഠങ്ങളായിരിക്കും നൽകുന്നത്‌. ഭൂമിയുടെ കാന്തികമണ്ഡലത്തെ ആക്രമിക്കുന്ന ചാർജിത കണങ്ങളുടെ ഉറവിടംകൂടിയാണ്‌ കൊറോണ. വാർത്താവിനിമയ ഉപഗ്രഹ ശൃംഖലയുടെയും വൈദ്യുതി വിതരണ ഗ്രിഡുകളുടെയും പ്രവർത്തനത്തെ സൗരവാതകങ്ങൾ  പ്രതികൂലമായി ബാധിക്കാറുണ്ട്‌. കൂടാതെ സൂര്യന്‌ പിന്നിലുള്ള നക്ഷത്രങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിനും ഈ അവസരം ശാസ്‌ത്രജ്ഞർ ഉപയോഗപ്പെടുത്താറുണ്ട്‌.
 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top