16 April Friday
ഭീഷണിമുഴക്കി ആർഎസ്‌എസ്‌ ബിജെപി പ്രവർത്തകരും പൊലീസും

അടിച്ചിറക്കാന്‍ പൊലീസ്‌, ചെറുത്ത്‌ കർഷകർ

എം പ്രശാന്ത്‌Updated: Thursday Jan 28, 2021


ന്യൂഡൽഹി
റിപ്പബ്ലിക് ദിനത്തിലെ അനിഷ്ടസംഭവങ്ങളുടെ മറവിൽ സമരകേന്ദ്രത്തില്‍ നിന്നും അട്ടിപ്പായിക്കാനുള്ള നീക്കം ചെറുത്തുതോല്‍പ്പിച്ച് കര്‍ഷകര്‍. യുപി–- ഡൽഹി അതിർത്തിയായ ഗാസിപുരിലെ സമരകേന്ദ്രം ബലമായി ഒഴിപ്പിക്കാനുള്ള ജില്ലാ അധികൃതരുടെയും പൊലീസിന്റെയും ശ്രമം കര്‍ഷകഐക്യത്തിനു മുന്നില്‍ പൊളിഞ്ഞു. കിസാൻസഭയുടെയും ഭാരതീയ കിസാൻ യൂണിയന്റെയും പ്രവർത്തകരെയും നേതാക്കളെയും ബലമായി നീക്കാന്‍‌  കലക്ടറും ഡിസിപിയും അടക്കമുള്ള സംഘം സമരവേദിയിലേക്ക്‌  ഇരച്ചുകയറിയെങ്കിലും കർഷകർ ചെറുത്തു. വെടിവച്ചാലും പിന്മാറില്ലെന്ന്‌ കിസാൻസഭാ വൈസ്‌പ്രസിഡന്റ്‌ കെ കെ രാഗേഷ്‌ എംപിയും ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്തും പ്രഖ്യാപിച്ചതോടെ കലക്ടർക്കും പൊലീസ്‌ സംഘത്തിനും പിൻവാങ്ങേണ്ടിവന്നു. കർഷകരെ ഒഴിപ്പിക്കാൻ വേദിയിലെത്തിയ ബിജെപി എംഎൽഎയെയും കൂട്ടാളികളെയും പ്രക്ഷോഭകർ ആട്ടിപ്പായിച്ചു.

ഡൽഹി അതിർത്തികളിലെ കർഷക സമരകേന്ദ്രങ്ങൾ പൊളിച്ചുനീക്കാൻ ബുധനാഴ്‌ച രാത്രിമുതൽ അധികൃതർ ശ്രമം തുടങ്ങി. ആർഎസ്‌എസ്‌–- ബിജെപി പ്രവർത്തകരും കർഷകരെ ഭീഷണിപ്പെടുത്തി പൊലീസിനൊപ്പം ചേർന്നു. വ്യാഴാഴ്‌ച പുലർച്ചയോടെ പൽവലിലെ സമരകേന്ദ്രത്തിൽനിന്ന്‌ കർഷകരെ പൊലീസും സംഘപരിവാറും ബലമായി നീക്കി. പൽവൽ സമരകേന്ദ്രത്തിൽ നൂറിൽ താഴെ കർഷകർ മാത്രമാണുണ്ടായിരുന്നത്‌. നൂറുകണക്കിന്‌ പൊലീസുകാരെത്തി ഇവരെ നീക്കി.
സിൻഘുവിലും ടിക്രിയിലും സംഘപരിവാറുകാര്‍ കർഷകർക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തി. പ്രകോപനത്തിന്‌ പരമാവധി ശ്രമിച്ചെങ്കിലും കർഷകർ സംയമനം പാലിച്ചു.

ഗാസിപുരിലെ സമരകേന്ദ്രത്തിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. ‌ രാത്രിയോടെ ഒഴിയണമെന്ന്‌ കലക്ടർ നിർദേശിച്ചു. ബലമായി ഒഴിപ്പിക്കാനുള്ള നീക്കമറിഞ്ഞ്‌ കിസാൻസഭാ പ്രസിഡന്റ്‌ അശോക്‌ ധാവ്‌ളെ, ജനറൽ സെക്രട്ടറി ഹനൻ മൊള്ള, ജോയിന്റ്‌ സെക്രട്ടറിമാരായ വിജൂ കൃഷ്‌ണൻ, കെ കെ രാഗേഷ്‌ എംപി, ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ എന്നിവർ എത്തി. ഗാസിപുരിലെ സമരത്തിന്‌ നേതൃത്വം നൽകുന്ന ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്തുമായി ചർച്ച നടത്തി. സ്വയം ഒഴിയില്ലെന്നും പൊലീസ്‌ ബലപ്രയോഗത്തിലൂടെ അറസ്‌റ്റുചെയ്‌തു നീക്കട്ടെയെന്നും നേതാക്കൾ തീരുമാനമെടുത്തു.

വൈകിട്ടോടെ സായുധരായ വലിയസംഘം അർധസേനയും പൊലീസുമെത്തി വളഞ്ഞു. ഡൽഹി–- മീറത്ത്‌ ദേശീയപാതയുടെ ഇരുഭാഗവും പൊലീസ്‌ ഉപരോധിച്ചതോടെ ഗതാഗതം സ്‌തംഭിച്ചു. ഗാസിപുരിലേക്കുള്ള മറ്റ്‌ റോഡുകളും അടച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു.  സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ബിജെപിക്കാരുമെത്തി.  രാത്രി വൈകിയും ഗാസിപുരിൽ സംഘർഷസ്ഥിതി തുടരുകയാണ്‌. രാജ്യസഭാംഗം ബിനോയ്‌ വിശ്വവും സമരസ്ഥലത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top