14 June Monday

ചരിത്രമെഴുതി തൊഹാന

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021


ന്യൂഡൽഹി
കാർഷികനിയമങ്ങൾക്കെതിരെ രാജ്യമെമ്പാടും ഇരമ്പുന്ന പ്രക്ഷോഭങ്ങളില്‍ ഉജ്വല അനുഭവമായി  ഹരിയാനയിലെ തൊഹാന. കള്ളക്കേസില്‍ അറസ്റ്റ്‌ ചെയ്യപ്പെട്ട മൂന്ന്‌ കർഷകനേതാക്കളുടെ മോചനം സാധ്യമാക്കിയത്‌ സ്‌ത്രീകൾ അടക്കം ആയിരക്കണക്കിനു കർഷകരുടെ മൂന്നുദിവസം നീണ്ട രാപ്പകൽ സ്‌റ്റേഷൻ ഉപരോധം. നാട് അകമഴിഞ്ഞ പിന്തുണയുമായെത്തിയത് പോരാട്ടത്തിന്റെ ജനകീയത വിളിച്ചോതി.

വധശ്രമം ഉൾപ്പെടെ ചുമത്തപ്പെട്ട് അറസ്റ്റിലായ രവി ആസാദ്‌, വികാസ്‌ സിസർ, മഖൻ സിങ്‌ എന്നിവരുടെ മോചനത്തിനായി അഞ്ചിനാണ്‌ തൊഹാന പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചുതുടങ്ങിയത്. കർഷകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള അധികാരികളുടെ ശ്രമം വിഫലമായി. അയൽജില്ലകളിൽനിന്നടക്കം കർഷകർ കുതിച്ചെത്തി. സംയുക്ത കിസാൻ മോർച്ചയുടെ ദേശീയഭാരവാഹികളും സ്ഥലത്തെത്തി. എല്ലാവരെയും അറസ്റ്റ്‌ ചെയ്യണമെന്ന്‌ പ്രക്ഷോഭകർ ആവശ്യപ്പെട്ടു. രാത്രിയോടെ പന്തൽകെട്ടി സമരം തുടർന്നു. പല കുടുംബങ്ങളിൽനിന്നും എല്ലാവരും സമരത്തിന്‌ എത്തിയതോടെ വളർത്തുമൃഗങ്ങളെയും കൊണ്ടുവന്നു. സമരത്തിന്റെ ജനപിന്തുണ ഏറിയതോടെ  ഉന്നതർ ഇടപെട്ടു. വധശ്രമക്കേസ്‌ പിൻവലിക്കുന്നതായി സർക്കാർ കോടതിയിൽ റിപ്പോർട്ട്‌ നൽകി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾമാത്രം ബാക്കിയായതോടെ നേതാക്കളെ വിട്ടയച്ചു. ഇവയും പിൻവലിക്കുമെന്ന്‌ സർക്കാർ രേഖാമൂലം ഉറപ്പ്‌ നൽകി.

അഖിലേന്ത്യാ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌, സംയുക്ത മോർച്ച നേതാക്കളായ യോഗേന്ദ്ര യാദവ്‌, രാകേഷ്‌ ടിക്കായത്‌, ഗുർണാംസിങ്‌ ചഡൂനി, ജോഗീന്ദർസിങ്‌ ഉഗ്രഹാൻ എന്നിവർ സമരത്തിന്‌ നേതൃത്വം നൽകി.ഹരിയാനയില്‍ ബിജെപി, ജെജെപി നേതാക്കൾക്ക് കര്‍ഷകര്‍ സാമൂഹ്യ ബഹിഷ്‌കരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ജമീന്ദാർ സംവിധാനം നിരോധിച്ചതിന്റെ പേരിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ബന്ദ സിങ്‌ ബഹാദൂറിന്റെ രക്തസാക്ഷിദിനം ബുധനാഴ്‌ച കർഷകർ ആചരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top