27 May Wednesday

ഒളിമ്പിക്‌സ്‌ വിളിക്കുന്നു

എ എൻ രവീന്ദ്രദാസ്Updated: Thursday Feb 27, 2020

ഇതാ, വിശ്വകായികമേളയെ വരവേൽക്കാം. സിറ്റിയുസ്‌ (കൂടുതൽ വേഗത്തിൽ), അൽറ്റിയുസ്‌ (കൂടുതൽ ഉയരത്തിൽ), ഫോർറ്റിയുസ്‌ (കൂടുതൽ ശക്തിയിൽ) എന്നീ മൂന്ന്‌ ലാറ്റിൻ വാക്കുകൾ ഉൾക്കൊള്ളുന്നതാണ്‌ ഒളിമ്പിക്‌സിന്റെ സത്ത. പ്രതിഭാശേഷിയുടെ തിളങ്ങുന്ന അടയാളപ്പെടുത്തലുകൾക്ക്‌ കായികതാരങ്ങളെ എന്നും പ്രലോഭിപ്പിക്കുന്ന മുദ്രാവാക്യം. ബിസി 776 മുതൽ എഡി 393 വരെ ഗ്രീക്കുകാർ പൗരാണിക ഒളിമ്പിക്‌സ്‌ സംഘടിപ്പിച്ചത്‌ ഈ മുദ്രാവാക്യത്തെ മുൻനിർത്തിയാണ്‌.

ഉറച്ച ലക്ഷ്യബോധത്തിന്റെ കഥ. ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ചരിത്രം. ചേരിതിരിവുകളുടെ ചൂളയിൽ വിറങ്ങലിച്ചുപോയ കഥ. അങ്ങനെ സംഭവബഹുലമായ നൂറ്റാണ്ടുകളെ പിന്നിട്ടാണ്‌ സാർവദേശീയ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയായുള്ള ഒളിമ്പിക്‌ പ്രസ്ഥാനം അതിന്റെ ഏറ്റവും പുതിയ പതിപ്പിനായി ടോക്യോയിൽ മിഴിതുറക്കുന്നത്‌.

ഒളിമ്പിക്‌സ്‌ ഒരു മഹാപ്രവാഹമാകുന്നു. മനുഷ്യന്റെ കായികമായ കഴിവുകൾക്ക്‌ അതിർവരമ്പുകൾ പ്രഖ്യാപിച്ചതിനെ തട്ടിത്തകർക്കാനും വികസ്വരമാക്കാനും വീണ്ടും വെട്ടിപ്പിടിക്കാനുമുള്ള അടങ്ങാത്ത മോഹത്തിന്റെയും പോരാട്ടവീറിന്റെയും ദീപ്‌തിമത്തായ സ്‌മരണകളുണർത്തിയാണ്‌ ഓരോ വിശ്വകായികമേളയും കടന്നുവരുന്നത്‌.

