ന്യൂഡൽഹി> ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഒരു കൂട്ടാളിയായി കാത്തിരുന്ന മിനിമൂൺ ഇന്നെത്തും. താത്കാലികമായി എത്തുന്ന ഈ ഛിന്നഗ്രഹം ഇന്ന് മുതൽ നവംബർ 25 വരെ രണ്ട് മാസക്കാലത്തേക്കാണ് ചന്ദ്രനോടൊപ്പം ഉണ്ടാകുക.
ചന്ദ്രനേക്കാളു 350,000 മടങ്ങ് ചെറുതാണ് ഛിന്നഗ്രഹം. അതിനാൽ തന്നെ നഗ്നനേത്രങ്ങൾകൊണ്ട് ചന്ദ്രന്റെ ഈ പുതിയകൂട്ടാളിയെ ദൃശ്യമാകില്ല. എന്നാൽ പ്രത്യേക ദൂരദർശിനികൾ വച്ച് നോക്കിയാൽ പുലർച്ചെ 1.30ന് ശേഷം ഛിന്നഗ്രഹത്തെ കാണാൻ സാധിക്കുമെന്നാണ് ശാസ്ജ്ഞർ പറയുന്നത്.
ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിൽ അകപ്പെടുന്ന ഛിന്നഗ്രഹത്തിന് 10 മീറ്റർ (33 അടി) മാത്രം വ്യാസമാണുള്ളത്. യൂണിവേഴ്‌സിഡാഡ് കോംപ്ലൂട്ടൻസ് ഡി മാഡ്രിഡിൽ നിന്നുള്ള ഗവേഷകരായ കാർലോസ് ഡി ലാ ഫ്യൂന്റ മാർക്കോസിന്റെയും റൗൾ ഡി ലാ ഫ്യൂന്റ മാർക്കോസിന്യെും പഠനത്തിലാണ് ഛിന്നഗ്രഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് പറയുന്നത്.
2024 PT5 എന്ന ഈ ഛിന്നഗ്രഹത്തിനെ കണ്ടെത്തിയത് നാസയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആസ്ട്രോയിഡ് ടെറസ്ട്രിയൽ ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റമാണ് (ATLAS). ഛിന്നഗ്രഹത്തെ പറ്റി മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്.
ഛിന്നഗ്രഹങ്ങൾ ഭൂമിയെ വലംവെക്കുന്ന പ്രതിഭാസങ്ങൾ ഇതിനു മുമ്പും സംഭവിച്ചിട്ടുണ്ട്. 1981, 2006, 2022 വർഷങ്ങളിൽ ഭൂമിയുടെ ഗുരുത്വാകർഷണബലത്തിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2006ൽ ഭൂമിയുടെ ഗുരുത്വാകർഷണത്താൽ പിടിച്ചെടുക്കപ്പെട്ട ഒരു ഛിന്നഗ്രഹം ഒരു വർഷം ഭൂമിയെ വലം വെച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..