ചരിത്രത്തിന്റെ ദലങ്ങൾ ഇറുത്തുമാറ്റി നോക്കിയാൽ ഒളിമ്പിക്‌സിന്റെ ഉത്ഭവം പൗരാണിക ഗ്രീസിലാണെന്നുകാണാം. ആ മേളകളും കാലഘട്ടവും നമുക്കിന്ന്‌ സങ്കൽപ്പിക്കാവുന്നതിൽനിന്നൊക്കെ എത്രയോ അകലെയാണ്‌. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും കേന്ദ്രമായിരുന്നു പൗരാണിക ഗ്രീസ്‌. മുന്തിരിത്തോപ്പുകളും ഒലീവ്‌ മരങ്ങളും നിറഞ്ഞ സസ്യശ്യാമളമായ ഒളിമ്പിയ താഴ്‌വരയിൽ നാലുവർഷത്തിലൊരിക്കൽ യവനർ ഒത്തുകൂടിയിരുന്നു. ഓരോ തവണ സംഗമിക്കുമ്പോഴും കായികമത്സരങ്ങൾ നടത്തി കരുത്ത്‌ പ്രദർശിപ്പിക്കുന്നത്‌ മതപരമായ ഒരു കർമമായാണ്‌ യവനർ കരുതിയിരുന്നത്‌. അങ്ങനെ മത്സരങ്ങളുണ്ടായി. ഒളിമ്പ്യാഡ്‌ യവനർക്ക്‌ ഒരു കാലഘട്ടമായിരുന്നു. അവർ കാലത്തെ ഗണിച്ചിരുന്നത്‌ വർഷങ്ങളായിട്ടായിരുന്നില്ല. ഒളിമ്പ്യാഡുകളായിട്ടായിരുന്നു. അങ്ങനെ ഒളിമ്പിയ താഴ്‌വരയിൽ ഓരോ ഒളിമ്പ്യാഡിന്റെയും അന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ ഒളിമ്പിക്‌ മത്സരങ്ങൾ എന്നറിയപ്പെട്ടു. ബിസി 776ൽ നടന്നതെന്ന്‌ കരുതുന്ന ആദ്യ ഒളിമ്പിക്‌സിന്റെ രോമാഞ്ചം പിൽക്കാല തലമുറയുടെ മനസ്സിൽ കൊണ്ടെത്തിച്ചത്‌ അപ്പോളണിയസ്‌ എന്ന ചരിത്രകാരനാണ്‌.

‘സ്‌റ്റേഡ്‌റേസ്‌’ അല്ലെങ്കിൽ ‘ഫുട്ട്‌റേസ്‌’ എന്ന ഒറ്റ ഇനമായ 180 മീറ്റർ മത്സരയോട്ടത്തിലെ വിജയിയായത്‌ എലീസിലെ ഒരു പാചകക്കാരനായ കൊറോബസായിരുന്നു. പ്രാചീന ഒളിമ്പിക്‌സ്‌ ആയിരത്തിലേറെ വർഷം തുടർന്നു. ബിസി രണ്ടാം നൂറ്റാണ്ടിൽ ഗ്രീസ്‌ ആക്രമിച്ച റോമാക്കാർ ഒളിമ്പിക്‌ ഗെയിംസിന്റെ നിയമാവലിയും വിശുദ്ധിയും തകർത്തുകളഞ്ഞു. കാലപ്രവാഹത്തിൽ ഒളിമ്പിക്‌ മത്സരങ്ങൾ മൃഗീയതയുടെയും ചതിയുടെയും രക്തദാഹത്തിന്റെയും ധനമോഹത്തിന്റെയും പ്രതീകമായി മാറി. അങ്ങനെ മലീമസമാക്കപ്പെട്ട ഒളിമ്പിക്‌സ്‌ ഗെയിംസ്‌ എഡി 394ൽ റോമൻ ചക്രവർത്തി തിയോഡോഷ്യസ്‌ രേഖാമൂലം  നിരോധിച്ചു. ഒടുവിൽ ഭൂകമ്പവും പ്രളയവും ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ മനോഹരങ്ങളായ സ്‌മാരകങ്ങളെപ്പോലും തുടച്ചുനീക്കി.

അങ്ങനെ എന്നേക്കുമായി അസ്‌തമിച്ചെന്ന്‌ കരുതിയ ഒളിമ്പിക്‌സിനെ 1986ൽ ഫ്രഞ്ചുകാരനായ ക്യുബർത്തിൻ പ്രഭു പുനരുജ്ജീവിപ്പിച്ചു. മുഴുവൻ ലോകത്തെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രഭാവലയത്തിലാക്കുന്ന ‘ഇക്കേഷിറിയ’യുടെ (സമാധാനകാലം) 17 നാളുകളാണ്‌ ടോക്യോയിൽ ഇനി പൂത്താലമൊരുക്കി ലോകത്തിന്‌ കാഴ്‌ചവയ്‌ക്കുന്നത്‌... കാത്തിരിക്കാം.


പ്രധാന വാർത്തകൾ
 Top